Connect with us

Gulf

സ്‌കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Published

|

Last Updated

ഷാര്‍ജ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പഞ്ചാബ് സ്വദേശിയായ ഹര്‍ജബ് കൗറി (14) നെയാണ് ഖാസിമിയ്യയിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ അരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം സ്‌കൂള്‍വിട്ട് ബസില്‍ അജ്മാനിലെ താമസ സ്ഥലത്തിനടുത്ത് ഇറങ്ങിയ പെണ്‍കുട്ടി എങ്ങിനെ ഷാര്‍ജയിലെത്തിയെന്നത് ദുരൂഹത ഉണര്‍ത്തുന്നു. കുട്ടി ബസില്‍ കയറുന്നതും അജ്മാനില്‍ ഇറങ്ങുന്നതും ബസിന്റെ സി സി ടി വിയില്‍ വ്യക്തമാണ്. കുട്ടി വീട്ടില്‍ എത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ സ്‌കൂളില്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. സ്‌കൂളധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു.
ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ അന്വേഷണം നടത്തുന്നു. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് മൃതദേഹം തൊട്ടടുത്ത് താമസിക്കുന്നവര്‍ കണ്ടത്. അജ്മാനില്‍ താമസിക്കുന്ന ഹര്‍ജബ് കൗര്‍ ഉച്ചക്ക് ഒന്നേ മുക്കാലോടെ താമസിക്കുന്ന കെട്ടിടത്തിന് മുന്‍പില്‍ ബസിറങ്ങുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നീട് കുട്ടി ഷാര്‍ജയിലെ മെഗാ മാളിലുമെത്തിയതായും തിരിച്ചറിഞ്ഞു. ഇവിടേക്ക് ടാക്‌സിയിലാണ് യാത്ര ചെയ്തത്.
ടാക്‌സിക്കൂലി കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഒരു സ്വര്‍ണ കമ്മല്‍ ഊരി ഡ്രൈവര്‍ക്ക് നല്‍കുകയായിരുന്നുവത്രെ. വൈകുന്നേരം നാലിന് തന്റെ മാതാവിനെ വിളിച്ച് കമ്മല്‍ തിരിച്ചു നല്‍കിയാല്‍ ടാക്‌സിക്കൂലി ലഭിക്കുമെന്നും കുട്ടി ഡ്രൈവറോട് പറഞ്ഞിരുന്നു.
മെഗാമാളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കെട്ടിടം. ഇവിടെ ഇതേ സ്‌കൂളിലെ ഒരു അധ്യാപിക താമസിക്കുന്ന ഫ്‌ളാറ്റിന്റെ ബാല്‍ക്കണിക്കരികിലെ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest