Connect with us

Kozhikode

അരയിടത്തുപാലം അപ്രോച്ച് റോഡില്‍ യാത്ര ദുരിതപൂര്‍ണം

Published

|

Last Updated

കോഴിക്കോട്: ഏറെ കാത്തിരിപ്പിനുശേഷം തുറന്നുകൊടുത്ത അരയിടത്തുപാലം അപ്രോച്ച് റോഡില്‍ ഇന്നലെ വരെ ആളുകളെ വലച്ചിരുന്നത് പൊടിശല്യമാണെങ്കില്‍ തുലാവര്‍ഷം കനത്തതോടെ റോഡു മുഴുവന്‍ ചെളിക്കുളമായിരിക്കുകയാണ്.
റോഡിലെ മണ്ണും കല്ലും ഇളകി കുണ്ടും കുഴിയുമായിട്ടുണ്ട് ഇവിടെ. മഴ പകല്‍ മാറി നിന്നാല്‍ പൊടിശല്യവും മഴകനത്താല്‍ ചെളിയും സഹിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഓഗസ്റ്റ് മാസത്തോടെ ടാറിംഗ് നടത്തുമെന്നാണ് റോഡ് തുറന്ന് നല്‍കുന്ന സമയത്ത് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
മഴക്ക് മുമ്പ് ഇവിടെ പൊടി യായതിനാല്‍ ഇതുവഴിയുള്ള യാത്ര ഉപേക്ഷിക്കുകയായിരുന്നു കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും. മഴ വന്നിട്ടും അതിനു മാറ്റമില്ല. എന്നാല്‍ ബസ് റൂട്ട് ഇതുവഴിയാക്കിയതിനാല്‍ ഈ യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. കുണ്ടിലും കുഴിയിലും പെട്ട് ലക്ഷ്യ സ്ഥാനത്തെത്തുമ്പോഴെക്കും നടുവിന്റെ പണി തീരുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
മെഡിക്കല്‍ കോളജില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാളയം ഭാഗത്തേക്കും ബൈപ്പാസിലേക്കും എളുപ്പമെത്താന്‍ സാധിക്കും എന്നതാണ് അപ്രോച്ച് റോഡിന്റെ പ്രത്യേകത.
മറ്റുറോഡുകള്‍ പോലെ തന്നെ കാല്‍നടയാത്രക്കാര്‍ക്ക് യാതൊരു പ്രാധാന്യവും ഇവിടെയും ലഭിക്കുന്നില്ല. ഫൂട്ട്പാത്ത് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാതെ എത്രയും പെട്ടെന്ന് ടാറിംഗ് പൂര്‍ത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അല്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. ഇതിനുപുറമെ കുന്ദമംഗലം ഭാഗത്തുനിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഇതിലെയാണ് പലപ്പോഴും പോകുന്നത്.
മഴക്ക് ശേഷം മാത്രമെ ടാറിംഗ് നടത്തുമെന്നതിനാല്‍ മഴ അവസാനിക്കുന്ന കാലം വരെ യാത്രാക്ലേശം സഹിക്കണമെന്നതാണ് അധികൃതരുടെ ഭാഷ്യം.

Latest