Connect with us

International

എബോളക്കെതിരെ യു എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കാസ്‌ട്രോ

Published

|

Last Updated

ന്യൂയോര്‍ക്ക്: എബോള രോഗത്തിനെതിരെ അമേരിക്കയുമായി സഹകരിക്കാന്‍ ക്യൂബ തയ്യാറാണെന്ന് ഫിഡല്‍ കാസ്‌ട്രോ. ലോക സമാധാനത്തിനായുള്ള താല്പര്യമാണ് ഇത്തരമൊരു സഹകരണത്തിന് പിന്നിലെന്നും 88 കാരനും ക്യൂബയുടെ മുന്‍ നേതാവുമായ കാസ്‌ട്രോ ഔദ്യോഗിക മാധ്യമത്തില്‍ എഴുതി. എബോള രോഗത്തിനെതിരെ അമേരിക്കക്കാരുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അത് വര്‍ഷങ്ങളായി ശത്രുതയിലുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിനുവേണ്ടിയുള്ള അന്വേഷണമല്ല. മറിച്ച് ലോകസമാധാനത്തിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കാസ്‌ട്രോ എഴുതുന്നു. ഭൗതിക താല്പര്യങ്ങളില്ലാതെ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സഹാനുഭാവത്തിന്റെ വലിയ ഉദാഹരണമാണെന്നും അദ്ദേഹം കുറിച്ചു. എബോള രോഗ ചികിത്സക്കായി ക്യൂബ ഇതുവരെ 165 ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സിയാറ ലിയോണിലേക്കയച്ചിട്ടുണ്ട്. 296 പേരെക്കൂടി ലൈബീരിയയിലേക്കും ഗിനിയയിലേക്കും അയക്കാന്‍ ക്യൂബക്ക് പദ്ധതിയുണ്ട്. എബോള രോഗത്തെത്തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ക്യൂബയെപ്പോലുള്ള രാജ്യങ്ങള്‍ സ്തുത്യര്‍ഹ്യമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. രോഗനിയന്ത്രണത്തിനായി അമേരിക്ക നൂറ് കണക്കിന് സൈനികരെയും ആരോഗ്യപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മേഖലയില്‍ നാലായിരത്തോളം സൈനികരെ അമേരിക്ക നിയോഗിക്കും. ആറ് മാസത്തിനുള്ളില്‍ 750 മില്യണ്‍ ഡോളറിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അമേരിക്ക പദ്ധതിയിടുന്നത്. അമേരിക്കയില്‍ മൂന്ന് പേര്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേര്‍ നിരീക്ഷണത്തിലാണ്.

Latest