Connect with us

Editorial

കള്ളപ്പണക്കാരെ തൊട്ടുകളിച്ചാല്‍

Published

|

Last Updated

ബി ജെ പിക്ക് കള്ളപ്പണക്കാരുമായുള്ള അവിശുദ്ധ ബന്ധം വ്യക്തമാക്കുന്നതാണ് ഇതു സംബന്ധിച്ചു മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. വിദേശ ബേങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. അധികാരത്തില്‍ വന്ന് നൂറ് ദിവസത്തിനകം കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും തിരിച്ചുപടിക്കാന്‍ നടപടി സ്വീകരിക്കുമന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നതാണ്. ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ ഈ പ്രഖ്യാപനം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് പാര്‍ലിമെന്റിനകത്തും പുറത്തും ബി ജെ പി മുറവിളി കൂട്ടുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ ആ വാഗ്ദാനം അപ്പടി വിഴുങ്ങിയിരിക്കയാണ് പാര്‍ട്ടി.
ഇന്ത്യന്‍ സമ്പന്നര്‍ക്ക് വിദേശ ബേങ്കുകളില്‍ 50,000 കോടിയോളം ഡോളര്‍ (30 ലക്ഷം കോടിയിലേറെ രൂപ) രഹസ്യ നിക്ഷേപമുണ്ടെന്നാണ് സി ബി ഐ മേധാവിയായിരുന്ന എ പി സിംഗ് ഒരു ആഗോള സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഇത് തിരിച്ചുപിടിച്ചാല്‍ ഒമ്പത് ലക്ഷം കോടിരൂപയോളം നികുതിയിനത്തില്‍ രാജ്യത്തിന് ലഭ്യമാകുകയും സാധാരണക്കാരുടെ നികുതി ഭാരം ഗണ്യമായി കുറയുകയും ചെയ്യും. പക്ഷേ, ഒരു സര്‍ക്കാറും അതിന് തുനിയുന്നില്ലെന്ന് മാത്രമല്ല, നികുതു വെട്ടിച്ചു വിദേശ ബേങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ ആരെല്ലാമെന്ന് ജനങ്ങളെ അറിയിക്കാന്‍ കൂടി വിമുഖത കാണിക്കുകയാണ്.
2011ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹോങ്കോംഗ് ഷാങ്ഹായി ബേങ്കില്‍ നിന്ന് 15000 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കളവ് പോയപ്പോള്‍ അതിലെ 700 അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതാണെന്ന് വെളിപ്പെടുകയും അവരുടെ മുഴുവന്‍ വിവരങ്ങളും ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. അവര്‍ ആരെല്ലാമെന്ന് വെളിപ്പെടുത്തണമെന്ന് പാര്‍ലിമെന്റില്‍ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടും അന്നത്തെ യു പി എ സര്‍ക്കാര്‍ അതിന് തയാറായില്ല. പ്രശ്‌നം കോടതിയിലെത്തിയപ്പോള്‍, സര്‍ക്കാറിന്റെ ഒളിച്ചുകളിക്കെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചു. മാത്രമല്ല, കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിന് ജസ്റ്റിസ് എ ബി ഷായുടെ നേതൃത്വത്തില്‍ രണ്ട് മുന്‍ സുപ്രീം കോടതി ജഡ്ജിമാരും ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയുടെ മേധാവികളും ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര സമിതിയെ നിയമിക്കുകയും ചെയ്തു. കോടതിയുടെ ഈ നീക്കവുമായി സഹകരിക്കുന്നതിന് പകരം സമിതി രുപവത്കരണ നടപടി പിന്‍വലിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു അന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ ചെയ്തത്.
ഇരട്ടനികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളുമായുണ്ടാക്കിയ കരാറാണ് കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിന് മോദി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ച തടസ്സം. നേരത്തെ ഇതേ കാരണം യു പി എ സര്‍ക്കാര്‍ ഉന്നയിച്ചപ്പോള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും വമ്പന്‍ സ്രവുകളായ കള്ളപ്പണക്കാരുടെ സമ്മര്‍ദത്തിന് യു പി എ വഴങ്ങുകയാണെന്ന് കുറ്റപ്പെടുത്തുകയുമായിരുന്നു ബി ജെ പി. അതാണ് സത്യവും. കള്ളപ്പണക്കാരെ തൊട്ടുകളിച്ചാല്‍ കോണ്‍ഗ്രസിന്റെയെന്നല്ല, ബി ജെ പിയുടെയും മറ്റു പ്രമുഖ പാര്‍ട്ടികളുടെയുമെല്ലാം കഞ്ഞിമുട്ടും. എല്ലാ പ്രമുഖ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍തോതില്‍ പണം വാരിയെറിയുന്നതും പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതും കള്ളപ്പണക്കാരുടെ സഹായം കൊണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. കള്ളപ്പണം തടയുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്ന എം സി ജോഷി കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയതുമാണ്. രാഷ്ട്രീയക്കാര്‍ക്ക് കള്ളപ്പണം അനിവാര്യമെങ്കില്‍ അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായി എങ്ങനെയാണ് അവര്‍ സഹകരിക്കുക. അതുകൊണ്ട് അവരെ തൊട്ടുകളിക്കാന്‍ ഒരൊറ്റ പാര്‍ട്ടിയും ധൈര്യപ്പെടില്ല. മുന്‍ സര്‍ക്കാറിന്റെ കള്ളപ്പണക്കാരുടെ കാര്യത്തിലുള്ള അഴകൊഴമ്പന്‍ നയത്തിനെതിരെ പ്രക്ഷോഭ പരമ്പരകള്‍ സംഘടിപ്പിച്ചു സാഹസികത കാണിച്ച അരുണ്‍ ജയ്റ്റ്‌ലിക്ക് ഇപ്പോള്‍ സാഹസികതയല്ല. പക്വതയോടെയുള്ള പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ ഉചിതമെന്ന് പറയേണ്ടി വന്നതും ഇതുകൊണ്ട് തന്നെ. കള്ളപ്പണക്കാരെ തൊട്ടുകളിക്കാനുള്ള സാഹസികതയൊന്നും സര്‍ക്കാര്‍ കാണിക്കില്ലെന്ന് വ്യംഗ്യം.

Latest