Connect with us

International

റഷ്യന്‍ വിഘടനവാദികളും ഉക്രൈന്‍ സൈന്യവും ഒരുപോലെ കുറ്റക്കാര്‍: ആംനസ്റ്റി

Published

|

Last Updated

ലണ്ടന്‍ : പടിഞ്ഞാറന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളും ഉക്രൈന്‍ സൈന്യവും ഒരുപോലെ യുദ്ധക്കുറ്റങ്ങളിലേര്‍പ്പെടുന്നുണ്ടെന്ന് ആംനസ്റ്റി. പടിഞ്ഞാറന്‍ ഉക്രൈനില്‍ സംഘര്‍ഷത്തിനിടെയുണ്ടായ കൊലപാതകങ്ങളുടെ സംക്ഷിപ്തം എന്ന തലക്കെട്ടോടെ ബെര്‍ലിനിലും ലണ്ടനിലുമാണ് ആംനസ്റ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംഘര്‍ഷത്തിനിടെ ഇരു വിഭാഗവും അതിക്രമങ്ങളും അനധിക്യത വധശിക്ഷയും നടപ്പാക്കിയെന്ന് തെളിവുകളുടെ പിന്‍ബലത്തോടെയാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവിടെ നടന്ന അക്രമങ്ങളുടെ വ്യാപ്തി തിരിച്ചറിയുക ഏറെ പ്രയാസകരമാണെന്ന് ഉക്രൈനിലുള്ള ആംനസ്റ്റിയുടെ വിദഗ്ധ ജൊവാന്‍ക വോണര്‍ പറഞ്ഞു. റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ്യൂഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും വലിയതോതില്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കൂട്ടക്കൊലയോ അല്ലെങ്കില്‍ കൂട്ടക്കുഴിമാടമോ ഉണ്ടെന്നതിന് വിശ്വസനീയമായ തെളിവില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ യുദ്ധക്കുറ്റ ഗണത്തില്‍പ്പെടുന്ന ചില വധങ്ങള്‍ നടന്നിട്ടുണ്ടെന്നും ജൊവാന്‍ക പറഞ്ഞു. മുമ്പ് വിമതരുടെ നിയന്ത്രണത്തിലായിരുന്ന സംഘര്‍ഷ സ്ഥലമായ ഡോണ്‍ടെസ്‌ക് പ്രദേശത്തെ രണ്ട് ഗ്രാമങ്ങളില്‍ കൂട്ടക്കുഴിമാടങ്ങളുണ്ടെന്ന് കഴിഞ്ഞ മാസം 23ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ 400 ഓളം പേരെ അടക്കിയിട്ടുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പിന്നീട് അവകാശപ്പെട്ടിരുന്നു. ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവിടെയെത്തിയ ആംനസ്റ്റി പ്രതിനിധി സംഭവസ്ഥലത്തുനിന്നും ഉക്രൈന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ നാല് പേരുടെ മൃതദേഹങ്ങള്‍ രണ്ട് കുഴിമാടങ്ങളിലായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇരു വിഭാഗവും നടത്തിയ കുറ്റങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ആംനസ്റ്റിയുടെ ആവശ്യം. പടിഞ്ഞാറന്‍ ഉക്രൈനില്‍ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ സെപ്തംബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയെങ്കിലും കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ മാത്രം ഇവിടെ തുടരുന്ന സംഘര്‍ഷത്തില്‍ 330 പേര്‍ കൊല്ലപ്പെട്ടതായാണ് യു എന്‍ കണക്ക്.

Latest