Connect with us

Kozhikode

ജില്ലാ കോടതിയുടെ കെട്ടിട നിര്‍മാണം മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയില്‍

Published

|

Last Updated

കോഴിക്കോട്: അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാകാതെ ജില്ലാ കോടതി സമുച്ചയത്തിയത്തിന്റെ പുതിയ കെട്ടിട നിര്‍മാണം പാതിവഴിയില്‍.
മൂന്ന് വര്‍ഷം മുമ്പാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. എന്നാല്‍ അനുവദിച്ചിരുന്ന സമയ പരിധി കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ വാടകയിനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാറിന് നഷ്ടമാകുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതി, കുടുംബ കോടതി, വഖഫ് ട്രൈബ്യൂണല്‍, വിജിലന്‍സ് കോടതി, സ്ഥിരം ലോക് അദാലത്ത്, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ എന്നീ പ്രധാന കോടതികള്‍ സ്വകാര്യ കെട്ടിടങ്ങളിലാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതിനു മാത്രം ലക്ഷങ്ങള്‍ മാസവാടക നല്‍കുന്നുണ്ട്.
വഖഫ് ട്രൈബ്യൂണല്‍, ജെ എഫ് സി എം നാലാം കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ എന്നീ കോടതികള്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപമുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തിലും മാറാട് സ്‌പെഷ്യല്‍ കോടതി, ജെ എഫ് സി എം ആറാം കോടതി എന്നിവ എരഞ്ഞിപ്പാലത്തുമാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബ കോടതി മറ്റൊരു സ്വകാര്യ കെട്ടിടത്തിലാണ്. അതുകൊണ്ടു തന്നെ ഒരേ ദിവസം വി വിധ കേസുകളില്‍ ഹാജരാകേണ്ട വക്കീലന്‍മാര്‍ക്ക് ഈ കോടതികളിലെത്താന്‍ നന്നേ ബദ്ധിമുട്ടനുഭവിക്കേണ്ടി വരികയാണ്. പൊതുജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ചെറുതല്ല. പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള കെട്ടിടങ്ങളിലാണ് മിക്ക കോടതികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ തടവുകാരെ കോടതിയില്‍ ഹാജരാക്കുന്ന പോലീസുകാര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നു.
2010ലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് മരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതി ലഭിച്ചത്. തുടര്‍ന്ന് 14 കോടിയോളം രൂപക്ക് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കുകയും 2011മെയില്‍ ഇവര്‍ക്ക് ഭൂമി കൈമാറുകയും ചെയ്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഈ സമയ പരിധിക്കുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് കഴിഞ്ഞില്ല. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ഒരു ഒരു വര്‍ഷം കൂടി അനുവദിച്ചെങ്കിലും പ്രസ്തുത കാലാവധി കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴും നിര്‍മാണം പഴയ അവസ്ഥയില്‍ തന്നെയാണ്. മരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് ഒരു തവണ നിര്‍ത്തി വെച്ച പ്രവര്‍ത്തി പുനരാരംഭിക്കാന്‍ കരാറുകാരന്‍ തയ്യാറായത്.
പദ്ധതി വിഹിതം മുഴുവന്‍ നല്‍കിയിട്ടും പണി പൂര്‍ത്തിയാക്കാന്‍ തയ്യാറാക്കാത്ത കരാറുകാരനെതിരെ ഇതിനകം തന്നെ വന്‍ പ്രതിഷേധമാണുള്ളത്. കരാറുകാരനും മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് നിര്‍മാണം മന്ദഗതിയിലാക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

Latest