Connect with us

International

പ്രവാചകനിന്ദ: വധശിക്ഷ പാക് കോടതി ശരിവെച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പ്രവാചക നിന്ദയെ തുടര്‍ന്ന് ക്രിസ്ത്യന്‍ യുവതിക്ക് മേല്‍ ചുമത്തിയിരുന്ന വധ ശിക്ഷ പാക് കോടതി ശരിവെച്ചു. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് മക്കളുടെ മാതാവായ ആസിയ ബീബി എന്ന അമ്പതുകാരിക്കാണ് നേരത്തെ കോടതി പ്രവാചകനിന്ദയുടെ പേരില്‍ വധശിക്ഷ വിധിച്ചിരുന്നത്. ലാഹോര്‍ ഹൈക്കോടതിയില്‍ ഇവര്‍ അപ്പീല്‍ നല്‍കിയിരുന്നു. പക്ഷേ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി, ഇവരുടെ അപ്പീല്‍ നിരസിച്ചു. നേരത്തെ ഇവരെ പിന്തുണച്ചെത്തിയ രണ്ട് രാഷ്ട്രീയ നേതാക്കള്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം അടുത്ത അപ്പീല്‍ നല്‍കാന്‍ മുപ്പത് ദിവസത്തെ സമയമുണ്ടെന്നും സുപ്രീം കോടതിയെ സമീപിച്ച് നീതിക്ക് വേണ്ടി ശ്രമം നടത്തുമെന്നും ഇവരുടെ അഭിഭാഷകന്‍ സര്‍ദാര്‍ മുശ്താഖ് ചൂണ്ടിക്കാട്ടി.
പ്രവാചക നിന്ദക്കെതിരെ കടുത്ത ശിക്ഷ ശിപാര്‍ശ ചെയ്യുന്ന നിയമത്തിനെതിരെ 2011ല്‍ രംഗത്തെത്തിയ രണ്ട് രാഷ്ട്രീയ നേതാക്കള്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷമന്ത്രി ശഹ്ബാസ് ഭാട്ടി, കിഴക്കന്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബീബീയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് തസീര്‍ ഇസ്‌ലാമാബാദില്‍ പോലീസ് ഗാര്‍ഡിന്റെ വെടിയേറ്റ് മരിച്ചത്. ഇതിന് മാസങ്ങള്‍ക്ക് ശേഷം പാക് താലിബാന്‍കാര്‍ ഭാട്ടിയെയും വകവരുത്തി.