Connect with us

Gulf

ഒമാനില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളിലെ വിസാ വിലക്ക് നീങ്ങി

Published

|

Last Updated

മസ്‌കത്ത്: ഒമാനില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ വിദേശികളായ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ വിലക്ക് നീങ്ങി. മാനവവിഭവമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നസീര്‍ അല്‍ ബക്‌രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുകയും സ്വദേശികളുടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വരെ മന്ദഗതിയിലാകുകയും ചെയ്തതോടെയാണ് മന്ത്രാലയം വിലക്ക് നീക്കിയതെന്ന് കരുതുന്നു. വിസാ വിലക്ക് നീക്കിയെങ്കിലും രാജ്യത്തെ മുഴുവന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യ ലഭിച്ചേക്കില്ല. നിരവധി നിബന്ധനകള്‍ മുന്നോട്ടു വെച്ചാണ് അധികൃതര്‍ വിസാ വിലക്ക് നീക്കിയതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാത്ത സ്വദേശി പൗരന്മാര്‍ നടത്തുന്ന കമ്പനികള്‍ക്ക് മാത്രമാണ് വിദേശി തൊഴിലാളികളെ നിയമിക്കാനുള്ള അനുമതിയുള്ളതെന്ന് മാനവവിഭവ മന്ത്രാലയം മാധ്യമ വിഭാഗം മേധാവി ത്വാലിബ് അല്‍ ദബ്ബാരി വ്യക്തമാക്കി. കൂടാതെ ഈ സ്ഥാപനങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് സ്‌മോള്‍ ആന്‍ഡ് മീഡിയം സൈസ്ഡ് എന്റര്‍പ്രൈസസി(പി എ ഡി എസ് എം ഇ)ലും പബ്ലിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സിലും (പി എ എസ് ഇ) റജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ചെറുകിട നിര്‍മാണ കമ്പനികളില്‍ അഞ്ച് വിസകള്‍ അനുവദിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിയിലെ പ്രധാന തസ്തികകളിലെല്ലാം സ്വാദേശിവത്കരണം ഏര്‍പ്പെടുത്തണമെന്ന നിബന്ധനയും മന്ത്രാലയം വെച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ വിസാ വിലക്കിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നിര്‍മാണ കമ്പനികളും മറ്റും സ്തംഭിച്ചിരുന്നു. ഇതിന് പുറമെ വിദേശ നിക്ഷേപകരുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതികളും മന്ദഗതിയിലായിരുന്നു. വിദേശി തൊഴിലാളികളുടെ സേവനങ്ങള്‍ അത്യാവിശ്യമായ പല തസ്തികകളിലേക്കും പുതിയ തൊഴിലാളികളെ നിയമിക്കാനാകാതെ കമ്പനികള്‍ വലഞ്ഞിരുന്നു. കമ്പനി മേധാവികളുടെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് മന്ത്രാലയം വിസാ വിലക്ക് നീക്കിയതെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ആവശ്യം സെക്ട്രല്‍ ആന്‍ഡ് കോണ്‍ട്രാക്റ്റര്‍ അസോസിയേഷന്‍ കമ്മിറ്റി മന്ത്രാലയത്തെ അറിയിച്ചിരുന്നു.
രാജ്യത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അധികൃതര്‍ വിദേശികളുടെ വിസ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വ്യാപകമായി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അവയുടെ നടത്തിപ്പ് ചുമതല വിദേശികളെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സ്ഥാപനങ്ങള്‍ക്കും സ്ഥാപന ഉടമകള്‍ക്കുമെതിരെ പരാതി ഉയര്‍ന്നത്.
എന്നാല്‍, പുതിയ തീരുമാനം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങളിലേക്ക് പുതുതായി തൊഴിലാളികളെ നിയമക്കാന്‍ സാധിക്കുന്നതോടെ രാജ്യത്തെ നിര്‍മാണ പ്രവൃത്തികളും മറ്റും വേഗത്തിലാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തെ നിര്‍മാണ, ക്ലീനിംഗ് മേഖലയില്‍ വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിസാ വിലക്കിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. അടുത്ത മാസം ഒന്നിന് അവസാനിക്കേണ്ടിയിരുന്ന ആറ് മാസത്തെ കാലാവധി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്ന് മന്ത്രാലയം വക്താക്കള്‍ അറിയിച്ചു.