Connect with us

Kozhikode

ഭീകരക്രമണങ്ങളെല്ലാം ഇസ്‌ലാമിന്റെ പേരില്‍ ചിത്രീകരിക്കപ്പെടുന്നു: വീരേന്ദ്രകുമാര്‍

Published

|

Last Updated

കോഴിക്കോട്: ലോകത്ത് നടക്കുന്ന ഭീകരക്രമണങ്ങളെല്ലാം ഇസ്‌ലാമിന്റെ പേരില്‍ ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍. ജിഹാദിന്റെയും ഭീകരതയുടെയും പേരില്‍ ഇസ്‌ലാം ഏറെ തെറ്റിദ്ധരികപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീറിന്റെ “ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം കെ പി കേശവമേനോന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. ഭീകര പ്രവര്‍ത്തനം ആര് നടത്തിയാലും എതിര്‍ക്കേണ്ടതാണ്. കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ എല്ലാ ഭീകരതയെയും ഇസ്‌ലാമിന്റെ തോളില്‍ കെട്ടിവെക്കുന്ന പ്രവണത ആശാസ്യമല്ല. മതം ഭരണകൂടത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സദാചാരനിഷ്ഠമായ ജീവിതവും അവനവനെ തന്നെ തിരിച്ചറിയാനുള്ള ബോധവും നല്‍കുന്നതാണ് മതം.
കവി പാബ്ലോ നെരൂദ മുതല്‍ ഹിച്ച്‌കോക്കിന്റെ സിനിമ വരെ ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് മുനീറിന്റെത്. ഭീകരതയോട് സന്ധിയില്ലാതെ പോരാട്ടത്തിനുള്ള ആഹ്വാനമാണ് പുസ്തകം നല്‍കുന്നതെന്നും മന്ത്രി മുനീര്‍ പറഞ്ഞു. ഭീകരത, മതമൗലികവാദം എന്നെല്ലാം പറയുമ്പോള്‍ ഇസ്‌ലാമിനെ ബാധിക്കുന്ന വിധത്തില്‍ സര്‍വത്ര ആശയക്കുഴപ്പം ഉണ്ടാക്കുക പതിവാണെന്ന് അധ്യക്ഷത വഹിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.
ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം വീരേന്ദ്രകുമാറില്‍ നിന്ന് കെ വേണു ഏറ്റുവാങ്ങി. വി ഡി സതീശന്‍ എം എല്‍ എ പുസ്തകം പരിചയപ്പെടുത്തി. എന്‍ ജയരാജ് എം എല്‍ എ പ്രസംഗിച്ചു. ഒലിവ് മാനേജര്‍ അര്‍ഷാദ് ബത്തേരി സ്വാഗതവും മന്ത്രി ഡോ. എം കെ മുനീര്‍ മറുപടി പ്രസംഗവും നടത്തി.

---- facebook comment plugin here -----

Latest