Connect with us

Articles

പതഞ്ഞുപൊങ്ങട്ടെ രോഷം ഈ കാട്ടുനീതിക്കെതിരെ

Published

|

Last Updated

തുഛമായ കൂലിക്ക് പണിയെടുക്കുന്ന കുറെ തൊഴിലാളികള്‍, എല്ലുമുറിയെ പണിയെടുത്തിട്ടും കിട്ടാത്ത കാശിനായി കമ്പനി മാനേജറെ കാത്തിരിക്കുന്നവരുടെ ദൈന്യത, കീടനാശിനി പ്രയോഗത്തിന്റെ ഇരകളായി ദേഹമാസകലം വ്രണവും പേറി കഴിയുന്നവര്‍, മലിനജലം കെട്ടികിടക്കുന്ന ഓടകള്‍ക്കരികെ ഇടിഞ്ഞുവീഴാറായ ഒറ്റമുറിയില്‍ ഒതുങ്ങിക്കൂടുന്ന പട്ടിണിക്കോലങ്ങള്‍, വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിലും ചുമച്ചു തുപ്പി തേയിലകൊളുന്തു നുള്ളുന്നവരുടെ കുന്നിന്‍ചെരുവുകള്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ബാലവേലക്ക് നിര്‍ബന്ധിതരായ കുരുന്നുകള്‍….. തേയില ചെടികള്‍ക്കൊപ്പം ഭീകരവും ദാരുണവും ദയനീയവുമായ തൊഴില്‍ പീഡനങ്ങളുടെ വിളവെടുപ്പ് നടക്കുന്ന തോട്ടംമേഖലയില്‍ നിന്ന് നിയമസഭ സമിതി നേരില്‍ കണ്ടത് ഞെട്ടിപ്പിക്കുന്നതാണ്.
തേയിലപാടികളിലെയും ലയങ്ങളിലെയും ജീവിത സാഹചര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് മോന്‍സ് ജോസഫ് എം എല്‍ എ അധ്യക്ഷനായ സമിതി കണ്ടെത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതിയാണ് തോട്ടം മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സമിതിക്ക് മുന്നിലെത്തിയ പരാതികളുടെ ഉള്ളടക്കങ്ങള്‍ പലതും ഹൃദയഭേദകമാണ്. ഉയര്‍ന്ന രാഷ്ട്രീയബോധവും തൊഴിലാളി സംഘടനകള്‍ക്ക് നല്ല വേരോട്ടവുമുള്ള കേരളത്തിലാണോ അധ്വാനചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും തോട്ടങ്ങള്‍ വളരുന്നതെന്ന വിശ്വസിക്കാന്‍ പോലും പ്രയാസപ്പെടുന്ന അന്തരീക്ഷം.
തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യം പരിതാപകരവും പരമദയനീയവുമാണെന്ന് സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. തോട്ടം തൊഴിലാളികളുടെയും ഉടമകളുടെയും സംഘടനാ നേതാക്കളെ ഉടന്‍ തന്നെ ചര്‍ച്ചക്ക് വിളിച്ച് സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ദിവസങ്ങള്‍ പോലും വൈകുന്നത് നീതിനിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ആശ്വാസ പദ്ധതികള്‍ പോലും ഈ കുന്നിന്‍ചെരുവുകള്‍ കയറുന്നില്ല. പഴയ സായിപ്പിനെയും കങ്കാണിമാരെയും അനുസ്മരിപ്പിക്കുന്ന മുതലാളിമാരുടെ തീരുമാനങ്ങളാണ് ഇവിടെയെല്ലാം. തൊഴിലാളികള്‍ക്കോ തൊഴില്‍ നിയമങ്ങള്‍ക്കോ ഇവിടെ യാതൊരു വിലയുമില്ല. 2009 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി തുടര്‍നടപടികളില്ലാതെ ഇന്ന് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ ഒരു തൊഴിലാളിക്ക് പോലും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പുതിയ ബോര്‍ഡിന്റെ രൂപവത്കരണവും നടന്നിട്ടില്ല. ക്ഷേമനിധിയുടെ അംശദായം പിരിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് അതും നിര്‍ത്തി. ക്ഷേമനിധി തുടങ്ങിയതല്ലാതെ പാസ്ബുക്ക് പോലും ഇതുവരെ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. തൊഴിലാളികളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹധനസഹായം എന്നിവക്കായി നേരത്തെ പ്രതിവര്‍ഷം 40 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതും നിലച്ചു. ഉല്‍സവ സീസണില്‍ തോട്ടം തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവ അലവന്‍സ് നല്‍കിയിരുന്നതും അടുത്തിടെ നിര്‍ത്തലാക്കി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തൊഴിലാളികള്‍ക്കായി രൂപവത്കരിച്ചിരുന്ന റിലീഫ് കമ്മിറ്റികളും പേരിന് പോലും എവിടെയും പ്രവര്‍ത്തിക്കുന്നില്ല. ഉണ്ടായിരുന്ന ആശ്വാസ പദ്ധതികളെല്ലാം നിലച്ചു. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ മുതലാളിമാര്‍ അട്ടിമറിക്കുന്നു. പട്ടിണി കിടക്കുമ്പോഴും കൂലി ഇരന്നുവാങ്ങേണ്ട അവസ്ഥ.
ബന്ധപ്പെട്ട വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ജാഗ്രതക്കുറവ് ഒരു പരിധിവരെ കുറ്റകരമായിരുന്നുവെന്ന് രാഷ്ട്രീയ ഭേദമില്ലാതെ തൊഴിലാളി സംഘടനകളെല്ലാം സമ്മതിക്കുന്നുണ്ട്. തേയിലപാടികളിലെ ഈ കാട്ടുനീതിക്കെതിരെ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടാണ്. എന്നാല്‍ തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും അതൃപ്തി രേഖപ്പെടുത്തുന്നവരുണ്ട്.
രാജ്യത്ത് നടപ്പിലാക്കിയ ആഗോളവത്കരണ നയങ്ങളാണ് കേരളത്തിന്റെ പ്ലാന്റേഷന്‍ മേഖലയെ പിടിച്ചുലച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ആഗോളവത്കരണ നയങ്ങള്‍ക്ക് അനുബന്ധമായി നടപ്പിലാക്കിയ സാര്‍ക്ക് കരാര്‍ തേയിലതോട്ടങ്ങളുടെ പ്രതാപങ്ങള്‍ക്ക് മുകളിലാണ് പതിച്ചത്. രാജ്യത്തിന് പുറത്ത് ഉത്പാദിപ്പിക്കപ്പെട്ടവ കുറഞ്ഞ ഇറക്കുമതി ചുങ്കം നല്‍കി ഇന്ത്യയില്‍ വിറ്റഴിക്കാന്‍ അവസരം നല്‍കിയതോടെ ശ്രീലങ്കയില്‍ നിന്ന് വന്‍തോതില്‍ തേയില ഇന്ത്യയിലേക്ക് എത്തി. ഇതോടെ തേയിലയുടെ വിലത്തകര്‍ച്ചയും തുടങ്ങി. 1999 സെപ്തംബറില്‍ ഒരു കിലോ തേയിലക്ക് 79.77 രൂപ ലഭിച്ചിരുന്നത് 2001 ല്‍ 43.70 രൂപയായും 2002 ല്‍ 41 രൂപയായും ഇടിഞ്ഞു. ഇപ്പോള്‍ 70 രൂപയില്‍ താഴെയാണ് പല മേഖലകളിലായി ലഭിക്കുന്നത്. തേയിലയുടെ വില ഉത്പാദന ചെലവുമായി പൊരുത്തപ്പെടാതായതോടെയാണ് ഉടമകള്‍ പ്രതിസന്ധിയുടെ കാരണങ്ങള്‍ തോട്ടങ്ങളില്‍ പറഞ്ഞു തുടങ്ങിയത്. ഉത്പാദിപ്പിക്കുന്ന തേയിലക്ക് ക്വാളിറ്റിയില്ലെന്ന് കാരണം കണ്ടെത്തിയപ്പോള്‍ കയറ്റുമതി സാധ്യതയും ഇല്ലാതായി. കൂടെ മുതലാളിമാരുടെ തൊഴിലാളിവിരുദ്ധ മനോഭാവം കൂടി പുറത്തുവന്നതോടെ എല്ലാം ഒരു ദുരന്തം പോലെ നേരിടുകയാണ് തേയിലപാടികളിലെ ആയിരങ്ങള്‍. അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ സമിതിയുടെ സിറ്റിംഗിലാണ് തോട്ടം മേഖലയിലുള്ളവരുടെ പ്രതീക്ഷ. വേതനപരിഷ്‌ക്കരണത്തിനുള്ള സമയം കഴിഞ്ഞിട്ടും പഴയ കൂലി പോലും ലഭിക്കാത്ത തൊഴിലാളികള്‍ക്ക് പുതിയ കൂലി നിശ്ചയിക്കാനാണ് അടിയന്തരമായ ഇടപെടല്‍ വേണ്ടത്. സര്‍ക്കാറും തൊഴില്‍ വകുപ്പും നിയമസഭാ സമിതിയും ആര് ഇടപെട്ടാലും പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമെങ്കിലും ഒരുക്കിത്തരണമെന്നാണ് തോട്ടംതൊഴിലാളികളുടെ ആവശ്യം. നയങ്ങളും നിലപാടുകളും പ്രതിസന്ധി സൃഷ്ടിച്ച തോട്ടങ്ങളില്‍ നിന്ന് അന്നുതന്നെ കുറെപേര്‍ ജോലിവിട്ടൊഴിഞ്ഞു. കൂലിയില്ലാത്ത അധ്വാനത്തിനൊടുവില്‍ രോഗങ്ങളുടെ സമ്പാദ്യവുമായി മറ്റു ചിലര്‍ കുന്നിറങ്ങി. ഇറങ്ങാനും പോകാനും മറ്റൊരിടമില്ലാത്തവര്‍ ലയങ്ങളില്‍ തന്നെ ചുരുണ്ടുകൂടി. ചിലര്‍ പട്ടിണി മരണങ്ങള്‍ക്ക് പിടികൊടുത്തു. മുതലാളിയുടെയും നോട്ടക്കാരന്റെയും ക്രൂരത സഹിക്കാതെ ഉണ്ടായിരുന്ന തൊഴിലാളികളുടെ പകുതിയും കുറഞ്ഞു. അവസ്ഥ ഇതാണെങ്കില്‍ ഓരോ പാടികളിലും കുറഞ്ഞുവരുന്ന തൊഴിലാളികളുടെ സംഖ്യ ഒരു വിഭാഗം അപ്രത്യക്ഷമാകുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കേരളത്തിന്റെ കുന്നിന്‍ചെരുവുകളില്‍ വിയര്‍പ്പും രക്തവും നല്‍കി പച്ചപ്പ് നട്ടവരെ സംരക്ഷിക്കാന്‍ പുതിയ നിയമനിര്‍മാണമോ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളുടെ ഫണ്ടോ വേണ്ട. നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഇഛാശക്തി മാത്രം മതി.
(അവസാനിച്ചു)

---- facebook comment plugin here -----

Latest