Connect with us

Kozhikode

അവഗണന പേറി ബേപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍

Published

|

Last Updated

കോഴിക്കോട്: ബേപ്പൂരിലെ തീരദേശ പോലീസ് സ്റ്റേഷനോട് അധികൃതര്‍ തികഞ്ഞ അവഗണനകാട്ടുകയാണെന്ന് ആക്ഷേപം.
ഉദ്ഘാടനം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞെങ്കിലും തീരദേശ പോലീസ് സ്റ്റേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു നടപടികയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. കടലില്‍ പട്രോളിംഗ് നടത്തുകയാണ് തീരദേശ പോലീസിന്റെ മുഖ്യ ചുമതല. എന്നാല്‍ ഇതിനാവശ്യമായ സംവിധാനങ്ങളൊന്നും തന്നെ ഈ സ്‌റ്റേഷന് അനുവദിച്ചു നല്‍കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് വ്യവസ്ഥ. ലൈറ്റ് മെഷീന്‍ ഗണ്‍, മോട്ടോര്‍ മെഷീന്‍ ഗണ്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍, ഏത് കാലാവസ്ഥയിലും കടലില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്റര്‍ സെറ്റര്‍ ബോട്ടുകള്‍ എന്നിവ അത്യാവശ്യമാണ്.
ഇവിടെ രണ്ട് ബോട്ടുകള്‍ ഉണ്ടെങ്കിലും ഇവ ഏത് കാലാവസ്ഥക്കും അനുയോജ്യമായതല്ല. 12 ടണ്‍ ഭാരം വരുന്ന രണ്ട് ബോട്ടുകള്‍, അഞ്ച് ടണ്‍ ഭാരം വരുന്ന ഒരു ബോട്ടുമാണ് ഇവിടെയുള്ളത്. മൂന്ന് ബോട്ടുകളും ഓടിക്കാനായി ഒരു ഡ്രൈവറും രണ്ട് ലാസ്‌കര്‍മാരും മാത്രമാണുള്ളത്.
തീരദേശ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തിന് ഒരു സി ഐ, മൂന്ന് എസ് ഐമാര്‍, മൂന്ന് എ എസ് ഐ, 10 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 30 സിപി ഒമാര്‍ ഉള്‍പ്പടെ 47 പേരാണ് വേണ്ടത്. നിയമനം ഇല്ലാത്തതുകാരണം ഒരു സി ഐ, രണ്ട് എസ് ഐമാര്‍, ഒമ്പത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 24 സി പി ഒമാര്‍ എന്നിങ്ങനെയാണ് ഇപ്പോഴത്തെ അംഗബലം.
ബേപ്പൂര്‍ പോലീസ് സ്‌റ്റേഷന്റെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ തീരദേശ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ബേപ്പൂര്‍ തീരദേശത്താണ് പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചതെങ്കിലും ഇതിന്റെ പ്രവര്‍ത്തന പരിധി പരപ്പനങ്ങാടി മുതല്‍ കൊയിലാണ്ടി വരെയുള്ള 61.2 കിലോമീറ്റര്‍ ദൂരമാണ്. തീരദേശ പോലീസിന് ലഭ്യമാകേണ്ട ഒരു തരത്തിലുള്ള അലവന്‍സുകളും ഇവിടത്തെ ജീവനക്കാര്‍ക്ക് ലഭിക്കാറില്ലെന്നും പരാതിയുണ്ട്.

Latest