Connect with us

Sports

വിന്‍ഡീസിനെ കാത്തിരിക്കുന്നത് 'എട്ടിന്റെ പണി'

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചതിനു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ബി സി സി ഐ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. അഞ്ച് വര്‍ഷത്തേക്ക് വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് ബന്ധം റദ്ദാക്കുന്നതും പരിഗണനയില്‍. എന്നാല്‍ പരമ്പര റദ്ദാക്കാനിടയായതിന് വിന്‍ഡീസ് ബോര്‍ഡ് ബിസിസിഐയോടു മാപ്പപേക്ഷിച്ചു. പരമ്പരയില്‍ ഒരു ഏകദിനവും ഒരു ട്വന്റി-20യും മൂന്ന് ടെസ്റ്റ് മല്‍സരങ്ങളും ബാക്കി നില്‍ക്കെയാണ് വെസ്റ്റിന്‍ഡീസ് പിന്‍മാറിയത്. അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അടിയന്തര വര്‍ക്കിങ് കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഹൈദരാബാദിലാണ് യോഗം. വെസ്റ്റ് ഇന്‍ഡീസ് പരമ്പര റദ്ദാക്കി മടങ്ങിയ പശ്ചാത്തലത്തിലാണ് ബി സി സി ഐ യോഗം.
വിന്‍ഡീസ് താരങ്ങളെ ഐ പി എല്ലില്‍നിന്ന് വിലക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഒരു സീസണിലേക്കെങ്കിലും വിലക്കാനായിരിക്കും തീരുമാനിക്കുക. ഇതിന്റെ അന്തിമ തീരുമാനം ഐപിഎല്‍ ഭരണ സമിതിയെടുക്കും.
പരമ്പരയ്ക്ക് മുന്നോടിയായി ടെലിവിഷന്‍ സംപ്രേഷണവകാശവും പരസ്യവും വിറ്റ ബി സി സി ഐയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതുകൊണ്ടുതന്നെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങളില്‍നിന്നു വിന്‍ഡീസ് താരങ്ങളെ വിലക്കുന്ന കാര്യം ആലോചിക്കുകയാണു ബി സി സി ഐ. വെസ്റ്റ് ഇന്‍ഡീസ് കളിക്കാരുടെ ബഹിഷ്‌കരണം മൂലം പരമ്പര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. ഐ പി എല്ലില്‍ വലിയ തുക പ്രതിഫലം പറ്റുന്ന കളിക്കാരില്‍ ഏറെപ്പേരും വെസ്റ്റിന്‍ഡീസുകാരാണ്.