Connect with us

Gulf

പുസ്തകമേള: അറബ് ബുക്കര്‍ പ്രൈസ് ജേതാക്കള്‍ പങ്കെടുക്കും

Published

|

Last Updated

ഷാര്‍ജ: അടുത്ത മാസം ആരംഭിക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തി(എസ് ഐ ബി എഫ്)ല്‍ അറബ് ബുക്കര്‍ പ്രൈസ് കരസ്ഥമാക്കിയ എഴുത്തുകാര്‍ പങ്കെടുക്കും. അറബ് ബുക്കര്‍ പ്രൈസ് ജേതാക്കളും ഇതിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും ഉള്‍പ്പെടെ 13 നോവലിസ്റ്റുകളാണ് പങ്കെടുക്കുക.
ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടീഷ് ബുക്കര്‍ പ്രൈസ് ഫൗണ്ടേഷനും അബുദാബി ടുറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയും സംയുക്തമായാണ് ആഗോള തലത്തില്‍ അറബ് നോവലിനെ പ്രോത്സാഹിപ്പിക്കാന്‍ 2007ല്‍ ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന്‍ അവാര്‍ഡ് അബുദാബിയില്‍ ആരംഭിച്ചത്. ഈ പുരസ്‌കാരം പിന്നീട് അറബ് ബുക്കര്‍ പ്രൈസ് എന്ന പേരില്‍ പ്രസിദ്ധമാവുകയായിരുന്നു.
സാംസ്‌കാരികവും ബൗദ്ധികവുമായ സെമിനാറിലാവും എഴുത്തുകാര്‍ സാന്നിധ്യമാവുക. അടുത്ത മാസം അഞ്ചു മുതല്‍ 15 വരെയാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പുസ്തകമേള അരങ്ങേറുക. പ്രമുഖ ഈജിപ്ഷ്യന്‍ നോവലിസ്റ്റും ചരിത്രകാരനുമായ യൂസുഫ് സിഡാനാണ് പങ്കെടുക്കുന്ന അറബിക് ബുക്കര്‍ ജേതാക്കളില്‍ പ്രമുഖന്‍. 2009ലായിരുന്നു അസാസീല്‍ എന്ന നോവലിന് ഇദ്ദേഹത്തിന് അറബ് ബുക്കര്‍ പ്രൈസ് ലഭിച്ചത്. 2012ലെ അറബിക് ബുക്കര്‍ പ്രൈസിനുള്ള നീണ്ട പട്ടികയിലും ഇദ്ദേഹത്തിന്റെ ദ നബാട്ടിയന്‍ എന്ന നോവല്‍ ഇടംപിടിച്ചിരുന്നു.
2014ലെ അറബിക് ബുക്കര്‍ പ്രൈസിനുള്ള അവസാന പട്ടികയില്‍ ഇടം നേടിയ മൊറോക്കന്‍ എഴുത്തുകാരനായ യൂസുഫ് ഫദേലും പങ്കെടുക്കും. എ റെയര്‍ ബ്ലൂ ബേര്‍ഡ് ദാറ്റ് ഫ്‌ളൈസ് വിത്ത് മീ എന്ന നോവലായിരുന്നു പട്ടികയില്‍ ഇടം നേടാന്‍ യൂസുഫിനെ സഹായിച്ചത്. ദ ബ്ലൂ എലിഫന്റ് എന്ന നോവലിന്റെ കര്‍ത്താവും ഈജിപ്ഷ്യന്‍ എഴുത്തുകാരനുമായ അഹമ്മദ് മൗറാദ്, തഷാരിയുടെ കര്‍ത്താവായ ഇറാഖി എഴുത്തുകാരിയായ ഇനാം കച്ചാച്ചിയും പങ്കെടുക്കുന്നവരില്‍ ഉള്‍പ്പെടും.