Connect with us

Articles

മഞ്ഞു താഴ്‌വര വീണ്ടും പച്ചപുതക്കും

Published

|

Last Updated

കാശ്മീര്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കരകൗശല വ്യവസായം പ്രതിസന്ധിയിലാണ്. കുലത്തൊഴിലായാണ് കാശ്മീരികള്‍ ഇത് ചെയ്യുന്നത്. കാശ്മീരില്‍ മതിയായ സര്‍ക്കാര്‍ ജോലി ഇല്ലാത്തതിനാല്‍ അവര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈയടുത്ത് കാശ്മീരിലുണ്ടായ പ്രകൃതി ദുരന്തം കരകൗശല വിദഗ്ധര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. അവരുടെ വസ്തുവകകള്‍ നശിച്ചു. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട ചരക്കുകളില്‍ പലതും ഇന്‍ഷ്വര്‍ ചെയ്യാത്തവയുമാണ്. ബേങ്കുകള്‍ക്കും വിതരണക്കാര്‍ക്കും വായ്പ തിരിച്ചടക്കേണ്ടതുണ്ട്. ആശാരിമാര്‍ക്ക് കൂലി നല്‍കുകയും വേണം. എന്നാല്‍ ഇതിനൊന്നും അവര്‍ക്ക് ഇപ്പോള്‍ സാധിക്കുകയുമില്ല. ഈയവസരത്തില്‍ കാശ്മീരി കരകൗശല വ്യവസായം സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.”
****
“നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയതിനെ കാശ്മീരിലെ ഒരു നേതാവും അപലപിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. എന്തുകൊണ്ട്? കാശ്മീരിലെ ചില നേതാക്കള്‍ ഈയടുത്ത് പാക് നയതന്ത്രപ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതും തുടര്‍ന്ന് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച റദ്ദാക്കിയതും അത്ര നല്ലതല്ലാത്തതാണ്. നാമെല്ലാം അവരോടൊപ്പമാണെന്ന് കാശ്മീരി ജനങ്ങള്‍ മനസ്സിലാക്കുകയും ഹിന്ദുസ്ഥാന്‍, പണ്ഡിറ്റ്‌വിരുദ്ധ മനോഭാവം മാറ്റുകയും ഇന്ത്യന്‍ ഭരണഘടന സ്വന്തമാണെന്ന് കരുതുകയും ചേയ്യേണ്ട സമയമാണിത്. കാശ്മീരിലെ കരകൗശല വ്യവസായത്തിന് സഹായം നല്‍കണമോയെന്ന് ചോദിച്ചാല്‍, വേണ്ടത് തന്നെയാണ്. പക്ഷേ അത് മറ്റുള്ളവരുടെ മേല്‍ പ്രയാസമുണ്ടാക്കുന്നത് ആകരുത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കാശ്മീരികള്‍ കരകൗശല വ്യവസായം തുടങ്ങി, ഇന്ത്യയുടെ മൊത്തം സമ്പദ്‌വ്യവസ്ഥക്ക് സഹായകമാകണം.”
****
“സര്‍, നിങ്ങളുടെ അറിവിലേക്ക് ഇത്ര മാത്രം, ഗ്രേറ്റര്‍ നോയിഡയിലെ എക്‌സ്‌പോ മാര്‍ട്ടില്‍ അന്താരാഷ്ട്ര കരകൗശല വിപണനം ഉണ്ട്. വിദേശികളടക്കം നിരവധി പേരാണ് അവിടം സന്ദര്‍ശിക്കുന്നത്.”
****
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റിന് രാകേഷ് പതക്, ദേബാശിശ് മുഖര്‍ജി എന്നിവരുടെ അഭിപ്രായങ്ങളാണ് മുകളില്‍ ചേര്‍ത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച ജമ്മു കാശ്മീരിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് അധികാരികള്‍ ശ്രദ്ധ വേക്കേണ്ട മേഖലയെ ഓര്‍മപ്പെടുത്തുക മാത്രമാണ് ജസ്റ്റിസ് കട്ജു ചെയ്തത്. എന്നാല്‍, പലരും അത്ര സഭ്യമായ രീതിയിലല്ല അതിനോട് പ്രതികരിച്ചത്. ഒരു ന്യായാധിപന്റെ നിലപാടിനോട് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലും ചില മര്യാദകളുണ്ടല്ലോ. കാശ്മീരികള്‍ മനുഷ്യരേ അല്ല എന്ന തരത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തമ്മില്‍ഭേദമെന്ന രണ്ട് കമന്റുകളാണ് ഇവിടെ ചേര്‍ത്തത്.
ജമ്മു കാശ്മീരിനെ വെള്ളപ്പൊക്കം നക്കിത്തുടച്ചിട്ട് ഒരു മാസം പിന്നിട്ടു. കാശ്മീരികള്‍ ആ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. ചെളിക്കുന്നുകളാണ് എവിടെയും, കടകമ്പോളങ്ങള്‍ പലതും തുറക്കുന്നില്ല, അവശിഷ്ടങ്ങളുടെ കൂമ്പാരം, പകര്‍ച്ച വ്യാധികളുടെ ഭീഷണിയും. ഇങ്ങനെ ജീവിതം അതീവ ദുസ്സഹമായിരിക്കുകയാണ് കാശ്മീരില്‍ പലയിടത്തും. ഉദ്യോഗസ്ഥരും വ്യവസായികളും സമ്പന്നരും താമസിക്കുന്ന ശ്രീനഗറിലെ പോഷ് കോളനിയായ ജവഹര്‍ നഗറില്‍ തന്നെ അവശിഷ്ടങ്ങള്‍ മൂടിക്കിടക്കുകയാണ്. ശ്രീനഗറിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിക്കാന്‍ കാലങ്ങളേറെയെടുക്കുമെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ദുരന്തം വിതച്ച പ്രാതികൂല്യങ്ങളില്‍ നിന്ന് ഒരുനാള്‍ മുക്തരാകുകയും അതിജീവനം സാധ്യമാകുകയും ചെയ്യുമെന്ന് അവര്‍ക്ക് കരുത്തുറ്റ വിശ്വാസമുണ്ട്. ശ്രീനഗറില്‍ പലയിടത്തും ഇങ്ങനെയൊരു പോസ്റ്റര്‍ ഉയര്‍ന്നുകഴിഞ്ഞു: “കാശ്മീര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും”.
പ്രളയമുണ്ടായ ആ സംസ്ഥാനത്തിന് അതിജീവനം സാധ്യമാക്കേണ്ട ശ്രമങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടാകേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കാശ്മീരിന് വേണ്ടി സംഭാവന ചെയ്യുകയെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. പല സന്നദ്ധ സംഘടനകളും സഹായഹസ്തങ്ങളുമായി മുന്നോട്ടുവന്നു. പ്രകൃതി ദുരന്തത്തിന്റെ മുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കുന്ന ജനലക്ഷങ്ങളെയാണ് കാശ്മീരില്‍ കാണാനാകുക. ഇന്നലെ വരെ അന്നം നേടിത്തന്ന ജീവനോപാധികള്‍ നഷ്ടപ്പെട്ടിരിക്കുന്നു. കൃഷിപ്പാടങ്ങള്‍ നശിച്ചിരിക്കുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. താഴ്‌വാരയിലെ വ്യവസായ സമൂഹത്തിന് 30000 കോടി രൂപയോളമാണ് നഷ്ടമുണ്ടായത്. ഇതൊക്കെ ആഭിജാത കണക്ക്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും നഷ്ടക്കണക്കുകള്‍ ആര്‍ അന്വേഷിക്കാന്‍? അതൊന്നും ഒൗദ്യോഗികമായി രേഖപ്പെടുത്താനുള്ളതല്ലല്ലോ. കോടികളുടെ നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പരിഹാരമുണ്ടാകും. എന്നാല്‍, ജീവിതം തന്നെ വഴിമുട്ടിയവരുടെ പ്രതിസന്ധികള്‍ ആര് പരിഹരിക്കും. ഏതൊരു ദുരന്തത്തിന്റെയും താഴേക്കിടയിലുള്ള ഇരകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണിത്. രാജ്ബാഗ് പോലെയുള്ള പ്രദേശങ്ങളിലെ പടുകൂറ്റന്‍ ബംഗ്ലാവുകളില്‍ താമസിക്കുന്നവര്‍ ഹോട്ടലുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇവരെ എത്രയും പെട്ടെന്ന് “പുനരധിവസിപ്പിക്കാന്‍” ഔദ്യോഗിക തലത്തില്‍ തീവ്ര ശ്രമങ്ങളുണ്ടാകും. ഇവരുടെ “ജീവല്‍ പ്രശ്‌നങ്ങള്‍” വെളിച്ചത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കും. കാശ്മീര്‍ ദുരന്തം ഒരു മാസം പിന്നിട്ടപ്പോള്‍, പല മാധ്യമങ്ങളുടെയും സ്റ്റോറികള്‍ പോഷ് മേഖലകളെ മാത്രം ഫോക്കസ് ചെയ്തത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ദുരന്ത വ്യാപ്തിയുടെ മാനകം; പരമാവധി മരണം, നാശനഷ്ടം മുതലായവ എത്രത്തോളം എന്നതിനെ മാനദണ്ഡമാക്കിയാണ് കവറേജിംഗ്. ഇതൊരു പൊതുതത്വമായി മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ രോഗാതുരമായ മറ്റൊരു വശം.
വെള്ളപ്പൊക്കമുണ്ടായ അവസരത്തില്‍ ആദ്യ രക്ഷാപ്രവര്‍ത്തനമുണ്ടായതും ഇത്തരം വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു. കാശ്മീരിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിരമണീയത ഒട്ടും ചോരാതെ കാന്‍വാസില്‍ പകര്‍ത്താന്‍ സൗകര്യമൊരുക്കുന്ന കൂറ്റന്‍ നക്ഷത്ര ഹോട്ടലുകളില്‍ കുടുങ്ങിയ നൂറുകണക്കിന് വിനോദ സഞ്ചാരികളെ രക്ഷിക്കാനാണ് അധികൃതര്‍ ധൃതി പിടിച്ചത്. ഇത്തരം മണിമാളികകളും വികസനമെന്ന ഓമനപ്പേരിലുള്ള പ്രകൃതി വിഭവങ്ങളുടെ നഗ്നമായ ചൂഷണങ്ങളുമാണ് ദുരന്തങ്ങള്‍ക്ക് പ്രധാന ഹേതുവെന്നത് അറിയാവത്തവരല്ല, അധികാരികള്‍. പ്രകൃതിയെ അടുത്തറിയാന്‍ വെമ്പുന്നവര്‍, പലപ്പോഴും പ്രകൃതിയെ മുച്ചൂടും തകര്‍ക്കുന്നതില്‍ കൃത്യമായ ഓഹരി നല്‍കുകയാണ്. പടുകൂറ്റന്‍ ഫഌറ്റിന്റെയും കാടിന്റെ നടുവില്‍ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് വിഘ്‌നമുണ്ടാക്കുന്ന റിസോര്‍ട്ടുകളുടെയും ശീതീകരിച്ച മുറികളിലിരുന്ന് പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കുന്നതിലെ ജാള്യത എത്രത്തോളമുണ്ട്. ഈയൊരു അവസ്ഥയുടെ അനിവാര്യമായ പരിണിത ഫലമാണ് കാശ്മീരിലും അതിന് മുമ്പ് ഉത്തരാഖണ്ഡിലും നാം കണ്ടത്; ഇനി കാണാനിരിക്കുന്നതും. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി അനുശാസിക്കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്ത് കളയണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പിറ്റേന്ന് തന്നെ കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. 370 ാം വകുപ്പ് എടുത്തു കളഞ്ഞാല്‍ കാശ്മീരില്‍ വിദേശി, സ്വദേശി വ്യത്യാസമില്ലാതെ നിക്ഷേപം വര്‍ധിപ്പിക്കാം. സഞ്ചാരികളുടെ കുത്തൊഴുക്ക് വര്‍ധിപ്പിച്ച്, ആഗോള ടൂറിസ്റ്റ് ഹബ്ബാക്കി രൂപാന്തരപ്പെടുത്താം. ആപ്പിള്‍ കൃഷിക്ക് പകരം, പടുകൂറ്റന്‍ കെട്ടിട കൃഷി പ്രോത്സാഹിപ്പിക്കാം. അപ്പോള്‍, വെള്ളപ്പൊക്കം വന്നാലും കെട്ടിടങ്ങളുടെ ഉയരങ്ങളില്‍ നിലയുറപ്പിച്ച്, ദുരന്ത മുഖത്തെ സെല്‍ഫിയെടുക്കാം. അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് വൈറലാകാം. ഇങ്ങനെ പോകുന്നു സര്‍ക്കാറുകളുടെ സുന്ദര സ്വപ്‌നങ്ങള്‍. പക്ഷേ, ഭൂമിയുടെ പറുദീസയായിരിക്കില്ല ആ മണ്ണിലുണ്ടാകുക പ്രത്യുത, ഒന്നാന്തരം നരകമായിരിക്കും. വികസന സുനാമിയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക അവിടുത്തെ താഴേക്കിടയിലുള്ള ജനങ്ങളും; അവരില്‍ പണ്ഡിറ്റുകളുണ്ടാകും സിഖുകാരുണ്ടാകും മുസ്‌ലിംകളുമുണ്ടാകും.
പ്രഖ്യാപിച്ച കോടികളുടെ സഹായം ഡല്‍ഹിയില്‍ നിന്ന് കാശ്മീര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന കാശ്മീരികളെ കാത്തിരിക്കുന്നത്, കൊടും ശൈത്യത്തിന്റെ നാളുകളാണ്. “മരിച്ചവര്‍ ഭാഗ്യവാന്‍മാര്‍” എന്ന മനോഭാവത്തില്‍ കഴിയുന്ന കാശ്മീരികള്‍ തണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ്. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കണമെങ്കില്‍ ചിലപ്പോള്‍ കാലങ്ങളേറെയെടുക്കും. ക്യാമ്പുകളുടെ “ആയുസ്സ്” എത്രയെന്ന് കണ്ടറിയണം. മടുക്കുമ്പോള്‍ അധികാരികള്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച്, അഭയാര്‍ഥികളെ പുറത്താക്കും. കലാപ കാലത്ത് ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ അത്തരമൊരു പുറത്താക്കലിന് സാക്ഷ്യം വഹിച്ചതാണ്. അഭയാര്‍ഥികളെ സംരക്ഷിക്കുന്നത് വിവേചനമാണെന്നും പ്രീണനമാണെന്നും കണ്ണുരുട്ടാന്‍ നിരവധി പേരുണ്ടാകും. ഭരണമാറ്റ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഗൗരവമേറിയ മറ്റൊരു കാര്യം, വിഭജനവാദികളുടെ മുതലെടുപ്പും ചൂഷണവും തടയുകയെന്നതാണ്. ഒന്നും കിട്ടിയില്ലെങ്കിലും കലക്ക വെള്ളത്തില്‍ മീന്‍ തപ്പിപ്പിടിക്കുകയെന്നത് വല്ലാത്ത ഹരമുള്ളതാണല്ലോ. വിഭജനവാദികളുടെ പാളയത്തിലേക്ക് ആളൊഴുക്ക് തടയുകയെന്നത് അത്യന്താപേക്ഷിതമാണ്. കാശ്മീരിലെ ജനസാകല്യത്തിന്റെ ഹൃദയം കീഴടക്കേണ്ടതുണ്ട്. വിഭജനവാദികളെ ഇളിഭ്യരാക്കേണ്ടതുണ്ട്. അതിന് തോക്കിന്‍ കുഴലല്ല പരിഹാരം. മറിച്ച്, ഇത്തരം ദുരന്ത മുഖങ്ങളിലുള്ള ആത്മാര്‍ഥ സേവനമാണ്. സൈനികരെ കണ്ട് ബഹുമാനിക്കുന്നവരായി കാശ്മീരിലെ മുഴുവന്‍ ജനതയെയും പരുവപ്പെടുത്തണമെങ്കില്‍, അതൃപ്തി നുള്ളിയെടുക്കണം. രക്ഷാപ്രവര്‍ത്തനത്തിനിടെ, സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായത് വിഭജനവാദികളുടെ ശക്തമായി പ്രവര്‍ത്തനത്തിന്റെ ഫലമാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍ഗണനാക്രമവും വില്ലനായി. കാണെക്കാണെ വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ജീവന്‍ രക്ഷിക്കാന്‍ കൂട്ടമായി നിലവിളിക്കുന്നവരെ ചെവി കൊടുക്കാതെ ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താന്‍ വെമ്പല്‍ കൊണ്ടിടത്താണ് പ്രശ്‌നം. ഈയൊരു വിവേചനം അന്നുതന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരത്തിലുള്ള വിവേചനവും, ജീവന്‍ പണയപ്പെടുത്തിയുള്ള സേവനത്തില്‍ കാശ്മീരികളെ പ്രതിവിളവെടുപ്പ് നടത്തുന്ന സൈന്യത്തിലെ അംഗുലീപരിമിതരുടെ ചെയ്തികളുമാണ് മുഴുവന്‍ കാശ്മീരികളുടെയും ഹൃദയം കീഴടക്കാന്‍ അധികാരികള്‍ക്ക് സാധിക്കാതെ പോകുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് മാതൃകയില്‍ ഹിതപരിശോധന നടത്തണമെന്ന വാദം വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. കാശ്മീര്‍ ഇന്ത്യയുടെ ശിരസ്സാണ്.