Connect with us

Kerala

ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷിച്ച മുന്‍ എ ഡി ജി പി. സിബി മാത്യൂസ്, ഡി വൈ എസ് പി. കെ കെ ജോഷ്വ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ എന്നിവര്‍ക്കതിരെ നടപടിക്ക് സി ബി ഐ ശിപാര്‍ശ ചെയ്തിട്ടും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്ന് ജസ്റ്റിസ് എ വി രാമകൃഷണപിള്ള വിലയിരുത്തി.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ കോടതി, മൂന്ന് മാസത്തിനകം തീരുമാനം പുനഃപരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടു. പേരിന് മാത്രമുള്ള നടപടിയാകരുത് സര്‍ക്കാറിന്റെതെന്നും ഇത് നിയമ വ്യവസ്ഥയെ പ്രഹസനമാക്കുന്നതാകരുതെന്നും കോടതി ഓര്‍മപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ചാരക്കേസ് പരിഗണിച്ച എറണാകുളം സി ജെ എം കോടതിയോ കേസ് അന്തിമമായി തീര്‍പ്പ് കല്‍പ്പിച്ച സുപ്രീം കോടതിയോ പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും സി ബി ഐ റിപ്പോര്‍ട്ട് ലഭിച്ച് പതിനഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നത് നിയമപരമല്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് കോടതി തള്ളി. ചാരക്കേസിന്റെ പേരില്‍ വര്‍ഷങ്ങളായി പീഡനം അനുഭവിച്ച ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജി അനുവദിച്ചാണ് കോടതി ഉത്തരവ്.
ചാരക്കേസില്‍ പുനരന്വേഷണമല്ല ഹരജിക്കാരന്റെ ആവശ്യം. പോലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായി കെട്ടിച്ചമച്ചതാണ് കേസെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നമ്പി നാരായണന്റെ ഹരജി. സി ബി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന 2011 ജൂണ്‍ 29ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹരജി. എന്നാല്‍, ഇക്കാര്യം പരിഗണിച്ച് 1997 ഡിസംബര്‍ പന്ത്രണ്ടിന് അന്നത്തെ മുഖ്യമന്ത്രി ഫയലില്‍ നടപടി വേണമെന്ന് കുറിപ്പെഴുതിയിരുന്നു. നടപടി വേണ്ടെന്ന അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ മറികടന്നാണ് മുഖ്യമന്ത്രി കുറിപ്പ് എഴുതിയത്. സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന അന്നത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശം 2011 വരെ വെളിച്ചം കണ്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1998 ഏപ്രില്‍ 29ന് സുപ്രീം കോടതി കേസില്‍ പുനരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയും പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാകാതിരിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ലെന്നും സര്‍ക്കാര്‍ നടപടി ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണെന്നുമുള്ള നമ്പി നാരായണന്റെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ സംവിധാനത്തെ പ്രഹസനമാക്കുന്നതും കേസില്‍ ഉള്‍പ്പെട്ട ഇരകളോട് നീതി പുലര്‍ത്താത്തതുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കോടതി പറഞ്ഞു. രാജ്യത്തെ മികച്ച കുറ്റാന്വേഷണ ഏജന്‍സി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചകളും നിയമവിരുദ്ധമായ നടപടികളുമാണ് പരാമര്‍ശിച്ചിട്ടുള്ളത്. സി ബി ഐയുടെ ഈ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ല. നിയമവാഴ്ചയോട് നീതി പുലര്‍ത്തിയില്ലെന്നും പോലീസുകാര്‍ ഉള്‍പ്പെട്ട അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും കേരള പോലീസ് ഒരു ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളാകുന്നവര്‍ക്ക് നീതി ഉറപ്പ് വരുത്തേണ്ടതാണന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. ചാരക്കേസ് അന്വേഷണ സംഘത്തിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഡി ജി പി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിനാല്‍ നടപടി വേണ്ടെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

Latest