Connect with us

Ongoing News

കവിയൂര്‍ പീഡനക്കേസ്: കേസ് ഡയറിയും രേഖകളും ഹാജരാക്കാന്‍ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ കേസ് ഡയറിയും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഉത്തരവിട്ടു.
കേസ് ഡയറി ഹാജരാക്കാന്‍ സി ബി ഐയോടും എഫ് ഐ ആര്‍ ഉള്‍പ്പടെയുളള രേഖകള്‍ ഹാജരാക്കാന്‍ പോലീസിനോടുമാണ് ആവശ്യപ്പെട്ടത്. കിളിരൂര്‍ കേസില്‍ ഉണ്ടായതു പോലെ രേഖകള്‍ ഒന്നും നഷ്ടപ്പെടാന്‍ പാടില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സി ബി ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരായ ഹരജികളില്‍ വാദം കേള്‍ക്കവേയാണ് കേസ് ഡയറിയും അനുബന്ധ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
കേസിന്റെ തുടരന്വേഷണം നടത്തിയ സി ബി ഐയുടെ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍ നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മരിച്ച അനഘയെ പീഡിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണെന്നുള്ള സി ബി ഐയുടെ റിപ്പോര്‍ട്ട് കോടതി നേരത്തെ തള്ളിയിരുന്നു. സി ബി ഐ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത് വേണ്ടത്ര അന്വേഷണം നടത്താതെയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിനോടും സി ബി ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിലെ അന്തിമ വാദം അടുത്ത മാസം ഏഴിന് നടക്കും.
2004 സെപ്തംബര്‍ 27ന് കവിയൂരില്‍ അനഘയെന്ന 15 കാരിയുള്‍പ്പെടെ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം. കിളിരൂര്‍ പീഡനക്കേസിലെ പ്രതി ലതാ നായരാണ് കേസിലെ ഏക പ്രതി. എന്നാല്‍ ഈ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും െ്രെകം നന്ദകുമാറുമാണ് കോടതിയെ സമീപിച്ചത്.