Connect with us

Thrissur

എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 4.05 കോടി അനുവദിച്ചു

Published

|

Last Updated

തൃശൂര്‍: എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആദ്യപദ്ധതികള്‍ക്കായി 4.05 കോടി രൂപ അനുവദിച്ചതായി സി എന്‍ ജയദേവന്‍ എം പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 101 പ്രൊജക്ടുകള്‍ക്കാണ് ഈ തുക. പ്രൊജക്ടുകള്‍ക്ക് വേഗത്തില്‍ ഭരണാനുമതി നല്‍കണമെന്ന് ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എം പി അറിയിച്ചു.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ 69.6 ലക്ഷവും, പുതുക്കാട് 68 ലക്ഷവും, ഇരിങ്ങാലക്കുടക്ക് 6705 ലക്ഷവും, മണലൂരില്‍ 62.35 ലക്ഷവും, നാട്ടികയില്‍ 48.6 ലക്ഷവും, ഒല്ലൂരില്‍ 47 ലക്ഷവും, തൃശൂരില്‍ 42.24 ലക്ഷവുമാണ് അനുവദിച്ചത്. വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കിയാണ് ആദ്യ പദ്ധതികള്‍. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ആശുപത്രികള്‍ക്കും കെട്ടിടങ്ങള്‍ പണിയുന്നതിനും സ്മാര്‍ട്ട് ക്ലാസ്‌റൂം, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവക്കും പണം അനുവദിച്ചു. ഗ്രാമീണ റോഡുകള്‍, കാനകള്‍, കുടിവെള്ള പദ്ധതികള്‍, റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതികള്‍, മാലിന്യ സംസ്‌ക്കരണ- ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ ആദ്യ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്മാര്‍ട്ട് റൂമുകള്‍ പണിയുന്നതിന് 10.5 ലക്ഷവും വിവിധ സ്‌കൂളുകളിലേക്ക് കമ്പ്യുട്ടറുകള്‍ വാങ്ങുന്നതിന് 44.85 ലക്ഷവും, സ്‌കൂള്‍- കോളജ്- ആശുപത്രി വികസനത്തിനായി 110.65 ലക്ഷം രൂപയും അനുവദിച്ചു.
72.05 ലക്ഷം രൂപ ഗ്രാമീണ റോഡുകള്‍ക്കും, 12 ലക്ഷം രൂപ കാര്‍ഷിക മേഖലക്കും ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുണ്ട്. കാന നിര്‍മാണത്തിനായി ഏഴ് ലക്ഷം രൂപയും, കുടിവെള്ള പദ്ധതികള്‍ക്ക് 41 ലക്ഷവും, പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി 63.8 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
പട്ടികജാതി വിഭാഗത്തില്‍ 32.5 ലക്ഷം രൂപയും, കോളനി റോഡ് നിര്‍മാണത്തിനും കുടിവെള്ള പദ്ധതികള്‍ക്കുമായി 29 ലക്ഷവും, കോളനികളിലെ അങ്കണ്‍വാടി, കമ്മ്യൂനിറ്റി ഹാള്‍ എന്നിവക്കായി 24 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
പട്ടികവര്‍ഗ മേഖലയിലെ റോഡുകള്‍ക്കും കെട്ടിട നിര്‍മാണത്തിനുമായി 23 ലക്ഷം രൂപയും അനുവദിച്ചു. ചികിത്സാ -ദുരിതാശ്വാസ സഹായത്തിനായി 18 പേര്‍ക്ക് 38.75 ലക്ഷം രൂപ ചെലവഴിച്ചതായും എം പി അറിയിച്ചു.

Latest