Connect with us

Ongoing News

ആഘോഷങ്ങളില്ലാതെ വി എസിന് 91

Published

|

Last Updated

തിരുവനന്തപുരം: സമരത്തിന്റെ കനലില്‍ ജനിച്ച് വിപ്ലവത്തിന്റെ തീജ്വാലയില്‍ വളര്‍ന്ന് അനീതിക്കെതിരായ പോരാട്ടം ജീവിതവ്രതമാക്കിയ വി എസ് എന്ന ജനനായകന് 91 വയസ്. ജന്‍മദിനമൊന്നും ആഘോഷമാക്കാതെ പതിവു പോലെ ഇന്നലെയും വി എസ് കര്‍മനിരതനായിരുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ച വി എസ് കൗമാരകാലഘട്ടത്തില്‍ തന്നെ തൊഴിലാളിപക്ഷ പോരാട്ടങ്ങളില്‍ സജീവമായിരുന്നു. 1938ല്‍ 15-ാം വയസ്സില്‍ സ്‌റ്റേറ്റ് കോഗ്രസ്സിലും തുടര്‍ന്ന് 1940 ല്‍ 17-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. അവിഭക്ത കമ്മൂണിസ്‌ററ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്ന് സി പി ഐ (എം) രൂപവത്കരിച്ച നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് വി എസ് മാത്രമാണ്.

പ്രായം 91 ആയെങ്കിലും വയലാറിന്റെ സമരനായകന് പഴയ വിപ്ലവോര്‍ജം തെല്ലും ചോര്‍ന്നിട്ടില്ല. അനീതിക്കെതിരെ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യമായി തന്റെ പോരാട്ടപാതയില്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് വി എസ് എന്ന ജനപക്ഷ നേതാവ്. ജനകീയപ്രശ്‌നങ്ങളിലെ ജാഗ്രതയുള്ള ഇടപെടലുകളും അഴിമതിക്കെതിരായ നിരന്തര പോരാട്ടങ്ങളുമായി ഇന്നും പൊതുസമൂഹത്തിന്റെ താത്പര്യത്തിനായി വി എസ് നിലകൊള്ളുന്നു.
പിറന്നാള്‍ ദിനങ്ങള്‍ക്ക് സവിശേഷതയൊന്നുമില്ലെന്നാണ് 91-ാം ജന്മദിനത്തില്‍ വി എസിന് പറയാനുള്ളത്. അതുകൊണ്ടുതന്നെ പ്രത്യേക ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഉണ്ടാവാറില്ല. രാവിലെ ഭാര്യ വസുമതി പാകം ചെയ്ത പായസം കഴിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാം പതിവുപോലെ. പിന്നാലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ ആശംസാ കത്തും പ്രകാശ് കാരാട്ടിന്റെ ഫോണ്‍ വിളിയുമെത്തി. തുടര്‍ന്ന് സി പി ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ജില്ലാ സെക്രട്ടറി കെ പ്രകാശ് ബാബുവും എത്തി ചുവന്ന ഷാളണിയിച്ചു. തുടര്‍ന്ന് പരാതി സ്വീകരിക്കലും നിശ്ചയിച്ച വിവിധ പരിപാടികളില്‍ പങ്കാളിയാവാനുള്ള യാത്രയുമൊക്കെയായി പതിവ് തിരക്കുകളിലേക്ക്. എല്ലാ ദിനങ്ങളും തനിക്ക് ഒരുപോലെയാന്നെു പറഞ്ഞ വി എസ് ഇനിയുള്ള കാലവും കോണ്‍ഗ്രസ്- ബി ജെ പിക്കെതിരായ പോരാട്ടപാതയില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കി. ദേശീയതലത്തിലെ ബി ജെ പി ഭരണത്തെക്കുറിച്ചുള്ള അഭിപ്രായത്തിലും വി എസിന് വ്യക്തതയുണ്ട്. കോര്‍പറേറ്റുകളേയും കുത്തക മുതലാളിമാരേയും സംരക്ഷിക്കാനും അവരുടെ താത്പര്യപൂര്‍ത്തീകരണത്തിനുമാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞതവണ യു പി എ ചെയ്തതെന്താണോ അതുതന്നെ ബി ജെ പിയും ചെയ്യുന്നുവെന്നും വി എസ് പറഞ്ഞു.