Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥലമെത്ര?; അധികൃതര്‍ക്കും അറിയില്ല

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തോളമായെങ്കിലും സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഏത്ര ഏക്കര്‍ സ്ഥലത്തെന്ന് അധികൃതര്‍ക്കും അറിയില്ല.
മഞ്ചേരി സ്വദേശി വല്ലാഞ്ചിറ എന്‍ മുഹമ്മദ് വിവരാവകാശ നിയമപ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് ആരാഞ്ഞപ്പോഴാണ് തൃപ്തികരമല്ലാത്ത വിവരം ലഭിച്ചത്. 2014 ജൂണ്‍ 17ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജനറല്‍ ആശുപത്രിയുടെ സ്ഥലവും കെട്ടിടവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ?, മെഡിക്കല്‍ കോളജിന്റെ പേരില്‍ എത്ര ഏക്കര്‍ സ്ഥലമുണ്ട്?, പുതുതായി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത സ്ഥലമെത്ര ?, വ്യക്തികളുടെ പേരും സ്ഥലത്തിന്റെ അളവും ഇതിനു നല്‍കിയ തുകയുടെ വിവരങ്ങളും എന്നീ കാര്യങ്ങളാണ് മുഹമ്മദ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ ദിലീപ് ഖാന്‍ നല്‍കിയ മറുപടി.
മഞ്ചേരി ജനറല്‍ ആശുപത്രിക്കു വേണ്ടി മൂന്നു വര്‍ഷത്തിനകം ചെരണിയില്‍ കെട്ടിടം പണിയുമെന്ന് 2014 മെയ് 18ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗവും ജൂണ്‍ 27ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയിലും പറഞ്ഞിരുന്നു. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഈ വകുപ്പില്‍ ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്.
ഈ സര്‍ക്കാരിന്റെ കാലാവധിയില്‍ ജനറല്‍ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കാന്‍ സ്‌പെഷ്യല്‍ ഫണ്ടിന് സാധ്യതയുണ്ടോ ?, മഞ്ചേരി ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ നിലനിര്‍ത്തുമോ ?, മഞ്ചേരിയില്‍ മാതൃശിശു കേന്ദ്രം, ജനറല്‍ ആശുപത്രി എന്നിവ ഉപേക്ഷിച്ച് മെഡിക്കല്‍ കോളജ് സ്ഥാപിച്ചതിനാല്‍ 1250 കിടക്ക സൗകര്യം 500ല്‍ ഒതുങ്ങി. ജില്ലയോട് കാണിക്കുന്ന ഈ വിവേചനം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ? എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി ലഭ്യമാക്കാന്‍ നിര്‍വാഹമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Latest