Connect with us

Gulf

നഗരസഭക്ക് ജൈറ്റെക്‌സ് പുരസ്‌കാരം

Published

|

Last Updated

ദുബൈ: ക്ലൗഡ് കംപ്യൂട്ടിംഗ് സൊലൂഷ്യന്‍സ് വിഭാഗത്തില്‍ ദുബൈ നഗരസഭ സാങ്കേതിക വിഭാഗത്തിന് ജൈറ്റെക്‌സ് അവാര്‍ഡ്. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന യു എ ഇയിലെ ആദ്യ സര്‍ക്കാര്‍ വകുപ്പാണ് നഗരസഭയിലെ സാങ്കേതിക വിഭാഗം. നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത, ഐടി വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാഫിനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. നഗരസഭയുടെ എല്ലാ ഓഫിസുകളിലും ക്ലൗഡ് പ്രിന്റിംഗ് സംവിധാനം നടപ്പാക്കിയതാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
പ്രവര്‍ത്തന ചെലവ് 40 ശതമാനവും കാര്‍ബണ്‍ പുറത്തേക്കു വിടുന്നത് 30 ശതമാനവും കുറക്കാനും പുതിയ സംവിധാനം വഴി കഴിയും. പ്രിന്റിംഗ്, സ്‌കാനിംഗ്, ഫോട്ടോകോപ്പിയിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറക്കാനും ഇതുവഴി കഴിഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. കടലാസിന്റെയും മഷിയുടെയും പുനരുപയോഗം, വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും രേഖകളുടെ പകര്‍പ്പ് എടുത്തവരെ കണ്ടെത്താനുമുള്ള സംവിധാനം തുടങ്ങിയവയും പുതിയ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്.
ദുബൈ നഗരസഭ ഓഫിസിലെ ഏത് പ്രിന്ററും ജീവനക്കാര്‍ക്ക് എവിടെ നിന്നും ഉപയോഗിക്കാമെങ്കിലും പ്രിന്റിംഗ്, സ്‌കാനിംഗ്, പകര്‍പ്പെടുക്കല്‍ എന്നിവയെല്ലാം ഐടി വകുപ്പ് നേരിട്ട് നിരീക്ഷിക്കും. പ്രിന്ററുകള്‍ ദുരുപയോഗം ചെയ്യുന്നതും ഇതുവഴി തടയാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Latest