Connect with us

Business

മാന്ദ്യം വിട്ടുമാറാതെ ഇന്ത്യന്‍ ഓഹരി വിപണി

Published

|

Last Updated

ഇന്ത്യന്‍ ഓഹരി വിപണിയെ പിടികൂടിയ മാന്ദ്യം തുടര്‍ച്ചയായ നാലാം വാരത്തിലും വിട്ടുമാറിയില്ല. ഡീസല്‍ വില കുറച്ചതും ഡീസലിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞതുമെല്ലാം ഈ വാരം തുടക്കത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കാം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പു ഫലങ്ങളും ഈ അവസരത്തില്‍ സൂചികയില്‍ സ്വാധീനം ചെലുത്താം.
ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തോടെ സൂചിക തിരിച്ചു വരവിനു തയ്യാറെടുക്കുമെന്ന നിഗമനത്തിലാണ് വലിയൊരു വിഭാഗം നിക്ഷേപകര്‍. ഓഹരി വിപണിയിലെ മൂഹൂര്‍ത്ത വ്യാപാരം വ്യാഴാഴ്ച വൈകിട്ട് 6.15 മുതല്‍ 7.30 വരെയാണ്. അന്ന് പകല്‍ പതിവ് ഇടപാടുകള്‍ നടക്കില്ല. വെളളിയാഴ്ചയും വിപണി അവധിയാണ്. അതായത് ഈ വാരം ഇടപാടുകള്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാവും.
പിന്നിട്ട വാരത്തിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് റിയാലിറ്റി ഇന്‍ഡക്‌സിനാണ്. ഡി എല്‍ എഫ് ഓഹരി സമ്മര്‍ദത്തിലാണ്. ജൂലൈ- സെപ്തംബര്‍ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനു തിളക്കം മങ്ങിയത് റ്റി സി എസ് ഓഹരിക്ക് തിരിച്ചടിയായി. മുന്‍ നിര ഐ റ്റി ഓഹരികളായ ഇന്‍ഫോസീസ്, വിപ്രോ എന്നിവയുടെ നിരക്കും കുറഞ്ഞു.
സ്റ്റീല്‍ ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടു. ഹിന്‍ഡാല്‍ക്കോ ഓഹരി വില ഏഴ് ശതമാനം ഇടിഞ്ഞു. സെസ സ്‌റ്റൈര്‍ലെറ്റ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവക്കും തളര്‍ച്ച. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്റ് എം, ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയ മുന്‍ നിര ഓഹരി വിലകള്‍ താഴ്ന്നു. ആക്‌സിസ് ബേങ്ക് ഓഹരി വില ആറ് ശതമാനം കയറി. ഈ വാരം വിപ്രോ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, പി എന്‍ ബി എന്നിവ ത്രൈമാസ റിപ്പോര്‍ട്ട് ഈ വാരം പുറത്തുവരും.
ബോംബെ സെന്‍സെക്‌സ് അതിന്റെ 50 ദിവസത്തെ ശരാശരിക്ക് താഴെയാണ് വാരാന്ത്യം. വാരമധ്യത്തില്‍ 26,000 ലെ താങ്ങ് തകര്‍ന്ന് സൂചിക 25,911 ഇടിഞ്ഞു. 189 പോയിന്റ് പ്രതിവാര നഷ്ടത്തില്‍ 26,108 ലാണ്.
നിഫ്റ്റി സൂചിക 7,923 വരെ ഉയര്‍ന്ന അവസരത്തിലെ വില്‍പ്പന വിപണിയെ പിടിച്ച് ഉലച്ചു. വില്‍പ്പന സമ്മര്‍ദത്തില്‍ സൂചിക ഏകദേശം 200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി വാരാന്ത്യം 7,780 ലാണ്. ഈവാരം 7,695-7,611 ല്‍ താങ്ങും 7,893-8,007 ല്‍ പ്രതിരോധവുമുണ്ട്. ബി എസ് ഇ മിഡ് കാപ്, സ്‌മോള്‍ കാപ് ഇന്‍ഡക്‌സുകള്‍ പിന്നിട്ടവാരം രണ്ട് ശതമാനം താഴ്ന്നു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ യു എസ് ഡോളറിനു മുന്നില്‍ രൂപ 61. 46 ലാണ്. വിദേശ ഫണ്ടുകള്‍ 3,924 കോടി രൂപയുടെ വില്‍പ്പന കഴിഞ്ഞ വാരം നടത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 82. 75 ഡോളറിലാണ്.
മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2009 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരം കണ്ടു. സെപ്തംബറില്‍ ഇത് 2.38 ശതമാനമാണ്. 2013 സെപ്തംബറില്‍ നാണയപ്പെരുപ്പം 3. 78 ശതമാനമായിരുന്നു.
ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും പോയ വാരം ചാഞ്ചാടി. യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചികയും എസ് ആന്റ് പി സൂചികയും നാസ്ഡാക്കും മികവ് കാണിച്ചു

Latest