Connect with us

Ongoing News

സമഗ്ര നഗര വികസനത്തിന് 'അര്‍ബന്‍ 2020'

Published

|

Last Updated

തിരുവനന്തപുരം: നഗര വികസനത്തിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിനൊപ്പം പ്രൊഫഷനല്‍ സമീപനം സ്വീകരിക്കാന്‍ കൂടി ലക്ഷ്യമിട്ട് നഗര വികസന വകുപ്പ് “അര്‍ബന്‍ 2020” നടപ്പാക്കുന്നു. ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ളതും, വിശദ ആസൂത്രണത്തിലധിഷ്ഠിതവുമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നഗരസഭകള്‍ക്ക് നല്‍കുന്നതിനാണ് പദ്ധതി. ഇതിനായി നടപ്പ് വര്‍ഷം 30 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ ഒരു വര്‍ഷത്തിനകം തയ്യാറാക്കി നല്‍കും ഇതിനായി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള 31 ഏജന്‍സികളെ തിരഞ്ഞെടുത്ത് എംപാനല്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ ഏത് ഏജന്‍സിയെ ഉപയോഗിച്ചും നഗരസഭകള്‍ക്ക് ഡി പി ആറുകള്‍ തയ്യാറാക്കാവുന്നതാണ്.
ഇത്തരത്തില്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ അന്തര്‍ദേശീയ ഏജന്‍സികളുടെയും ധനസഹായം ലഭ്യമാക്കുന്നതിന് കെ എസ് യു ഡി പി മുന്‍കൈയെടുക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭകള്‍ തയ്യാറാക്കുന്നതിന് ഉദ്ദേശിക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ടുകളുടെ ആശയം നഗര വികസനവും ന്യൂനപക്ഷക്ഷേമവും വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായുള്ള സംസ്ഥാതല ഡി പി ആര്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കേണ്ടതുണ്ട്. ഈ കമ്മിറ്റിയുടെ പ്രഥമയോഗം അടുത്തമാസം 17ന് തിരുവനന്തപുരത്ത് ചേരും. ഇതിലേക്കായി കേരളത്തിലെ എല്ലാ നഗരസഭകളും ആദ്യഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ആശയം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ പ്രോജക്ട് ഡയറക്ടര്‍, കെ എസ് യു ഡി പിക്ക് അടുത്ത പത്തിന് മുമ്പ് സമര്‍പ്പിക്കണം.

Latest