Connect with us

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലകളുടെ ദിനം

Published

|

Last Updated

ഗുവാഹത്തി: ഇന്ത്യന്‍ സുപ്പര്‍ ലീഗിലെ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്നലെ സമനിലകളുടെ ദിനം. കൊല്‍ക്കത്തയും ഡല്‍ഹിയും തമ്മലുള്ള മത്സരവും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഗോവയും തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിച്ചു. അത്യധികം ആവേശം വാരിവിതറിയ നോര്‍ത്ത് ഈസ്റ്റ് ഗോവ മത്സരത്തന് ആവേശകരമായ സമനിലയാണുണ്ടായത്. മികച്ച രീതിയില്‍ നീങ്ങിയ മത്സരത്തില്‍ പതിനേഴാം മിനുറ്റില്‍ ഗ്രിഗറി അര്‍നോളിന്‍ നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നില്‍ കടന്നത്. ആന്‍ഡ്രേ സാന്‍ഡോസെടുത്ത ഫ്രീക്കിക്ക് മനോഹരമായൊരു നീക്കത്തിലൂടെ ഗ്രിഗറി വലയിലാക്കുകയായിരുന്നു. എന്നാല്‍ ഗോള്‍ വീണതോടെ ആക്രമണം ശക്തമാക്കിയ നോര്‍ത്ത് ഈസ്റ്റ് മുപ്പത്താറാം മിനിറ്റില്‍ സമനില പിടിച്ചു. പെനാല്‍റ്റി ബോക്‌സില്‍ ഗുരുംഗിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കോകെ വലയിലാക്കി. തുടര്‍ന്ന് പോരാട്ടം കനത്തുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നും ഒടുവില്‍ സമനിലക്കുരുക്കില്‍ പെട്ട് രണ്ട് ടീമുകളും ഓരോ പോയിന്റ പങ്കിട്ടു.
കൊല്‍ക്കത്ത: പോയിന്റ് നിലയിലെ ഒന്നാമന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് ആ മികവ് ഡെല്‍ഹി ഡൈനാമോസിനെതിരെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഐ എസ് എല്ലിലെ മികച്ച ടീമുകളിലൊന്നായ അത്‌ലറ്റിക്കോ കയ്യെത്തും ദൂരത്ത് വിജയം നഷ്ടപ്പെടുത്തുകയായിരുന്നു. ആദ്യ കളികളില്‍ അത്‌ലറ്റിക്കോയെ വിജയ തീരത്തെത്തിച്ച ഫിക്രുവിന് ഡല്‍ഹിക്കെതിരായ കളിയില്‍ അത് സാധിച്ചില്ല. മികച്ച രീതിയില്‍ തന്നെയാണ് കളി ആരംഭിച്ചത് കൊല്‍ക്കത്തക്കെതിരെ ഒഴുക്കോടെ കളിച്ച ഡല്‍ഹി തുടക്കത്തില്‍ തന്നെ ഗോള്‍വഴങ്ങുന്നതിനെ പ്രതിരോധിച്ചു. ഇരുവശത്തുമായി ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ വഴുതിപ്പോയി. പത്തൊമ്പതാം മിനുറ്റില്‍ അത്‌ലറ്റിക്കോയുടെ സൂപ്പര്‍താരം ഫിക്രുവിന്റെ മികച്ചൊരു ഷോട്ട് ഗോളി തട്ടിയകറ്റി. പിന്നീട് മികച്ച ഷോട്ടുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. പക്ഷ പലതും ഗോള്‍ എന്ന കടമ്പയിലേക്ക് എത്തിച്ചേര്‍ന്നില്ല. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം കളി കൂടുതല്‍ മികച്ച രീതിയിലേക്ക് മാറി. അളന്നുമുറിച്ച പാസുകളും മികച്ച ഷോട്ടുകളുമായി വീണ്ടും മത്സരത്തിന് ചൂടുപിടിച്ചു. നാല്‍പ്പത്തൊമ്പതാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ഡല്‍ഹി താരമായ റേയ്‌മേക്കര്‍ ഫിക്രുവിനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ആദ്യ ഗോളിന് വഴി തെളിച്ചത്. കിക്കെടുത്ത ജോഫ്രേ മാറ്റുവിന് തെറ്റിയില്ല ഗോളിയെ കബളിപ്പിച്ച് പന്ത് വലയില്‍.
ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയ ഡല്‍ഹി അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ നീങ്ങവെ നിരവധി അവസരങ്ങള്‍ പിറന്നു. പക്ഷ അത് ഗോളിലേക്കെത്തിയില്ല. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഡല്‍ഹിയുടെ വക സമനില ഗോള്‍. ഗോളുമായി നീങ്ങിയ പവേല്‍ ഏലിയാസിന്റെ മികച്ചൊരു വോളി കൊല്‍ക്കത്തയുടെ വലയില്‍. സമനില ഗോള്‍ നേടിയതോട് കൂടി അതിന്റെ ഊര്‍ജത്തിലായിരുന്നു ഡല്‍ഹി. കൊല്‍ക്കത്തക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാതെ അവര്‍ മുന്നോട്ട് നീങ്ങി. അതിനിടയില്‍ തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് രാകേഷ് മാസിഹ് പുറത്ത്. അടുത്ത മാച്ചില്‍ ഇതോടെ രാകേഷിന് കളിക്കാന്‍ സാധ്യമല്ല. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ചൊരു ഷോട്ട് ഡല്‍ഹി താരം ഡോസ് സാന്റോസിന്റെ പക്കല്‍ നിന്നും കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നെന്നവണ്ണം നഷ്ടപ്പെട്ടു. വിജയം പ്രതീക്ഷിച്ച കൊല്‍ക്കത്തക്കും അവസാനനിമിഷത്തെ ഷോട്ട് ഗോളാക്കാന്‍ സാധിക്കാതെ ഡല്‍ഹിയും സമനിലക്കുരുക്കില്‍ പെട്ടു.

Latest