Connect with us

National

സ്വകാര്യ മാധ്യമങ്ങളോട് മിണ്ടാതെ പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വകാര്യ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറാകാത്തത് ചര്‍ച്ചയാകുന്നു. സ്വകാര്യ മാധ്യമങ്ങളെ ഒഴിവാക്കി ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി പരിഗണന നല്‍കുന്നത്. അധികാരത്തിലേറി ആറുമാസമായിട്ടും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല.
കാച്ചിക്കുറുക്കിയ പ്രസംഗവുമായാണ് പ്രധാനമന്ത്രി പ്രത്യക്ഷപ്പെടാറുള്ളത്. രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത് ദൂരദര്‍ശനിലൂടെയും ആകാശവാണിയിലൂടെയുമാണ്. ഈ മാസം ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മോദി ഇനി എല്ലാ മാസവും ഇതു തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്വകാര്യ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മോദി ഇതുവരെ അഭിമുഖം അനുവദിച്ചിട്ടില്ല. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്. മാധ്യമങ്ങളോട് സംസാരിച്ച് അനാവശ്യ വിവാദങ്ങളിലൂടെ സര്‍ക്കാറിനെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കേണ്ടെന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനെക്കുറിച്ച് മറ്റു കേന്ദ്രന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ദൂരദര്‍ശന്‍ ഓഫീസ് നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രകളിലും ദൂരദര്‍ശനിലേയും ആകാശവാണിയിലേയും മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് ഉള്‍പ്പെട്ടുത്തുന്നത്.

Latest