Connect with us

National

മഹാരാഷ്ട്രയില്‍ 24 വര്‍ഷത്തിന് ശേഷം സെഞ്ച്വറി തികച്ച് ബി ജെ പി

Published

|

Last Updated

മുംബൈ: 1990ല്‍ കോണ്‍ഗ്രസ് നേടിയ സെഞ്ച്വറി നേട്ടത്തെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം മറികടന്നിരിക്കുകയാണ് മഹാരാഷ്ട്രയില്‍ ബി ജെ പി. 288 അംഗ നിയസമഭയില്‍ 120 സീറ്റുകളാണ് ബി ജെ പി നേടിയിരിക്കുന്നത്. 1990ല്‍ കോണ്‍ഗ്രസ് 141 സീറ്റുകള്‍ നേടിയായിരുന്നു റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയത്. ഇതിന് ശേഷം ഒരു ദേശീയ, പ്രാദേശിക പാര്‍ട്ടിയും നൂറ് എന്ന മാന്ത്രിക അക്കം ഒരു സംസ്ഥാനത്തും കടന്നിരുന്നില്ല. 2009ല്‍ ശിവസേനയുമായി ചേര്‍ന്ന് മത്സരിച്ച് കേവലം 47 സീറ്റുകളാണ് ബി ജെ പി നേടിയിരുന്നത്.
സംസ്ഥാനത്ത് ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ബി ജെ പിയും ശിവസേനയും രൂപവത്കരിച്ച 1995ല്‍ 138 സീറ്റുകളാണ് നേടിയത്. ബി ജെ പി 65ഉം ശിവസേന 73ഉം അന്ന് നേടി. 1990ല്‍ ആദ്യമായി ശിവസേനയും ബി ജെ പിയും സഖ്യമായി മത്സിച്ചപ്പോള്‍, 104 സീറ്റുകളില്‍ ബി ജെ പി 42ഉം 183 സീറ്റുകളില്‍ ശിവസേന 52ഉമാണ് നേടിയത്. അന്തരിച്ച നേതാവ് പ്രമോദ് മഹാജനായിരുന്നു ഈ സഖ്യത്തിന്റെ പെരുന്തച്ചന്‍. അതിന് മുമ്പത്തെ 1985ലെ തിരഞ്ഞെടുപ്പില്‍ 67 ഇടത്ത് മത്സരിച്ചെങ്കിലും 16 സീറ്റുകള്‍ നേടാനേ ബി ജെ പിക്കായുള്ളൂ. അന്ന് 287 മണ്ഡലങ്ങളില്‍ 161ഉം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായി.
ഒറ്റക്ക് മത്സരിച്ച് വന്‍ വിജയം നേടിയ ബി ജെ പിക്ക് തുണയായത് അഴിമതിയും സര്‍ക്കാര്‍വിരുദ്ധ ജനവികാരവുമാണ്. കോണ്‍ഗ്രസ്- എന്‍ സി പി സഖ്യ സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തിലും സഖ്യമായിരുന്നു. പുറമെ ഉദ്യോഗസ്ഥ ഭരണവും. ആദര്‍ശ് ഫഌറ്റ് കുംഭകോണത്തില്‍ അശോക് ചവാന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും സുശീല്‍ കുമാര്‍ ഷിന്‍ഡേ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സംശയമുന നീളുകയും ചെയ്തതിനാല്‍ തികഞ്ഞ പ്രതിരോധത്തിലാകുകയായിരുന്നു കോണ്‍ഗ്രസ്. എന്‍ സി പിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ജലസേചന കുംഭകോണത്തില്‍ എന്‍ സി പി നേതാവ് അജിത് പവാറിന് ഒരുവേള രാജിനാടകം കളിക്കേണ്ടി വരിക കൂടി ചെയ്തു. ഇത് ശക്തമായ സര്‍ക്കാര്‍വിരുദ്ധ മനോഭാവം ജനങ്ങള്‍ക്കിടയിലുണ്ടാക്കി.
വികസന മുന്നേറ്റത്തിന് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ മഹാരാഷ്ട്രക്കാര്‍ വാഗ്ദാനം ചെയ്യണമെന്ന മോദിയുടെ അഭ്യര്‍ഥന വൃഥാവിലായിരിക്കുകയാണ്. ബി ജെ പിയെ വ്യക്തമായ ഭൂരിപക്ഷം സമ്മാനിക്കണമെന്നായിരുന്നു പ്രചാരണ റാലികളില്‍ മോദി പ്രസംഗിച്ചത്. ബി ജെ പി വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപവത്കരണത്തിന് മറ്റ് കക്ഷികളുടെ പിന്തുണ അനിവാര്യമാണ്. സമാന പ്രത്യയശാസ്ത്രവുമായി നീങ്ങുന്ന ശിവസേനയുമായി വീണ്ടും കൈ കോര്‍ക്കുമോ അതോ അവസര രാഷ്ട്രീയവുമായി മുന്നോട്ടു വന്ന എന്‍ സി പിയെ പുണരുമോ എന്ന് കണ്ടറിയണം. ഒരു പാര്‍ട്ടിയെ പൂര്‍ണമായും പുല്‍കാതെ ജനാധിപത്യ സംവിധാനത്തിന് കുറച്ചുകൂടി ഊന്നല്‍ നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രക്കാര്‍.

---- facebook comment plugin here -----

Latest