Connect with us

Kerala

ഡീസല്‍ വിലക്കുറവ്: കെ എസ് ആര്‍ ടി സിക്ക് പ്രതിദിനം 13 ലക്ഷം ലാഭം

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്നതിനെ തുടര്‍ന്ന് ഡീസല്‍ വില കുറഞ്ഞത് നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിക്ക് ആശ്വാസമായി. ഡീസല്‍ വിലക്കുറവ് മൂലംകെ എസ് ആര്‍ ടി സിക്ക് പ്രതിദിനം 13 ലക്ഷം രൂപ അധികം ലഭിക്കും. പ്രതിമാസം നാല് കോടിയോളം രൂപ ഇങ്ങനെ കുറവുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ എസ് ആര്‍ ടി സിക്ക് ചെറിയ ആശ്വാസമാകും.
നിലവില്‍ ലിറ്ററിന് 61. 50 രൂപ നിരക്കില്‍ ദിനേന 4,10,000 ലിറ്റര്‍ ഡീസലാണ് കെ എസ് ആര്‍ ടി സി ഉപയോഗിച്ചുവരുന്നത്. ഈയിനത്തില്‍ ഒരു ദിവസം 2,51,000 രൂപയാണ് ഇന്ധന ചെലവ്. എന്നാല്‍ ഇന്നലെ മുതല്‍ രാജ്യത്ത് ലിറ്ററിന് 3.37 രൂപ കുറഞ്ഞതോടെ 58.17 രൂപക്ക് ഡീസല്‍ ലഭിക്കും. ഇതുവഴി ദിവസം 13 ലക്ഷത്തോളം രൂപ ലാഭിക്കാനാകും. ഈ നില തുടര്‍ന്നാല്‍ പ്രതിമാസം നാല് കോടിയും പ്രതിവര്‍ഷം 48 കോടിയും ഇന്ധന ചെലവില്‍ വ്യക്തമായ കുറവുണ്ടാകും. ഇത് കെ എസ് ആര്‍ ടി സിക്ക് ഏറെ ഗുണകരമാകും.
വിവിധ കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പെന്‍ഷന്‍ വിതരണം പോലും മുടങ്ങിയിരുന്ന കെ എസ് ആര്‍ ടി സിക്ക് നാല് കോടി നല്‍കുന്ന പ്രതീക്ഷ വലുതാണ്. കെ എസ് ആര്‍ ടി സിയിലെ 10,500 എം-പാനല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഒരു മാസത്തെ ശമ്പളം ഏഴ് കോടി രൂപയാണ്. ഇതിന്റെ പകുതിയെങ്കിലും ഡീസല്‍ വിലയിനത്തില്‍ ഉണ്ടായ കുറവുകൊണ്ടു നികത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശമ്പള കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് എം- പാനല്‍ ജീവനക്കാര്‍ സമരം ചെയ്തിരുന്ന സാഹചര്യവും ഈ മാസം ആദ്യമുണ്ടായിരുന്നു.
ഒരു മാസമായി എണ്ണക്കമ്പനികളില്‍ നിന്ന് നേരിട്ടാണ് കെ എസ് ആര്‍ ടി സി ഡീസലെടുക്കുന്നത്. നേരത്തെ ഒരു രൂപ കുറഞ്ഞപ്പോഴാണ് സ്വകാര്യപമ്പുകളെ ഒഴിവാക്കി ഡീസല്‍ നേരിട്ടെടുക്കാന്‍ തുടങ്ങിയത്. വേണ്ട ഇന്ധനത്തിന്റ 93 ശതമാനവും നല്‍കുന്നത് ഇന്ത്യന്‍ ഓയിന്‍ കോര്‍പറേഷനാണ്. അതേസമയം, ഡീസല്‍ വില നിയന്ത്രണം നീക്കിയതുവഴി ഇപ്പോള്‍ വില കുറഞ്ഞെങ്കിലും ഭാവിയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്. ക്രൂഡ് ഓയില്‍ വില താഴ്ന്നപ്പോള്‍ നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതുകൊണ്ടാണ് ഇപ്പോള്‍ ഡീസല്‍ വില കുറഞ്ഞത്. ഇനി ക്രൂഡോയില്‍ വില ഉയര്‍ന്നാല്‍ കമ്പനികള്‍ ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചാല്‍ ഇത് കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാകും.