Connect with us

Kerala

കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വെട്ടിക്കുറച്ചു

Published

|

Last Updated

പാലക്കാട്: പ്രകൃതി ദുരന്തങ്ങളില്‍ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വന്‍ തോതില്‍ കുറച്ചു. നശിക്കുന്ന ചെടികളുടെ കണക്കു നോക്കിയാണ് മുമ്പ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. എന്നാല്‍, പുതിയ ഉത്തരവ് അനുസരിച്ച് ഒരു ഹെക്ടറിലെ നാശം എന്നാണ് കണക്കാക്കുന്നത്. തന്നാണ്ട് വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പുതിയ ഉത്തരവ് തിരിച്ചടിയാകുന്നത്.
ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. (ജി ഒ എം എസ് നമ്പര്‍ 48/2014/ഡി എം ഡി) 2014 ജനുവരി 24ന് പുറത്തിറക്കിയ ഈ ഉത്തരവനുസരിച്ച് 2013 ഒക്‌ടോബര്‍ 24 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. സര്‍ക്കുലര്‍ അനുസരിച്ച് നെല്ല് മുതല്‍ വാഴ വരെയുള്ള കാര്‍ഷിക വിളകള്‍ക്കുള്ള ധനസഹായം നാമമാത്രമാക്കി. ഇനി മുതല്‍ പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചാല്‍, മണ്ണൊലിപ്പുണ്ടായാല്‍ നഷ്ടത്തിന്റെ അഞ്ച് ശതമാനം ധനസഹായം മാത്രമേ ലഭിക്കൂ. മാത്രമല്ല ഒരു ഹെക്ടര്‍ മുതല്‍ രണ്ട് ഹെക്ടര്‍ വരെയുള്ളവര്‍ക്കായി ആനുകൂല്യം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഒരു ഹെക്ടറില്‍ മണ്ണൊലിപ്പുണ്ടായാല്‍ 81,000 രൂപവരെ ധനസഹായം ലഭിച്ചിരുന്നു. ഒരു ഹെക്ടറില്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപയും ലഭിച്ചു. ഇത് 4,500 രൂപയാക്കി കുറച്ചിരിക്കയാണ്. ജലസേചന സൗകര്യമുള്ളിടത്താണെങ്കില്‍ 9000 രൂപയെ ലഭിക്കൂ. മണ്ണൊഴുകിപ്പോയ സ്ഥലം എത്രയാണോ അതിനുമാത്രമായി ധനസഹായം ചുരുക്കി. ഒരു ഹെക്ടറില്‍ പകുതി സ്ഥലത്ത് മണ്ണൊലിപ്പുണ്ടായാല്‍ അത് നന്നാക്കിയെടുക്കാന്‍ ഒരു ഹെക്ടറിനുള്ള ധനസഹായം ലഭിച്ചിരുന്ന സ്ഥാനത്താണ് നശിച്ച പ്രദേശത്തിനു മാത്രമായി ചുരുക്കിയത്. തെങ്ങ് നശിച്ചാല്‍ ഇനി മുതല്‍ ഒരു തെങ്ങിന് 68 രൂപയാണ് ലഭിക്കുക. ഒരു ഹെക്ടറില്‍ പകുതിയെങ്കിലും തെങ്ങ് നശിച്ചാലേ ധനസഹായത്തിന് അര്‍ഹതയുണ്ടാകൂ. അതായത് ഒരു ഹെക്ടറില്‍ 125 തെങ്ങുകളാണ് കൃഷിചെയ്യുന്നതെങ്കില്‍ ഇതില്‍ 63 തെങ്ങുകളെങ്കിലും നശിച്ചാലേ സഹായം ലഭിക്കൂ. ഒന്നോ പത്തോ തെങ്ങ് നശിച്ചാല്‍ ധനസഹായം ലഭിക്കില്ല. നേരത്തെ തെങ്ങ് കായ്ഫലമുള്ളത് ഒന്നിന് 700 രൂപയും കായ്ഫലം ഇല്ലാത്തതിന് 350 രൂപയും ലഭിച്ചിരുന്നു.
വാഴക്കൃഷി നശിച്ചാല്‍ കുലച്ച വാഴക്ക് ഒന്നിന് 100 രൂപയും കുലക്കാത്തതിന് 75 രൂപയുമാണ് ലഭിച്ചിരുന്നത്. ഇനി മുതല്‍ 2. 40 പൈസയും 1. 40 പൈസയുമാണ് ലഭിക്കുക. നെല്ലിന് ഹെക്ടറിന് 10,000 രൂപയാണ് സഹായം. ഇനി 500 രൂപ മാത്രമെ ലഭിക്കൂ. റബര്‍, ടാപ്പിംഗ് ചെയ്യുന്നതിന് ഒരെണ്ണത്തിന് 300 രൂപയും മൂന്ന് വര്‍ഷം പ്രായമുള്ളതിന് 200 രൂപയുമാണ്. ഇത് 15 ഉം 10 രൂപയാക്കി കുറച്ചു. കശുമാവ്, കവുങ്ങ് എന്നിവക്ക് 15 രൂപയാണ് ലഭിക്കുക. നേരത്തെ 150 രൂപ ലഭിച്ചിരുന്നു. കുരുമുളകിന് 75 രൂപക്ക് പകരം ഏഴര രൂപയേ കിട്ടൂ. ഇഞ്ചിക്കൃഷിക്ക് പത്ത് സെന്റിന് 150 രൂപയും മഞ്ഞള്‍ പത്ത് സെന്റിന് 120 രൂപ, കപ്പ 25 സെന്റിന് 150 രൂപ എന്നിങ്ങനെ ലഭിച്ചിരുന്നത് ഇനി ഒരു ഹെക്ടറിന് നൂറ് രൂപയില്‍ താഴെ മാത്രമെ കിട്ടുകയുള്ളൂ. നിലക്കടല, എള്ള്, പച്ചക്കറി, ജാതിക്ക, ധാന്യങ്ങള്‍ എന്നിവക്കും അമ്പത് രൂപയില്‍ താഴെ മാത്രമെ സഹായം ലഭിക്കൂ.
പ്രകൃതിദുരന്തങ്ങളില്‍ പെട്ടുള്ള കൃഷി നാശം, മണ്ണൊലിപ്പ് എന്നിവക്ക് പോലും നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വന്നാല്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലേക്ക് കര്‍ഷകര്‍ നീങ്ങുമെന്നാണ് പറയുന്നത്. സര്‍ക്കാറിന്റെ പുതിയ ഉത്തരവ് മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.