Connect with us

National

ആദ്യം മുഖ്യമന്ത്രി; സഖ്യം പിന്നെ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി കാല്‍നൂറ്റാണ്ട് കാലം നിലനിന്ന ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍, കേവല ഭൂരിപക്ഷം നേടാന്‍ ബി ജെ പിക്കായില്ല. ശിവസേന രണ്ടാം സ്ഥാനത്തെത്തി. തുടര്‍ച്ചായി പതിനഞ്ച് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. 42 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടപ്പോള്‍ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നാലാം സ്ഥാനത്താണ്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
ബി ജെ പി 123 സീറ്റുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള ശിവസേന 63 സീറ്റുകള്‍ സ്വന്തമാക്കി. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒരു സീറ്റ് സി പി എം നേടിയിട്ടുണ്ട്. വടക്കന്‍ മഹാരാഷ്ട്രയിലെ കല്‍വാന്‍ മണ്ഡലത്തില്‍ സി പി എമ്മിന്റെ ജിവ പാണ്ഡു ഗാവിത് വിജയിച്ചു. കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മണിക്‌റാവു താക്കറെ രാജിവെച്ചു. ക്രിയാത്മകമായ പ്രതിപക്ഷമായി തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ച ശേഷം മണിക്‌റാവു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിന്റെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സംഘാടനത്തിന്റെയും ഫലമാണ് വിജയമെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം ചേര്‍ന്ന ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ജെ പി നദ്ദ പറഞ്ഞു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ സഖ്യ സാധ്യതകള്‍ പരിശോധിക്കൂവെന്ന് നദ്ദ വ്യക്തമാക്കി.
ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാത്തത് ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ വലിയ കക്ഷിയും ബി ജെ പിയുടെ പഴയ സഖ്യ കക്ഷിയുമായ ശിവസേന സമ്മര്‍ദ തന്ത്രങ്ങളുമായി രംഗത്തെത്തുമെന്നാണ് വിലയിരുത്തല്‍. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്നോ ഉപമുഖ്യമന്ത്രി സ്ഥാനമോ ശിവസേന ആവശ്യപ്പെട്ടേക്കും. ഇതിന് പുറമെ കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ സ്ഥാനങ്ങളും ആവശ്യപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനം കൈക്കൊള്ളുമെന്നാണ് ശിവസേന എം പി അനില്‍ ദേശായ് ആദ്യം വ്യക്തമാക്കിയത്. എന്നാല്‍, ഒരു കക്ഷിയെയും സഖ്യമുണ്ടാക്കുന്നതിന് സമീപിക്കില്ലെന്ന് ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് സുസ്ഥിരമായ ഭരണം ഉണ്ടാകുന്നതിന് ബി ജെ പിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
പ്രചാരണ സമിതി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണ ശിവസേനയുടെ വൈഭവ് നായികിനോട് പരാജയപ്പെട്ടത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍, മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാര്‍ എന്നിവര്‍ കാരാട് വെസ്റ്റ്, ബാരാമതി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

Latest