Connect with us

International

കുര്‍ദുകള്‍ക്ക് ആകാശമാര്‍ഗം അമേരിക്കന്‍ ആയുധങ്ങള്‍

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയന്‍ നഗരമായ കൊബാനിയില്‍ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന കുര്‍ദുകള്‍ക്ക് ആകാശമാര്‍ഗം ആയുധങ്ങളും മെഡിക്കല്‍ സഹായങ്ങളും വിതരണം ചെയ്തതായി അമേരിക്കന്‍ സൈനിക നേതൃത്വം വ്യക്തമാക്കി. ഇറാഖ് കുര്‍ദുകള്‍ക്ക് ശേഖരിച്ച ആയുധങ്ങളും ഇവര്‍ക്ക് എത്തിക്കും. തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള കൊബാനിയില്‍ അമേരിക്കയും സഖ്യ സേനയും ഇസിലിനെതിരെ ആഴ്ചകളായി വ്യോമാക്രമണം തുടരുന്നതിനിടെ ആദ്യമായാണ് വിമാനമാര്‍ഗം കുര്‍ദുകള്‍ക്ക് ആയുധമെത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കൊബാനി പ്രദേശത്ത് 11 വ്യോമാക്രമണങ്ങള്‍ നടത്തിയതതായി അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. ചരക്ക് വിമാനങ്ങള്‍ വഴിയാണ് കുര്‍ദുകള്‍ക്ക് ആയുധവും മറ്റ് മെഡിക്കല്‍ സഹായവും എത്തിച്ചതെന്ന് അമേരിക്കന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസിലിനെതിരായ പോരാട്ടം തുടരുവാനും കൊബാനിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാനും ഉദ്ദേശിച്ചാണ് ആയുധങ്ങള്‍ എത്തിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇസിലിനെതിരെ ഇതുവരെ 135 ലധികം വ്യോമാക്രമങ്ങള്‍ നടത്തിയതായും നൂറുകണക്കിന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയില്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ എത്തിച്ചത് തുര്‍ക്കി സര്‍ക്കാറിനെ തീര്‍ച്ചയായും അമര്‍ഷത്തിലാക്കും. സിറിയയിലെ കുര്‍ദ് വിമതര്‍ക്ക് അമേരിക്ക ആയുധങ്ങള്‍ കൈമാറുന്നത് തുര്‍ക്കി എതിര്‍ത്തിരുന്നു. മുപ്പത് വര്‍ഷമായി തുര്‍ക്കിയില്‍ വിമത പോരാട്ടം നടത്തുന്ന തുര്‍ക്കി കുര്‍ദ് സംഘമായ പി കെ കെയുടെ ഘടകം തന്നെയാണ് സിറിയയിലെ കുര്‍ദ് സംഘമെന്നാണ് തുര്‍ക്കി കരുതിപ്പോരുന്നത്.
അതിനിടെ, കൊബാനിയിലെ കുര്‍ദ് സംഘത്തോടൊപ്പം ചേരാന്‍ ഇറാഖി കുര്‍ദുകളെ അനുവദിക്കുമെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കി. കൊബാനി സംരക്ഷിക്കേണ്ടത് തുര്‍ക്കിയുടെ കൂടി ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞിരുന്നു. അതിനാല്‍ ഇറാഖ് കുര്‍ദുകളെ തങ്ങളുടെ അതിര്‍ത്തി വഴി കടത്തി വിടാന്‍ തുര്‍ക്കി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തുര്‍ക്കി ഭരണകൂടം തീരുമാനമെടുത്തത്.
കൊബാനിയുടെ സംരക്ഷണത്തിനായി കുര്‍ദുകള്‍ക്ക് ആയുധം നല്‍കുക വഴി, അതിര്‍ത്തി പ്രദേശത്ത് സജീവമായ പി കെ കെ തീവ്രവാദികള്‍ ശക്തിപ്പെടുമെന്ന തുര്‍ക്കിയുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ അക്കാര്യം ഉയര്‍ത്തിക്കാണിച്ച് കുര്‍ദുകളെ സഹായിക്കാതിരിക്കാനാകില്ലെന്നും കെറി വ്യക്തമാക്കി. അതിനിടെ, സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് അഭയാര്‍ഥി പ്രവാഹം ശക്തമായി തുടരുകയാണ്.

 

Latest