Connect with us

Editorial

കോണ്‍ഗ്രസിന്റെ വീഴ്ച

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പിന്നാലെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഭാരതീയ ജനതാ പാര്‍ട്ടി മികച്ച നേട്ടം കൈവരിച്ചിരിക്കയാണ്. ഹരിയാനയില്‍ പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു തള്ളി കേവലഭൂരിപക്ഷം നേടിയപ്പോള്‍ മഹാരാഷ്ട്രയില്‍ അവര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ഹരിയാനയില്‍ 2009ലെ നാല് സീറ്റ് 47 ഉയര്‍ത്തിയ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇത് ചരിത്ര വിജയം കൂടിയാണ്. സംസ്ഥാനം രുപവത്കൃതമായ ശേഷം ആദ്യമായാണ് ബി ജെ പി ഹരിയാനയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടുന്നത്.കോണ്‍ഗ്രസ് ഇവിടെ 44ല്‍ സീറ്റില്‍ നിന്ന് 15 ലേക്ക് പതിക്കുകയും ചെയ്തു. ഓം പ്രകാശ് ചൗതാലയുടെ ഐ എന്‍ എല്‍ ഡിയാണ് രണ്ടാം സ്ഥാനത്ത്.
മഹാരാഷ്ട്രയില്‍ 288ല്‍ 151 സീറ്റ് നേടി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമെന്നായിരുന്നു ഇന്ത്യാ ടുഡെയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. അത്രത്തോളം എത്തിയില്ലെങ്കിലും ശിവസേനയുമായുള്ള കാല്‍ നൂറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിച്ചു ഒറ്റക്ക് മത്സരിച്ചിട്ടും 122 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നത് പാര്‍ട്ടിക്ക് അഭമാനാര്‍ഹമായ നേട്ടമാണ്. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ശിവസേനയാണ് ഇവിടെ 61 സീറ്റ് രണ്ടാം സ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും സ്വാധീന മേഖലകളിലും പരമ്പരാഗത മണ്ഡലങ്ങളിലും ബി ജെ പി വന്‍ മുന്നേറ്റമാണ് കാഴ്ച വെച്ചത്.
ശക്തമായ ഭരണവിരുദ്ധ വികാരമാണ് രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രിന് വിനയായത്. ഹരിയാനയില്‍ മുഖ്യമന്ത്രി ഭപീന്ദര്‍ സിംഗ് ഹുഡക്കും റോബോര്‍ട്ട് വദ്രയക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളും കോണ്‍ഗ്രസിന് ദോഷം ചെയ്തു. ദളിതരടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ ഇത്തവണ ബി ജെ പിയെയാണ് തുണച്ചത്. ശക്തമായ ജാതി വികാരം നിലനില്‍ക്കുന്ന ഇവിടെ ജാട്ട് വോട്ടുകളാണ് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ എ എന്‍ എല്‍ ഡിയെ സഹായിച്ചത്. മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധ വികാരങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന്റെ വഴി പിരിയലും ഇരു പാര്‍ട്ടികള്‍ക്കും വിനയായി. ഇത്തവണ മത്സരത്തിന് പകുതി സീറ്റുകള്‍ ലഭിക്കണമെന്ന എന്‍ സി പിയുടെ പിടിവാശിയാണ് സഖ്യം തകരാനിടയാക്കിയത്. ബി ജെ പി, ശിവസേനാ സഖ്യം വഴി പിരിഞ്ഞതോടെ കോണ്‍ഗ്രസ്‌വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് എന്‍ സി പിയെ കൂടുതല്‍ സീറ്റിനായി പിടിമുറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ മതേതര കക്ഷികള്‍ ഇത്തവണയും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ വര്‍ഗീയ കക്ഷികളുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താനാകുമായിരുന്നുവെന്നാണ് മോദി അധികാരത്തിലേറിയ ശേഷം നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും നല്‍കുന്ന സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിലനിര്‍ത്തുന്നതില്‍ ഈ മുന്ന് തിരഞ്ഞെടുപ്പിലും ബി ജെ പിക്കായില്ലെന്ന് മാത്രമല്ല, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകളില്‍ ഭൂരിഭാഗവും അവര്‍ക്ക് നഷ്ടമാകുകയും ചെയ്തിരുന്നു.
പ്രചാരണ രംഗത്ത് ശക്തനായ ഒരു നേതൃത്വത്തിന്റെ അഭാവവും കോണ്‍സിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കി. ഭാവി പ്രതീക്ഷയായി പാര്‍ട്ടി രംഗത്തിക്കിയ രാഹുല്‍ ഗാന്ധിക്ക് അണികളെ ആകര്‍ഷിക്കാനായില്ലെന്ന് ലോക്‌സഭാതിരഞ്ഞെടുപ്പോടെ ബോധ്യമായതാണ്. രാഹുലന്റെ അപക്വമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് പാര്‍ട്ടിക്ക് ദോഷം ചെയ്തെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ പരസ്യമയി പ്രസ്താവിക്കുകയുമുണ്ടായി. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ രാഹുലിനെ പ്രചരണത്തിന് ഇറക്കേണ്ടെന്ന അഭിപ്രായം നേതൃത്വത്തില്‍ ശക്തമായിരുന്നു. ഈ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ നില ദയനീയമായതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവിയില്‍ ഏറെക്കുറെ കരിനിഴല്‍ വീണുകഴിഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളും “പ്രിയങ്ക ഗാന്ധിയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്ന അണികളുടെ മുദ്രാവാക്യവും കരുത്തനായ മറ്റൊരു നേതാവിനെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നതെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിനും ലോക് സഭാതിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിനും പിന്നാലെ ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രകടനം ദയനീയമായതോടെ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഈ വീഴ്ചയില്‍ കരയറുക പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.

 

Latest