Connect with us

Malappuram

ചാലിയാര്‍ മണ്ഡലം കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല

Published

|

Last Updated

നിലമ്പൂര്‍: ചാലിയാര്‍ കോണ്‍ഗ്രസ് ഭരണസമിതിയിലെ ഭിന്നതക്ക് പരിഹാരമായില്ല. ഇതേ തുടര്‍ന്ന് രണ്ട് വാര്‍ഡുകളിലെ കോണ്‍ഗ്രസ് കണ്‍വന്‍ഷനുകള്‍ മാറ്റിവെച്ചു. പ്രശ്‌നം 22ന് പരിഹരിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. കഴിഞ്ഞ 15ന് ചാലിയാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൂളപ്പെട്ടി ആദിവാസി കോളനിയില്‍ നടന്ന പട്ടികവര്‍ഗ ഊരൂകൂട്ട ഉത്സവ സംഗമവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ഭരണസമിതി രണ്ട് ചേരിയായി മാറിയത്. ഊരൂകൂട്ട ഉത്സവ സംഗമത്തില്‍ പങ്കെടുക്കരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ വിലക്ക് ലംഘിച്ച് മൂന്ന് അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രസിഡണ്ട് രാജി സന്നദ്ധത പ്രകടിപ്പിക്കുകയും മന്ത്രി ആര്യാടനെ നേരില്‍ കണ്ട് രാജി സന്നദ്ധത അറിയിക്കുകയും 17ന് നടന്ന ബോര്‍ഡ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
ഊരുത്സവത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ നിന്നും വിശദീകരണം പാര്‍ട്ടി തേടിയാല്‍ മാത്രമേ പ്രസിഡന്റ് പദവിയില്‍ തുടരുകയുള്ളൂവെന്ന ഉറച്ച നിലപാടിലാണ് പ്രസിഡന്റ്. 22ന് മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍കുട്ടി കോരങ്കോട് ഭരണസമിതിയിലെ കോണ്‍ഗ്രസ് നേതാവ് എ റഷീദലി, ലിസി ജോസഫ് എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തും.
പ്രസിഡന്റിന്റെ വിലക്ക് ലംഘിച്ച് ഊരൂകൂട്ട ഉത്സവത്തില്‍ പങ്കെടുത്ത മെമ്പര്‍മാര്‍ക്കെതിരെ നടപടിയെടുത്തതിന് ശേഷം മതി വാര്‍ഡ് കണ്‍വന്‍ഷനുകളെന്ന നിലപാടിനെ തുടര്‍ന്നാണ് ഇടിവെണ്ണ, പാറേക്കാട് വാര്‍ഡ് കമ്മറ്റികള്‍ മാറ്റിവെച്ചിട്ടുള്ളത്. എന്നാല്‍ 22ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഇരു പക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടിവരുമെന്നാണ് മണ്ഡലം നേതൃത്വം പറയുന്നത്. പ്രസിഡന്റ് പാര്‍ട്ടിയിലെ ഭരണസമിതി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടില്ലെന്നും മണ്ഡലം കമ്മറ്റി പറയുന്നു.
ഏഴംഗ ഭരണസമിതിയില്‍ നാല് അംഗങ്ങള്‍ പ്രസിഡന്റ് വിരുദ്ധ പക്ഷത്താണെന്നാണ് സൂചന. കഴിഞ്ഞ 15ന് മലപ്പുറത്ത് പ്രസിഡന്റുമാരുടെ യോഗം നടക്കുന്നതിനാല്‍ ഊരൂകൂട്ടം 18ലേക്ക് മാറ്റിവെക്കണമെന്ന് സി ഡി എസ് പ്രസിഡന്റിനോട് ലിസി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്.

Latest