Connect with us

Kerala

കരീമിന്റെ അസ്ഥികൂടത്തില്‍ നടത്തിയ ഡി എന്‍ എ ടെസ്റ്റില്‍ തിരിമറി നടന്നതായി ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട്:താമരശ്ശേരി: മക്കളാല്‍ കൊല്ലപ്പെട്ട പ്രവാസി വ്യവസായി എരഞ്ഞോണ അബ്ദുല്‍ കരീമിന്റെ അസ്ഥികൂടത്തില്‍ നടത്തിയ ഡി എന്‍ എ ടെസ്റ്റില്‍ തിരിമറി നടന്നതായി അബ്ദുല്‍ കരീമിന്റെ ബന്ധുക്കള്‍. തിരുവന്തപുരംഫോറന്‍സിക് ലാബല്‍ നടന്ന പരിശോധനാ റിപ്പോര്‍ട്ടില്‍ അസ്ഥികൂടം അബ്ദുല്‍ കരീമിന്റേതാണോ എന്ന് വ്യക്തമല്ലെന്നാണ് കാണിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുപ്രകാരം അസ്ഥികൂടം അബ്ദുല്‍ കരീമിന്റേതാണെന്ന് വ്യക്തമായിരുന്നതായും ഡി എന്‍ എ പരിശോധനാഫലം എതിരായത് ദുരഹമാണെന്നും അബ്ദുല്‍ കരീമിന്റെ ബന്ധുക്കള്‍ പറയുന്നു. പരിശോധനാഫലത്തില്‍ വിസ്വാസമില്ലാത്തിനാലാണ് വിശദമായ പരിശോധനക്ക് ഹൈദറാബാദിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

2013 സപ്തംബര്‍ 28 ന് രാത്രി അബ്ദുല്‍ കരീമിനെ കോരങ്ങാട്ടെ വീട്ടില്‍വെച്ച് മക്കളായ മിദ്‌ലാജ്, ഫിര്‍ദൗസ് എന്നിവര്‍ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിതാവിനെ കാണാനില്ലെന്ന് കാണിച്ചു മകന്‍ മിദ്‌ലാജ് ഒക്ടോബര്‍ രണ്ടിനു താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം എങ്ങുമെത്താതിരുന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കേസന്വേണം ആരംഭിച്ച ക്രൈംബ്രാഞ്ച് മക്കളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൊഴിപ്രകാരം കര്‍ണാടകയിലെ നെഞ്ചങ്കോട് കനാലില്‍ പരിശോധന നടത്തുകയുമായിരുന്നു. പിതാവിനെ ക്ലോറോഫോം മണപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും ബ്ലാങ്കറ്റില്‍പൊതിഞ്ഞ് കനാലില്‍ തളളിയെന്നുമായിരുന്നു മൊഴി നല്‍കിയത്. അബ്ദുല്‍ കരീമിന്റെ ഭാര്യ മൈമൂന ഉല്‍പ്പെടെ അഞ്ചുപേരാണ് കേസില്‍ അറസ്റ്റിലായത്. എല്ലാവര്‍ക്കും കോടതി ജാമ്യം അനുവധിക്കുകയും ചെയ്തു.
കനാലില്‍നിന്നും കണ്ടെത്തിയ അസ്ഥികൂടം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുകയും അബ്ദുല്‍ കരീമിന്റെ മാതാവിന്റെ സാമ്പിള്‍ ശേഖരിച്ച് ഡി എന്‍ എ പരിശോധനക്കായി തിരുവന്തപുരത്തെ ഫോറന്‍ന്‍സിക് ലാബിലേക്ക് അയക്കുകയുമായിരുന്നു. ഡി എന്‍ എ പരിശോധനാ ഫലം ലഭിച്ചശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഫലം പ്രതികൂലമായത്.

 

Latest