Connect with us

National

നാലില്‍ നിന്ന് കേവല ഭൂരിപക്ഷത്തിലേക്ക്

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ ചരിത്രത്തില്‍ ആദ്യമായി കേവല ഭൂരിപക്ഷം നേടി ബി ജെ പി അധികാരത്തിലേക്ക്. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ബി ജെ പി ഇവിടെ അധികാരം പിടിച്ചത്. ഓം പ്രകാശ് ചൗത്താലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐ എന്‍ എല്‍ ഡി) ആണ് രണ്ടാമത്തെ വലിയ കക്ഷി. തൊണ്ണൂറ് അംഗ നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെ പ്രചാരണം നടത്തിയ ഹരിയാനയില്‍ മോദി പ്രഭാവമാണ് ബി ജെ പിയെ സഹായിച്ചത്. ഐ എന്‍ എല്‍ ഡി ഇരുപത് സീറ്റ് നേടിയപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പതിനഞ്ച് സീറ്റിലേക്ക് ചുരുങ്ങി. ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് രണ്ടും മറ്റുള്ളവര്‍ ആറും സീറ്റ് നേടി. 2009ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് മാത്രമാണ് ബി ജെ പി നേടിയിരുന്നത്.
മൂന്ന് ദശാബ്ദത്തിനിടെ ബി ജെ പിയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഉണ്ടായത്. 1987ലെ തിരഞ്ഞെടുപ്പിലാണ് ഇതിന് മുമ്പ് ബി ജെ പിക്ക് ഏറ്റവുമധികം സീറ്റ് ലഭിച്ചത്. ഇരുപത് സീറ്റില്‍ മത്സരിച്ച ബി ജെ പി അന്ന് പതിനാറ് സീറ്റില്‍ വിജയിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി ജെ പിയുമായുള്ള സഖ്യം ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത്. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്താമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചതോടെ ഭൂപീന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഇന്നലെ വൈകീട്ട് ഗവര്‍ണര്‍ കപ്താന്‍ സിംഗ് സോളങ്കിക്ക് കൈമാറി.

Latest