Connect with us

Wayanad

നികുതി ഉദ്യോഗസ്ഥരുടെ പരിശോധന: ബത്തേരിയില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ ടൈല്‍ കടയില്‍ മിന്നല്‍ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് ബത്തേരിയില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു. കട പരിശോധിക്കുന്ന വില്‍പ്പനനികുതി ഉദ്യോഗസ്ഥരെ വ്യാപാരികള്‍ രണ്ട് മണിക്കൂറോളം ഉപരോധിച്ചു. കട പരിശോധന ബത്തേരിയില്‍ സംഘര്‍ഷത്തിനിടയാക്കി. വില്‍പ്പന നികുതി ഇന്റലിജന്‍സ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ബത്തേരി മാനിക്കുനിയിലെ ടൈല്‍ സിറ്റി കടയിലാണ് പരിശോധന നടത്തിയത്. പരിശോധനകളുടെ വിവരമറിഞ്ഞ് വ്യാപാരി നേതാക്കളുടെ ആഹ്വാനപ്രകാരം ക ടകളടച്ച് വ്യാപാരികള്‍ പരിശോധന നടക്കുന്ന കടക്ക് മുമ്പിലെത്തി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. പൊലീസ് കാവലോടെയാണ് കട പരിശോധന നടന്നത്. ഉച്ചക്ക് 12.30ന് തുടങ്ങിയ പരിശോധന പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിയോടെ നിര്‍ത്തിവെച്ചു. കടപരിശോധനയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ബത്തേരിയില്‍ പ്രതിഷേധം പ്രകടനം നടത്തി. വ്യാപാരിനേതാക്കളായ സി അബ്ദുള്‍ ഖാദര്‍, ബോബന്‍, നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടച്ച കടകള്‍ വൈകിട്ട് നാലുമണിയോടെയാണ് തുറന്നത്. കടപരിശോധനയില്‍ പ്രതിഷേധിച്ച് നാല് ദിവസം മുമ്പ് വ്യാപാരികള്‍ ജില്ലാഹര്‍ത്താലും വില്‍പ്പന നികുതി ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
മാനന്തവാടി: കട പരിശോധനക്കെത്തിയെ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ തടയുകയും, വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. വള്ളിയൂര്‍കാവ് റോഡിലെ ഒരു കടയില്‍ ഇന്നലെ 12 മണിയോടെയാണ് വാണിജ്യ നികുതി ഓഫിസര്‍ പി.ശ്രീധരന്‍, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്‌കുമാര്‍, വാണിജ്യ നികുതി വകുപ്പ് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സി ജോസഫ്, വാണിജ്യ നികുതി വകുപ്പ് ഓഫിസര്‍ കെ.ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. വിവരമറിഞ്ഞ വ്യാപാരികള്‍ കടക്ക് മുമ്പില്‍ തടിച്ചു കൂടുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളിയും, ബഹളവുമായി. ഇതോടെ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ടൗണിലെ മുഴുവന്‍ കടകളും അടച്ചിട്ട് വ്യാപാരികള്‍ പ്രകടനം നടത്തി. പരിശോധന സംബന്ധിച്ച് നോട്ടീസ് ഉടമക്ക് നല്‍കാനായി എത്തിയ ഇന്റലിജന്‍സ് ഓഫിസറെ ഒരുസംഘം തടഞ്ഞു. സംഭവത്തിനിടയില്‍ വാഹനത്തിന് കേടുപാടുകള്‍ പറ്റുകയുമുണ്ടായി. കട പരിശോധന വരും ദിവസങ്ങളിലും തുടരും. സംഭവത്തില്‍ 200ഓളം പേര്‍ക്കെതിരെ മാനന്തവാടി പൊലിസ് കേസെടുത്തിട്ടുണ്ട്. ഔ ദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍,പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.