Connect with us

Wayanad

ജൈവകൃഷി പ്രോത്സാഹനം: വയനാട്ടില്‍ കോടികള്‍ തട്ടിയെടുക്കാന്‍ നീക്കം

Published

|

Last Updated

കല്‍പ്പറ്റ: ജൈവകൃഷി പ്രോത്സാഹനത്തിന്റെ പേരില്‍ വയനാട്ടില്‍ കോടികളുടെ തട്ടിപ്പിന് കളമൊരുങ്ങുന്നതായി വയനാട് പ്രകൃതിസംരക്ഷണസമിതിയും സീറോബജറ്റ് നാച്വറല്‍ ഫാര്‍മേഴ്‌സ് ഫോറവും കല്‍പ്പറ്റയില്‍ വാര്‍ ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വയനാട് ഓര്‍ഗാനിക് അഗ്രികള്‍ച്ചറല്‍ കണ്‍സോര്‍ഷ്യം സൊസൈറ്റി എന്ന സ്ഥാപനത്തെ മുന്‍ നിര്‍ത്തിയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ഇതില്‍ കൃഷിവകുപ്പിലെയും ഭരണപക്ഷത്തെയും ചില ഉന്നതര്‍ പങ്കാളികളാണ്. ജൈവകൃഷിവ്യാപനത്തിന് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ സംസ്ഥാന മിഷന്‍ വഴി നല്‍കുന്ന കോടികള്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. സംസ്ഥാന വിഹിതം നൂറ് കോടി രൂപയാണ്. 2008 ലാണ് ജൈവകര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മയായ കണ്‍സോര്‍ഷ്യം സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. 2009ല്‍ ഇവര്‍ക്ക് 50 ലക്ഷം രൂപ ലഭിച്ചു. അന്ന് ഹെക്ടറിന് 10000 രൂപ കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് ചെയര്‍മാനായുള്ള മോണിട്ടറിംഗ് കമ്മിറ്റി പ്രോജക്ട് യോഗം ചേരുകയോ കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയോ ചെയ്തില്ല. 2014 ല്‍ 90 ലക്ഷം രൂപയുടെ പ്രോജക്ട് കണ്‍സോര്‍ഷ്യത്തിന് ലഭിച്ചിട്ടുണ്ട്. 500 ഹെക്ടര്‍ ജൈവകൃഷിക്കാണ് തുക അനുവദിച്ചത്. 40 ലക്ഷം രൂപ ജൈവസര്‍ട്ടിഫിക്കേഷനും 50 ലക്ഷം രൂപ കര്‍ഷകരെ സഹായിക്കാനുമാണ്്. പ്രോജക്ടിനായി തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ പകുതിയോളംപേര്‍ പണിയ-കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരും കൃഷിഭൂമി കാര്യമായി ഒന്നുംതന്നെയില്ലാത്തവരുമാണ്. ആദിവാസികളുടെ പേരില്‍ ജൈവകൃഷിയുടെ പേര് പറഞ്ഞ് ഭീമമായ തുക അടിച്ചുമാറ്റാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാത്ത ജൈവജീവാണുവളങ്ങളും കണ്‍സോര്‍ഷ്യം വഴി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. അംഗങ്ങളായ ആറ് ഗ്രൂപ്പ് ഭാരവാഹികള്‍ ഇത് സംബന്ധിച്ച് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.ജില്ലയിലെ യഥാര്‍ത്ഥ ജൈവകൃഷിക്കാരെ പുറംതള്ളിക്കൊണ്ട് ജൈവകൃഷിയുമായി ബന്ധമില്ലാത്ത ഒരുതുണ്ട് ഭൂമിപോലുമില്ലാത്ത പലരുടെയും പേരില്‍ വന്‍തുകകള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് കണ്‍സോര്‍ഷ്യം നടത്തിവരുന്നതെന്ന്് ഇവര്‍ ആരോപിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി വ്യാജഗുണഭോക്തൃ പട്ടിക തള്ളിക്കളയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഴുവന്‍ കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പണമായി ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കണം. 50 സെന്റില്‍ താഴെയുള്ള പുരയിടങ്ങള്‍ക്ക് ജൈവസര്‍ട്ടിഫിക്കേഷന്‍ വഴി പണം ദുര്‍വിനിയോഗം ചെയ്യുന്നത് തടയുകയും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Latest