Connect with us

Articles

ദുരിതം നുള്ളാന്‍ അന്യ സംസ്ഥാനക്കാരും

Published

|

Last Updated

മലപ്പുറം കരുവാരക്കുണ്ടിനടുത്ത കല്‍ക്കുണ്ടില്‍ ഒരു ശ്രീലങ്കന്‍ കോളനിയുണ്ട്. ശ്രീലങ്കന്‍ വംശജര്‍ കൂട്ടുകുടുംബമായി കഴിയുന്ന കോളനി. ജോലിയെടുത്തിരുന്ന തോട്ടം ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടിയതോടെ നാട്ടിലേക്ക് തിരിച്ചു പോകാനാകാതെ മുന്നില്‍ കണ്ട തരിശുഭൂമിയില്‍ കുടില്‍ കെട്ടി പാര്‍ത്ത ശ്രീലങ്കന്‍ തൊഴിലാളികളുടെ പിന്‍മുറക്കാരാണ് ഇന്നും ഇവിടെ കഴിഞ്ഞു വരുന്നത്. പ്രദേശവുമായി ഇഴകിച്ചേര്‍ന്ന ഇവര്‍ ഇന്ന് ഈ നാടിന്റെ ഭാഗമാണ്.
ബ്രീട്ടീഷ് പാരമ്പര്യമുള്ള, മലപ്പുറം കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിന് 15 വര്‍ഷം മുമ്പാണ് താഴുവീണത്. 99 വര്‍ഷത്തെ പാട്ടത്തിനെടുത്ത ഭൂമിയില്‍ എസ്റ്റേറ്റ് സ്ഥാപിച്ചത് ലയണ്‍ എഡ്വേര്‍ഡ് കീര്‍വാണ്‍ എന്ന സായിപ്പാണ്. സായിപ്പില്‍ നിന്ന് കൈമറിഞ്ഞ് അവസാനം എത്തിയത് കോഴിക്കോട് ടി കമ്പനിയുടെ ഉടമസ്ഥതയില്‍. മുതലാളിമാര്‍ മൂവായിരത്തോളം ഏക്കര്‍ ഭൂമി ഈട് വെച്ച് ബേങ്കില്‍ നിന്ന് ലോണെടുത്തു. ലോണ്‍ തിരിച്ചടക്കാതായതോടെ നിയമനടപടികള്‍ക്കൊടുവില്‍ അവസാനം നിരവധി തൊഴിലാളികളുടെ വിയര്‍പ്പ് വീണ കേരള എസ്‌റ്റേറ്റിന് താഴുവീണു. അടച്ചു പൂട്ടുമ്പോള്‍ 400ഓളം തൊഴിലാളികളാണ് ജോലിയെടുത്തിരുന്നത്. എസ്റ്റേറ്റിന്റെ ഇരുമ്പ് ഗേറ്റിനൊപ്പം ഇവരുടെ പ്രതീക്ഷകള്‍ക്കാണ് പൂട്ട് വീണത്. തോട്ടം ഭൂമിയുടെ രേഖകള്‍ കോടതി കയറിയതോടെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും സാങ്കേതികത്വത്തില്‍ കുരുങ്ങി. അപൂര്‍വം ചിലര്‍ക്ക് കമ്പനി മുതലാളിമാരുടെ ചെറിയ സഹായം ലഭിച്ചു. മറ്റു ചിലര്‍ കുറെ കാത്തിരുന്നു, കാത്തിരുന്നു മടുത്തവര്‍ മനസ്സില്ലാ മനസ്സോടെ പിന്‍വാങ്ങി. ശ്രീലങ്കന്‍ തൊഴിലാളികള്‍ മറ്റു മേഖലകളില്‍ ജോലി കണ്ടെത്തി. അപ്പോഴും തോട്ടം ഭൂമിയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുത്തവര്‍ക്ക് തൊഴിലാളികളുടെ വിഹിതമായി പറ്റിയ ലക്ഷങ്ങള്‍ കൂടി കീശയിലെത്തി.
മലയാളികള്‍ക്കൊപ്പം ഇതരദേശക്കാരും തൊഴില്‍ ചൂഷണത്തിനിരയായത് ഇവിടെ മാത്രമല്ല, അന്യ സംസ്ഥാന തൊഴിലാളികളില്‍ പലരും ഇന്നും തേയിലത്തോട്ടങ്ങളില്‍ ദുരിതം നുള്ളുന്നുണ്ട്. വയനാടും ഇടുക്കിയും വിതുരയും വണ്ടിപ്പെരിയാറും മുണ്ടക്കയത്തുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിയ തേയിലത്തൊഴിലാളികളുടെ നാലാം തലമുറയാണ് കൊളുക്കു മലയിലുള്ളത്. 420 ഓളം തൊഴിലാളികളുള്ള ഇവിടെ സ്‌കൂളും ആശുപത്രിയും പോകട്ടെ, ഒരു പെട്ടിക്കട പോലുമില്ല. വിശപ്പ് മാറണമെങ്കില്‍ കേരളത്തിലെ സൂര്യനെല്ലിയില്‍ നിന്നോ തമിഴ്‌നാട്ടിലെ കോട്ടകുടിയില്‍ നിന്നോ അരിയെത്തണം. ലോകത്തെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം എന്ന ഖ്യാതി നേടിയ കൊളുക്കുമലൈ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണെങ്കിലും ഇവിടെ നിന്നുള്ള തൊഴിലാളികളുടെ രോദനങ്ങള്‍ ആ ഉയരത്തേക്കാള്‍ ഉയരെയാണ്.
വണ്ടിപ്പെരിയാറിലെ തേയിലത്തോട്ടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്നത് കൊടിയ ദുരിതമാണ്. മലയാളികള്‍ തോട്ടങ്ങളിലെത്താന്‍ മടിച്ചതോടെ അസം, ബീഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി മുന്നോറോളം തൊഴിലാളികളെയാണ് ഇവിടെ തോട്ടങ്ങളിലെത്തിച്ചത്. ഈ 300 പേരെയും കൂട്ടമായി മാനേജ്‌മെന്റ് താമസിപ്പിച്ചിരിക്കുന്നു. കൂട്ടമായി താമസിപ്പിച്ചതിനാല്‍ കുടുംബങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. താത്കാലികമായി വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്ക് വീശിയടിക്കുന്ന കാറ്റും മഴയും പ്രതിരോധിക്കാനുമാകുന്നില്ല. തൊഴിലാളികള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ പാര്‍പ്പിക്കാനുള്ള സംവിധാനം ഉണ്ടാകാറുണ്ട്. എന്നാല്‍, ഇവിടെ അതും നിഷേധിക്കപ്പെട്ടിരിക്കുന്നു. ജോലി കഴിഞ്ഞ് മാതാപിതാക്കളെത്തുന്നതു വരെ മുതിര്‍ന്ന കുട്ടികളെ ഏല്‍പ്പിച്ചാണ് രക്ഷിതാക്കള്‍ പാടികള്‍ കയറുന്നത്. പഠിപ്പിക്കാനായി മാനേജ്‌മെന്റ് സൗകര്യമൊരുക്കാത്തതിനാല്‍ ദുരിതത്തിനൊപ്പം കുട്ടികളുടെ ഭാവിയും ഇരുളടയുന്നു.
ഇടുക്കിയിലെ ബോണക്കാട് എസ്റ്റേറ്റില്‍ ജോലിയെടുത്തിരുന്ന തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഏറെ കെഞ്ചിയെങ്കിലും നിരാശയോടെയാണ് അവരെല്ലാം തോട്ടം വിട്ടിറങ്ങിയത്. ചൂഷണത്തിന് പുറമെ വിവേചനം കൂടിയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്നത്. സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ട തോട്ടം മേഖലയില്‍ മലയാളികളുടെ പ്രതിഷേധങ്ങള്‍ പതിയെ ഉയര്‍ന്നു തുടങ്ങിയതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങി. താത്കാലിക ജീവനക്കാരായി പുതു തലമുറ പരീക്ഷണത്തിന് തയാറാകാത്തത് കൊണ്ട് ഇതെല്ലാതെ മുതലാളിമാര്‍ക്ക് മറ്റു വഴികളുമില്ല. ഒരു തൊഴിലാളി സംഘടനയുടേയും ഭാഗമല്ലാത്തതിനാലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നിറമില്ലാത്തതിനാലും ഇവര്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ ഒരു പാടിയില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമില്ല.