Connect with us

Sports

മുമ്പേ കുതിച്ച് മുംബൈ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര ഡര്‍ബിയില്‍ എഫ് സി പൂനെ സിറ്റിയെ മുംബൈ സിറ്റി എഫ്‌സി തകര്‍ത്തു വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രേ ഫ്രാന്‍സിസ്‌കോ മോറിറ്റ്‌സിന്റെ ഹാട്രിക്കിന്റെ ബലത്തിലാണ് മുംബൈ സിറ്റി എഫ് സി പുനെ സിറ്റിയെ ഗോള്‍മഴയില്‍ മുക്കിയത്. ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയോട് തോറ്റ മുംബൈ സ്വന്തം തട്ടകത്തില്‍ മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് പുനെയെ തകര്‍ത്തത്. ആദ്യ മത്സരം സമനിലയിലായ പുനെയുടെ ആദ്യ തോല്‍വിയാണിത്. ഐ എസ് എല്ലിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയമാണിത്.
ഇന്ത്യക്കാരന്റെ രണ്ടാമത്തെ ഗോള്‍ പിറന്ന ഈ മത്സരത്തില്‍ ബ്രസീലിയന്‍ കളിക്കാരന്‍ മോറിറ്റ്‌സ് ഹാട്രിക് നേട്ടത്തോടെ മത്സരം ഗംഭീരമാക്കി. ഗോള്‍ വീണ ആഘാതത്തില്‍ നിന്ന് ഉണരാന്‍ പോലും അനുവദിക്കാതെയാണ് പൂനെയെ മുംബൈ തകര്‍ത്തത്. മികച്ച രണ്ട് ടീമുകളുടെ ഏറ്റുമുട്ടല്‍ ആയത് കൊണ്ട് തന്നെ കളിയുടെ നിലവാരവും മികച്ചതായിരുന്നു. കളി തുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ആന്‍ഡ്രേ മോറിറ്റ്‌സിലൂടെ മൂംബൈ മുന്നിലെത്തി. ലാല്‍ റിന്തികയുടെ പക്കല്‍ നിന്നും പാസ് സ്വീകരിച്ച് എതിരാളികളെ വെട്ടിച്ച് മുന്നേറി മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഐ എസ് എല്‍ കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് മോറിറ്റ്‌സിന്റെ കാലില്‍ നിന്ന് വിരിഞ്ഞത്. ആദ്യ ഗോള്‍ വീണതോടുകൂടി ഉണര്‍ന്നെണീക്കുമെന്ന് പ്രതീക്ഷിച്ച പൂനെ എഫ് സി പക്ഷെ മുംബൈക്ക് വലിയൊരു വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. തിരിച്ചടിക്കാന്‍ പൂനെ ശ്രമിക്കുന്നതിനിടയില്‍ അവരെ ഞെട്ടിച്ചുകൊണ്ട് മോറിറ്റ്‌സ് വീണ്ടും ആഞ്ഞടിച്ചു. ബ്രസീലുകാരനായ മോറിറ്റ്‌സ് തന്റെ നാടിന്റെ പെരുമ കാത്തു. ഇരുപത്തിയേഴാം മിനിറ്റിലാണ് രണ്ടാം ഗോള്‍ വീണത്. രാല്‍തേ എടുത്ത കോര്‍ണര്‍ കിക്ക് ഫ്രെഡറിക്ക് മോറിറ്റ്‌സിന് മറിച്ചു കൊടുത്തത് ഒരു മികച്ച ഗോളായി പരിണമിച്ചു. രണ്ടാം ഗോളും വീണതോട് കൂടി പൂനെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മുപ്പത്തിയേഴാം മിനിറ്റില്‍ ഇന്ത്യക്കാരനായ സുഭാഷ് സിംഗിന്റെ മനോഹരമായ ഗോള്‍. സ്‌റ്റൊഹാന്‍സില്‍ നിന്ന് പാസ് സ്വീകരിച്ച് വലതുമൂലയിലൂടെ കുതിച്ച സൂഭാഷ് സിംഗ് ഒരു ക്ലാസ് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. വിദേശ താരങ്ങളുടെ കൂടെയുള്ള മത്സരപരിചയമായിരിക്കാം ഒരുപക്ഷെ സുഭാഷിനെ ഇവിടെ സഹായിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ മികച്ച നിലവാരത്തിലേക്കുയര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് കളിയിലുടനീളം കാണുന്നത്. മത്സരത്തിലുടനീളം സുഭാഷ് സിംഗ് നിറഞ്ഞ് കളിക്കുകയായിരുന്നു.
കളി മുന്നേറുംതോറും മോറിറ്റ്‌സ് കളിക്കളത്തിലെ പുലിക്കുട്ടിയായി മാറിക്കൊണ്ടിരുന്നു. നിരന്തരം തീപാറുന്ന മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ആന്‍ഡ്രേ മോറിറ്റ്‌സ് എഴുപത്തൊന്നാം മിനുറ്റില്‍ ടീമിന്റെ നാലാം ഗോളും ഐ എസ് എല്ലിലെ ആദ്യ ഹാട്രിക് നേട്ടവും സ്വന്തമാക്കി. എണ്‍പത്തഞ്ചാം മിനുറ്റില്‍ ജൊഹാന്‍ ലെറ്റ്‌സെല്‍റ്റര്‍ പൂനെയുടെ തോല്‍വി സമ്പൂര്‍ണമാക്കി മികച്ചൊരു ഗോള്‍ നേടി.

---- facebook comment plugin here -----

Latest