Connect with us

Malappuram

ഗ്രാമീണ സ്‌കൂളുകള്‍ക്കുള്ള കേന്ദ്ര ജലശുദ്ധീകരണ പദ്ധതി പാതിവഴിയില്‍

Published

|

Last Updated

കോട്ടക്കല്‍: ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ക്കായി കേന്ദ്ര സര്‍ക്കര്‍ ആവിഷ്‌കരിച്ച ജലശുദ്ധീകരണ പ്ലാന്റ് പദ്ധതി പാതിവഴിയില്‍. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ജല അതോറിറ്റിയുടെയും അനാസ്ഥയാണ് കാരണം. 

സംസ്ഥാനത്തെ 1282 സ്‌കൂളുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 2009ല്‍ തുടക്കം കുറിച്ച പദ്ധതിയില്‍ പ്ലാന്റ് സ്ഥാപിച്ചത് 500 സ്‌കൂളുകള്‍ മാത്രം. പ്ലാന്റ് നിര്‍മാണത്തിനായി കേന്ദ്രം 2.58 ലക്ഷം രൂപ ജല അതോറിറ്റിക്ക് നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.
ആദ്യഘട്ടത്തില്‍ ജല അതോറിറ്റിക്ക് നല്‍കിയ ലിസ്റ്റില്‍ ഇത്രയും സ്‌കൂളുകളെയാണ് ഇവര്‍ ഉള്‍പ്പെടുത്തിയത്. എണ്ണം കുറഞ്ഞതോടെ ബാക്കി സ്‌കൂളുകള്‍ കേന്ദ്ര പട്ടികയില്‍ നിന്നും പുറത്തായി. ഫണ്ട് ലഭ്യമായതോടെ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, ജല അതോറിറ്റി മാനേജിഗ് ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, എസ് എസ് എ പ്രോജക്ട് ഡയറക്ടര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പദ്ധതി നടപ്പിലാക്കാനായി ജല അതോറിറ്റി ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ നടത്തിപ്പിലോ, നിരീക്ഷണത്തിലോ പുരോഗതി ഉണ്ടാക്കാനായില്ല. പദ്ധതി സംബന്ധിച്ച കൃത്യമായ വിവരം സ്‌കൂളുകളിലെത്തിക്കാനും ചുമതലപ്പെടുത്തിയവര്‍ക്കായില്ല. ഇവരുടെ അനാസ്ഥ കരാര്‍ സ്ഥാപനങ്ങള്‍ക്ക് മുതലെടുപ്പായി മാറുകയും ചെയ്തു. കരാര്‍ എടുത്ത സ്ഥാപനമാവട്ടെ നിശ്ചിത എണ്ണം സ്ഥാപിച്ചതുമില്ല. ഇക്കാര്യം അന്വേഷിക്കാന്‍ ജല അതോറിറ്റിയും, പൊതുവിദ്യാഭ്യാസ വകുപ്പും ഉത്സാഹിച്ചതുമില്ല. അതെ സമയം രണ്ടാം ഘട്ടമെന്ന നിലയില്‍ 2011ല്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു.
ഇതില്‍ 880 സ്‌കൂളുകളുടെ ലിസ്റ്റാണ് എസ് എസ് എ കൊടുത്തത്. പദ്ധതി നടത്തിപ്പിന് ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണത്താല്‍ ഇത് നടപ്പിലാക്കാനായില്ല. ഇപ്പോള്‍ പദ്ധതി നടക്കുമോ എന്നകാര്യം അനിശ്ചിതത്ത്വത്തിലുമാണ്. ജല അതോറിറ്റിയുടെ ചുമതലയിലുളള പദ്ധതി ഇത്തരത്തിലാകാന്‍ കാരണം ഈ വകുപ്പിന്റെ അനാസ്ഥയാണ് ചൂണ്ടികാണിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ കുട്ടികളില്‍ ജലജന്യരോഗങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്രം ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ കാരണം പദ്ധതി പാതിവഴിയിലാണ്.