Connect with us

Eranakulam

ആദ്യഘട്ടത്തില്‍ തന്നെ കാക്കനാടും തൃപ്പൂണിത്തുറയും ഉള്‍പ്പെടും

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടം ഫോര്‍ട്ടു കൊച്ചിയിലേക്കും അങ്കമാലിയിലേക്കും ദീര്‍ഘിപ്പിക്കും. മെട്രോ നിലവിലുള്ള ഘട്ടത്തിന്റെ ഭാഗമായിതന്നെ തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതിനും എക്‌സ്റ്റന്‍ഷന്‍ ബി എന്ന നിലയില്‍ കാക്കനാട്ടേക്കുനീട്ടുന്നതിനും തീരുമാനമായി.
മെട്രോ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിനു ശേഷമാകും ഫോര്‍ട്ടു കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലേക്കു മെട്രോറെയില്‍ നീട്ടുകയെന്നും ആര്യാടന്‍ മുഹമ്മദ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മെട്രോ റെയില്‍വേ സ്റ്റേഷന്റെ മാതൃക യോഗത്തിനു ശേഷംമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തിറക്കി. മെട്രോയുടെ ഭാഗമായുള്ള മുന്നൊരുക്ക പ്രവൃത്തികള്‍ നടത്തുന്നതിനായി 19.63 കോടിരൂപ കൊച്ചി മെട്രോ മുന്‍കൂറായി നല്‍കുമെന്നും ഈ തുക സംസ്ഥാന സര്‍ക്കാര്‍ പലിശഅടക്കം കൊച്ചി മെട്രോക്ക് മടക്കിനല്‍കുമെന്നും സംസ്ഥാന സര്‍ക്കാറിന് സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണത്തിന് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മെട്രോ, വിഴിഞ്ഞം എന്നീ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 1200 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെട്രോക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച് പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. കളകടര്‍ ചെയര്‍മാനായുള്ള സമിതി ഭൂ ഉടമകളുയി സംസാരിച്ച് ഏറ്റെടുക്കുന്ന ഭൂമിയുടെ വില സംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി ഇതിന് അംഗീകാരം നല്‍കുന്നതോടെ ഭൂ ഉടമകള്‍ക്ക് പണം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഭാഗമായി ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ വിലനല്‍കേണ്ട സാഹചര്യമുണ്ടാകുകയാണെങ്കില്‍ അധിക വിലനല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ രേഖാമൂലം നല്‍കുന്നതായിരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
മഹാരാജാസ് കോളേജ് മൈതാനം മുതല്‍ വൈറ്റിലവരെയുള്ള മേഖലയില്‍ സ്ഥലമെടുക്കുന്നതിന് റെയില്‍വേയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി കൈക്കൊള്ളുമെന്നും ഇതിനായി ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ റെയില്‍വെ അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
എം ജി റോഡിലെ ഒരു വസ്ത്രവ്യാപാര ശാലയുടെയും മറ്റൊരു വാണിജ്യസ്ഥാപനത്തിന്റെയും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനുസമീപം കോളജിന്റെ മൈതാനം ഏറ്റെടുക്കുന്നതുമായിബന്ധപ്പെട്ടും ധാരണയായിട്ടുണ്ടെന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി ജി സി ഡി എ കോളജിന് സ്ഥലം നല്‍കുമെന്നും ജി സി ഡി എക്കുള്ള സ്ഥലം ഹൈക്കോടതിക്ക് സമീപം സര്‍ക്കാര്‍ നല്‍കുന്ന തരത്തിലുമാണ് ധാരണകളുണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച നിലയില്‍തന്നെയാണ് നീങ്ങുന്നത്. പദ്ധതി സമയബന്ധിതമായിതന്നെ പൂര്‍ത്തീകരിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പച്ചാളം റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മെട്രോ മാതൃകയില്‍ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോക്കായി നല്‍കിയ അതേ പാക്കേജു തന്നെയാകും സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest