Connect with us

Ongoing News

ക്ലോസെയെ പോലെ ഗോള്‍ ആഹ്ലാദം; മിസോറം താരം കളത്തിലെ ദുരന്തമായി

Published

|

Last Updated

ഐസ്വാള്‍: മിസോറാം പ്രിമിയര്‍ ഫുട്‌ബോള്‍ ലീഗില്‍ തന്റെ ക്ലബ്ബിന് വേണ്ടി മടക്ക ഗോള്‍ നേടിയതില്‍ മതിമറന്ന് ആഘോഷിച്ച മിസോറാം ഫുട്‌ബോള്‍ താരം പീറ്റര്‍ ബൈക്‌സാന്‍ഗ്വാല(23) നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് മരിച്ചു. ഐസ്വാള്‍ കേന്ദ്രമായുള്ള ബെത്‌ലെഹേം വെങ്തലാങ് എഫ് സിക്ക് വേണ്ടി മടക്ക ഗോള്‍ നേടിയ പീറ്റര്‍ പിന്നോട്ട് നിരവധിതവണ മലക്കംമറിഞ്ഞപ്പോഴാണ് തലക്ക് സാരമായി പരിക്കേറ്റത്.
തുടര്‍ന്ന് ഗ്രൗണ്ടില്‍ വീണ പീറ്റര്‍ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. ഛാന്‍മേരി വെസ്റ്റ് എഫ് സി യോട് പീറ്ററിന്റെ ടീം ഒരു ഗോളിന് പിന്നിട്ട് നില്‍ക്കെ 62ാം മിനുട്ടിലാണ് പീറ്റര്‍ മടക്ക ഗോള്‍ നേടിയത്.
മൈതാനിയില്‍ നിന്നും പീറ്ററിനെ ഐസ്വാള്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ പീറ്ററിന്റെ ടീം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. ഞായറാഴ്ച ആ യുവ ഫുട്‌ബോളര്‍ മരിക്കുകയും ചെയ്തു.
മി്‌സോറാമിലെ കൗസ്വാള്‍ ടൗണ്‍ സ്വദേശിയാണ് പീറ്റര്‍. ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയെ അനുകരിച്ച് മുമ്പും യുവതാരം ഇത്തരത്തില്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. പീറ്ററിനോടുള്ള ആദര സൂചകമായി ഇരുപത്തൊന്നാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കും നല്‍കില്ലെന്ന തീരുമാനമെടുത്തു. ആശുപത്രിയില്‍ മരണാസന്നനായി കിടക്കുമ്പോള്‍ കണ്ണുകള്‍ ദാനം ചെയ്ത് പീറ്റര്‍ മാതൃകയായി.