Connect with us

Palakkad

മലമ്പുഴ ഉദ്യാനത്തില്‍ വിജിലന്‍സ് റെയ്ഡ്; വ്യാപക ക്രമക്കേട് കണ്ടെത്തി

Published

|

Last Updated

പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് പാലക്കാട് വിജിലന്‍സ് സംഘം മലമ്പുഴയില്‍ മിന്നല്‍ പരിശോധന നടത്തിയത്.
മലമ്പുഴ പുനരുദ്ധാരണ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന് മുഴുവന്‍ തുകയും അനുവദിക്കാത്തതിനാല്‍ ടിക്കറ്റ് കൗണ്ടറിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് പാസ്‌വേര്‍ഡ് ഏതാണ്ട് മൂന്നുവര്‍ഷമായിട്ടും ജലസേചന വകുപ്പിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തി. അതിനാല്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനോ കപ്പാസിറ്റി പരിശോധിക്കാനോ കഴിയുന്നില്ല.
ടിക്കറ്റ് കൗണ്ടറിലെ ഇന്‍വേര്‍ട്ടര്‍ പണിമുടക്കിലാണ്. വൈദ്യുതി നിലച്ചാല്‍ ടിക്കറ്റ് കൗണ്ടറില്‍ ആകെയുള്ള രണ്ടു കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള യു പി എസ് സംവിധാനം പോലുമില്ല. സാധാരണ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ പ്രിന്റ് ചെയ്ത് എടുക്കുന്ന ടിക്കറ്റുകള്‍ കരണ്ട് ഇല്ലാത്തപ്പോള്‍ കണ്ടക്ടര്‍മാരും ഹോട്ടല്‍ റിസപ്ഷനുകളിലും ഉപയോഗിക്കുന്ന ക്യാഷ് ട്രാക്കര്‍ ആണ് ഉപയോഗിക്കുന്നത്. ഇത് അഴിമതിക്ക് കാരണമാവുന്നുണ്ട്.
ക്യാഷ് ട്രാക്കര്‍ ഉപയോഗിച്ച് എത്ര ടിക്കറ്റ് വിറ്റാലും അത് ആവശ്യത്തിന് അനുസരിച്ച് എഡിറ്റ് ചെയ്ത് ടിക്കറ്റ് വിറ്റതിന്റെ എണ്ണത്തില്‍ വ്യത്യാസം വരുത്താനാവും. പ്രവേശന ടിക്കറ്റ് ഒഴികെ ഡാം ടോപ്പ്, സ്വിമ്മിംഗ് പൂള്‍, ടോയ് ട്രെയിന്‍, ക്യാമറ ഫീസ് തുടങ്ങിയ ടിക്കറ്റുകളെല്ലാം ക്യാഷ് ട്രാക്കര്‍ ഉപയോഗിച്ചാണ് നല്‍കുന്നത്. എഡിറ്റിംഗ് സൗകര്യമുള്ളതിനാല്‍ ഇത് സുതാര്യമല്ലെന്ന് വിജിലന്‍സ് കണ്ടെത്തി.
ടിക്കറ്റ് കൗണ്ടര്‍ റൂമിലെയും മറ്റ് മര്‍മ്മപ്രധാന സ്ഥലങ്ങളിലെയും സി സി ടി വി പ്രവര്‍ത്തിക്കുന്നില്ല. കൗണ്ടറിനുള്ളിലെ സി സി ടി വി കേടായതിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. ദിവസേന ലക്ഷങ്ങളുടെ വരുമാനവും ആറുകോടി രൂപ ബാങ്ക് നിക്ഷേപവും ഉണ്ടായിരുന്നിട്ടും ആവശ്യത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഇല്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഡി വൈ എസ് പി എം സുകുമാരന്‍, സി ഐമാരായ എ എം സിദ്ദീഖ്, എം വിജയകുമാര്‍, എ എസ് ഐ ബാലസുബ്രഹ്മണ്യന്‍, സക്കീര്‍ഹുസൈന്‍, ശിവശങ്കരന്‍, പ്രകാശന്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പാലക്കാട്(എല്‍) ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി കാവേരിക്കുട്ടി, പാലക്കാട് ഇലക്‌ട്രോണിക്‌സ് സബ് ഡിവിഷന്‍ എ ഇ ടി വി സുനില്‍, മലപ്പുറം എന്‍ജിനീയറിംഗ് അസിസ്റ്റന്റ് നയിം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

Latest