Connect with us

Kerala

22 നഗരങ്ങളില്‍ പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 22 നഗരങ്ങളില്‍ കൂടി പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ചികിത്സാ സൗകര്യങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. കെട്ടിടമുള്‍പ്പെടെ അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നെടുമങ്ങാട്, കരുനാഗപ്പള്ളി, കായംകുളം, ചങ്ങനാശ്ശേരി, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മലപ്പുറം, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, വടകര, കൊയിലാണ്ടി, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ നഗരങ്ങളാണ് പുതിയ പ്രാമഥികാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി പരിഗണിക്കുന്നത്.
ദേശീയ ഗ്രാമീണാരോഗ്യ ദൗത്യവും (എന്‍ ആര്‍ എച്ച് എം) ദേശീയ നഗരാരോഗ്യ ദൗത്യവും (എന്‍ യു എച്ച് എം) ലയിപ്പിച്ച് ദേശീയ ആരോഗ്യ ദൗത്യം (എന്‍ എച്ച് എം) ആക്കിയതോടെയാണ് കൂടുതല്‍ നഗരങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വരുന്നത്. നഗരത്തിലെയും ഗ്രാമങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിവേചനം കൂടാതെ തുക അനുവദിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
നേരത്തെ കേന്ദ്രം അനുവദിക്കുന്ന ഭൂരിഭാഗം തുകയും സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചിരുന്നത്. നഗരങ്ങളിലെ വാര്‍ഡുകള്‍ ശുചീകരിക്കുന്നതിന് പതിനായിരം രൂപ വീതം മാത്രമാണ് നല്‍കിയിരുന്നത്. ഇതിനാല്‍ നഗരങ്ങളിലെ മറ്റു ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു. ഇതോടെയാണ് കേന്ദ്രം എന്‍ യു എച്ച് എം ആരംഭിച്ചത്. എന്നാല്‍, ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകള്‍ എന്ന നിലയിലാണ് എന്‍ ആര്‍ എച്ച് എമ്മിനെയും എന്‍ യു എച്ച് എമ്മിനെയും ലയിപ്പിച്ച് ദേശീയ ആരോഗ്യ ദൗത്യം എന്ന പേരില്‍ ഒറ്റ സംവിധാനമാക്കിയത്.
എന്‍ യു എച്ച് എം ആരംഭിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനഞ്ച് നഗരങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. 22 നഗരങ്ങളില്‍ക്കൂടി പുതുതായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നതോടെ സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ള നഗരങ്ങളുടെ എണ്ണം 37 ആകും. ഓരോ സാമ്പത്തിക വര്‍ഷവും കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ പരിഗണിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് പദ്ധതി. നിലവില്‍ സംസ്ഥാനത്താകെ 105 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെ 943 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ഇവക്ക് കീഴില്‍ 5,094 ഉപ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

Latest