Connect with us

Malappuram

കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ അരി ഇറക്കുന്നിടത്ത് ചെളിവെള്ളം കെട്ടിനില്‍ക്കുന്നു

Published

|

Last Updated

വളാഞ്ചേരി: കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രൈനില്‍ നിന്നും അരി ഇറക്കുന്നിടത്ത് ചെളി വെള്ളം കെട്ടിനില്‍ക്കുന്നു. ഇതുമൂലം അരി ഇറക്കുന്ന ചുമട്ട് തൊഴിലാളികള്‍ ഏറെ പ്രയാസപ്പെടുന്നു. വഴുക്കലുള്ള ചെളി വെള്ളത്തില്‍കൂടി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ചുമട്ട് തൊഴിലാളികള്‍ ഗുഡ്‌സ് വാഹനത്തില്‍നിന്നും ലോറികളിലേക്ക് അരിച്ചാക്കുകള്‍ ഇറക്കുന്നത്.
ജില്ലയിലെ പ്രധാന എഫ് സി ഐ ഗോഡൗണാണ് കുറ്റിപ്പുറത്തേത്. നൂറോളം ചുമട്ട് തൊഴിലാളികളാണ് ദിവസവും ഇവിടെ ജോലി ചെയ്യുന്നത്. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളടങ്ങിയ ആയിരക്കണക്കിന് ചാക്കുകളാണ് ഇവിടെ എത്തുന്നത്. ഗുഡ്‌സ് ബോഗികളില്‍ നിന്ന് ഇവ ലോറികളിലാക്കിയാണ് തൊട്ടടുത്ത ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണിലേക്ക് എത്തിക്കുന്നത്. റെയില്‍വെ വകുപ്പിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും അനാവസ്ഥയാണിതെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരു ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇത് ഉണങ്ങാന്‍ ദിവസങ്ങളെടുക്കും. ശക്തമായ മഴ പെയ്താല്‍ ചെളി നിറഞ്ഞ് ഇവിടെ കാല്‍ കുത്താന്‍ കഴിയില്ല. ചുമട്ട് തൊഴിലാളികള്‍ ഈ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മഴ വെള്ളവും ചെളിയും കെട്ടി നില്‍ക്കാത്ത രീതിയില്‍ ഇവിടെ ഉയര്‍ത്തണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.