Connect with us

Gulf

ഷാര്‍ജ സമ്പദ്‌വ്യവസ്ഥക്ക് എട്ട് ശതമാനം വളര്‍ച്ച

Published

|

Last Updated

ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജ സമ്പദ്‌വ്യവസ്ഥയില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 2012ല്‍ 7,000 കോടി ദിര്‍ഹമായിരുന്നു നേടിയിരുന്നതെങ്കില്‍ 2014ല്‍ അത് 8,000 കോടി ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012മായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം സമ്പദ്‌വ്യവസ്ഥ മികച്ച വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 2013ല്‍ എത്ര ശതമാനം വളര്‍ച്ചയായിരുന്നു നേടിയതെന്ന് മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ എമിറേറ്റായ ഷാര്‍ജ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കൈവരിച്ചത്.
സാമ്പത്തിക മാന്ദ്യം ആരംഭിച്ച ശേഷം സാമ്പത്തിക വളര്‍ച്ച തുടക്കത്തില്‍ അഞ്ചു ശതമാനമായി ചുരുങ്ങിയിരുന്നു. പിന്നീട് ഇത് 2010ല്‍ നാലു ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. ഈ പ്രതിസന്ധിഘട്ടങ്ങളെയെല്ലാം അതിജീവിച്ചാണ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നത്. രാജ്യത്തിന്റെ ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ 2011ല്‍ വളര്‍ച്ച ഏഴു ശതമാനമായിരുന്നു. 2012 ല്‍ ഇത് അഞ്ചായും ചുരുങ്ങിയിരുന്നു.
രാജ്യത്തെ മറ്റ് എമിറേറ്റുകളുടെ സാമ്പത്തിക രംഗത്തെ അപേക്ഷിച്ച് 20 ശതമാനത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്ന ഒരു രംഗവും ഷാര്‍ജയിലില്ല. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ആന്‍ഡ് സ്റ്റാന്റേര്‍ഡ് & പുവര്‍ റേറ്റിംഗില്‍ ഷാര്‍ജ എ 3 സ്റ്റേബിള്‍ റേറ്റിംഗില്‍ എ/എ-1 ഔട്ട്‌ലുക്ക് നേടിയിരുന്നു. യു എ ഇ ഫെഡറേഷന്റെ ഭാഗമായ ഷാര്‍ജ സമ്പദ്‌വ്യവസ്ഥ പ്രാധാന്യമുള്ള നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും മൂഡീസ് പ്രഖ്യാപിച്ചിരുന്നു.
ദുബൈ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 4.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2007ന് ശേഷം ദുബൈ വീണ്ടും വളര്‍ച്ചയുടെ പാതിയിലേക്ക് എത്തിയിരിക്കയാണ്. ഈ വര്‍ഷം ആദ്യം ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്ററാണ് വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ 31,100 കോടി ദിര്‍ഹത്തില്‍ നിന്ന് 32,507 കോടി ദിര്‍ഹമായി ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 2014ല്‍ ഉയരുമെന്നാണ് സെന്റര്‍ പ്രതീക്ഷിക്കുന്നത്. അബുദാബി സമ്പദ്‌വ്യവസ്ഥ 4.8 ശതമാനം വളര്‍ച്ചയായിരുന്നു 2013ല്‍ നേടിയത്. 95,320 കോടിയായിരുന്നു വരുമാനം. എമിറേറ്റിന്റെ വരുമാനത്തിന്റെ 55 ശതമാനവും ലഭിക്കുന്നത് എണ്ണയില്‍ നിന്നാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അബുദാബി വ്യക്തമാക്കി.
2013ല്‍ യു എ ഇയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന നിരക്ക് 4.8 ശതമാമനായിരുന്നു. 1.54 ലക്ഷം കോടിയായിരുന്നു ഇത്. ഇതില്‍ 39 ശതമാനം വരുമാനവും എത്തിയത് എണ്ണ കയറ്റുമതിയില്‍ നിന്നായിരുന്നു. ബാക്കി 61 ശതമാനം വരുമാനം ലഭിച്ചത് വിവിധ മേഖലകളില്‍ നിന്നായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.