Connect with us

Malappuram

ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍; 13 ലക്ഷം ചെലവിട്ട് പണിത കോളജ് കവാടം ഇനിയും തുറന്നില്ല

Published

|

Last Updated

തിരൂര്‍: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാതെ കോളജ് കവാടം. 13 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് കവാടമാണ് തുറന്ന് കൊടുക്കാതെ കാട്മൂടി കിടക്കുന്നത്. ഇ ടി മുഹമ്മദ് ബശീര്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപ ചിലവിട്ടായിരുന്നു കോളജിന്റെ പ്രധാന കവാടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധൃതി പിടിച്ച് കവാടം ഉദ്ഘാടനം ചെയ്‌തെങ്കിലും ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. അഞ്ച് ബിരുദ കോഴ്‌സുകളും നാല് ബിരുദാനന്തര കോഴ്‌സുകളുമായി കടലോര മേഖലയില്‍ 34 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന തുഞ്ചന്‍ സ്മാരക ഗവ. കോളജിന് കലാലയത്തിന്റെ വളര്‍ച്ചക്കനുസരിച്ച പ്രധാന കവാടം ഏറെ നാളത്തെ ആവശ്യമായിരുന്നു. വിഷയം ചൂണ്ടിക്കാട്ടി 2010ല്‍ വിദ്യാര്‍ഥി യൂണിയനും സ്റ്റാഫ് കൗണ്‍സിലും സ്ഥലം എം പി ഇടി മുഹമ്മദ് ബശീറിനെ സമീപിച്ചിരുന്നു. ആവശ്യം തിരിച്ചറിഞ്ഞ എം പി കോളജിലെത്തി കവാടത്തിന് ആവശ്യമായ ഫണ്ട് പ്രഖ്യാപനവും നടത്തി. രണ്ടര വര്‍ഷത്തിനുള്ളില്‍ തുഞ്ചന്‍ പറമ്പ് മാതൃകയില്‍ മനോഹരമായ കവാടം കോളജിനു മുന്നില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കോളജ് കെട്ടിടത്തിലേക്ക് റോഡില്ലാത്തതാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും കവാടം തുറന്ന് കൊടുക്കാത്തതെന്ന് അധികൃതര്‍ പറയുന്നു.
കവാടം, കോളജ് കെട്ടിടത്തിലേക്കുള്ള 50 മീറ്റര്‍ റോഡ്, പൂന്തോട്ടം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പതിമൂന്ന് ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ഫണ്ട് ബാക്കിയില്ലെന്നായിരുന്നു കരാറുകാരുടെ മറുപടി. ബാക്കി വരുന്ന അറ്റകുറ്റ പ്രവൃത്തികള്‍ക്കായി എം പി ഫണ്ടില്‍ നിന്നും തുക അനുവദിച്ച് കവാടം എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്നാണ് കോളജ് അധികാരികളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.

Latest