Connect with us

Kasargod

അനധികൃത മദ്യവില്‍പ്പന: രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്ന സംഘങ്ങളുടെ പേരും വിലാസങ്ങളും പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചുതുടങ്ങി. അതാത് പ്രദേശങ്ങളിലെ നാട്ടുകാരുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് ഇത്തരക്കാരെ കുറിച്ചുള്ള വിവര ശേഖരണം നടത്തുന്നത്.
യു ഡി എഫ് സര്‍ക്കാരിന്റെ മദ്യവിരുദ്ധ നയത്തെ അട്ടിമറിക്കുന്ന തരത്തില്‍ ഗ്രാമങ്ങളിലും മലയോരങ്ങളിലും വ്യാജമദ്യ ദുരന്തത്തിന് തന്നെ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂരിഭാഗം ബാറുകളും അടച്ചുപൂട്ടിയതോടെ ഈ അവസരം മുതലെടുത്ത് വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടത്തി സാമ്പത്തിക നേട്ടം കൊയ്യുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.
കാഞ്ഞങ്ങാട്-നിലേശ്വരം നഗരസഭകളിലെയും അജാനൂര്‍, കിനാനൂര്‍ കരിന്തളം, മടിക്കൈ, കോടോം ബേളൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, പനത്തടി, കള്ളാര്‍, പുല്ലൂര്‍ പെരിയ, ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകളിലേയും ഗ്രാമമേഖലകളില്‍ വിദേശ മദ്യവില്‍പ്പനയും വ്യാജ ചാരായ നിര്‍മാണവും വിതരണവും വ്യാപകമാണ്. വര്‍ഷങ്ങളായി അനധികൃത മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമെ പുതുതായി ഈ രംഗത്തേക്ക് കടന്നു വന്നവരും നിരവധിയാണ്.
മുമ്പ് സ്വന്തമായി തൊഴില്‍ ചെയ്ത് മാന്യമായ കുടുംബജീവിതം നയിച്ചിരുന്നവര്‍പ്പോലും ഇപ്പോള്‍ സാമ്പത്തീക ലാഭം മുന്‍നിര്‍ത്തി അനധികൃത മദ്യക്കച്ചവടത്തില്‍ ഏര്‍പ്പെടുകയാണ്. ഗോവ, മംഗലാപുരം, ചെമ്പേരി, മാഹി എന്നിവിടങ്ങളില്‍ നിന്ന് വിദേശ മദ്യം ഗ്രാമങ്ങളിലേക്ക് വ്യാപകമായി വാഹനങ്ങളിലേക്ക് എത്തിക്കുന്നതിനും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനും പ്രത്യേകം സംഘങ്ങള്‍ തന്നെയുണ്ട്.