Connect with us

Eranakulam

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: കേരളം ഒരുക്കം തുടങ്ങി

Published

|

Last Updated

കൊച്ചി: 2017 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി കൊച്ചിയിലെ സ്റ്റേഡിയങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ സജ്ജമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജി സി ഡി എയില്‍ നടന്ന അവലോകന യോഗം തീരുമാനിച്ചു. കേരളത്തിന് അനുവദിക്കുന്ന മല്‍സരങ്ങള്‍ക്ക് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയമാണ് വേദിയാകുന്നത്. ടീമുകളുടെ പരിശീലനത്തിനായി ആറു സ്റ്റേഡിയങ്ങളും തയ്യാറാക്കും. ഫിഫയുടെ നിബന്ധനകള്‍ക്ക് വിധേയമായി കലൂര്‍ സ്റ്റേഡിയവും ആറു പരിശീലന മൈതാനങ്ങളും രാജ്യാന്തര നിലാവരത്തില്‍ ഒരുക്കാനാണ് തീരുമാനം.
കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം, പനങ്ങാട് ഫിഷറീസ് സ്റ്റേഡിയം, പനമ്പള്ളി നഗര്‍ ഗവ. ഹൈസ്‌കൂള്‍ സ്റ്റേഡിയം, വേളി ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം, നെടുമ്പാശ്ശേരിയിലെ സിയാല്‍ സ്റ്റേഡിയം അല്ലെങ്കില്‍ യു.സി കോളജ് ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക. ഈ മൈതാനങ്ങളുടെയും കലൂര്‍ സ്റ്റേഡിയത്തിന്റെയും വികസനവും ക്രമീകരണങ്ങളും ഉടന്‍ തന്നെ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായതായി സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി വിശദമായ റിപ്പോര്‍ട്ട് നല്‍കും.
കേരള ഫുട്‌ബോള്‍ ഫെഡറേഷനും വിശാല കൊച്ചി വികസന അതോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ക്രമീകരണങ്ങള്‍ ഒരുക്കുക. ഫിഫ ലോകകപ്പിന്റെ സ്‌പെഷല്‍ ഓഫിസറായ എ.പി.എം മുഹമ്മദ് ഹനീഷ് കേരളത്തില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് വിശദമായ പ്രൊജക്ട് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് കായിക വകുപ്പ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഫിഫയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് വികസന പ്രവര്‍ത്തനങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കേണ്ടത്. ഓരോ ഘട്ടത്തിലും രണ്ടു മാസം കൂടുമ്പോള്‍ ഫിഫയുടെ വിദഗ്ദ സംഘം പരിശോധന നടത്തും. ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും തൃപ്തികരമായാല്‍ മാത്രമേ ലോകകപ്പ് മല്‍സരം ഫിഫ അനുവദിക്കൂ. അതു കൊണ്ടു തന്നെ കേരളത്തെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. കാലതാമസമില്ലാതെ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കേണ്ടതുണ്ട്
മത്സരങ്ങളോട് അനുബന്ധിച്ച് കൊച്ചിയില്‍ ഒരുക്കേണ്ട ട്രാഫിക് പരിഷ്‌കാരവും സുരക്ഷ സംവിധാനവും സംബന്ധിച്ച ഒരുക്കങ്ങള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി.

Latest