Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ച ഡി എം ഒ നടപടിയില്‍ പ്രതിഷേധം

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പി എച്ച് സി കളിലെ ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയില്‍ വര്‍ക്കിംഗ് അരേജ്‌മെന്റ് എന്ന പേരില്‍ നിയമിച്ച ഡി എം ഒയുടെ ഉത്തരവ് വിവാദത്തിനിടയാക്കുന്നു. കെ ജി ഒ എ ജില്ലാ പ്രസിഡന്റ് ഡോ. വി ജിനേഷ് ഈ മാസം 13ന് ഡിഎംഒക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എ 1/10216/14 ഉത്തരവ് പ്രകാരം 15 ഡോക്ടര്‍മാര്‍മാരെ ജില്ലാ ആശുപത്രിയിലേക്ക് നിയമിച്ചത്. ഈ മാസം 17 മുതല്‍ നവംബര്‍ 15 വരെയാണ് നിയമനം നല്‍കിയിരിക്കുന്നത്. പേര്യ, വെള്ളമുണ്ട, അപ്പപ്പാറ, ബേഗൂര്‍, തൊണ്ടര്‍നാട്, പനമരം,പൊരുന്നന്നൂര്‍, എടവക, തരിയോട് പി എച്ച് സികളിലെ ഡോക്ടര്‍മാരെയാണ് നിയമിച്ചത്.
ഡി എം ഒ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. മേല്‍പറഞ്ഞ കാലയളവില്‍ ജില്ലാ ആശുപത്രിയില്‍ അധിക ജോലി ചെയ്യുമെന്ന് കെ ജി എം ഒ പ്രഖ്യാപിച്ചിരുന്നു. ഡി എം ഒ നിയമിച്ചവരില്‍ നാല് പേര്‍ മാത്രമാണ് പി എസ് സി നിയമനം ലഭിച്ചവര്‍.
ഏഴു പേര്‍ക്ക് അഡ്‌ഹോക്ക് നിയമനവുമാണ്. വസ്തുത ഇതായിരിക്കെ അധിക ജോലി ചെയ്യുമെന്ന് പ്രഖ്യാപിച്ച് താല്‍ക്കാലിക ഡോക്ടര്‍മാരെ കെ ജി എം ഒ കബളിപ്പിക്കുകയായിരുന്നു.
ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് ഡി എം ഒ സ്വീകരിച്ചത്. നിത്യേന നിരവധി രോഗികള്‍ ചികിത്സ തേടി എത്തുന്ന ഗ്രാമീണ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളെയാണ് ഈ നടപടി സാരമായി ബാധിക്കുക.
ഒരു സംഘടനയുടെ ലിസ്റ്റ് പ്രകാരം നിയമനം നടത്തിയ ഡി എം ഒയുടെ നടപടിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest