Connect with us

Articles

മാരക കീടനാശിനികള്‍ മരണം വിതക്കുന്നു

Published

|

Last Updated

ഈ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു രാവിലെ പതിവുപോലെ വയനാട്ടിലെ തേയിലതോട്ടത്തില്‍ മടിച്ചാക്കും കത്രികയുമായി പാടി കയറിയ തൊഴിലാളികള്‍ കൂട്ടത്തോടെ തലകറങ്ങി വീണു. ആശുപത്രിയിലെത്തിച്ച അമ്പതോളം തൊഴിലാളികള്‍ക്ക് മാരകമായ കീടാനാശിനി ശ്വസിച്ചാണ് തലകറക്കമനുഭവപ്പെട്ടതെന്നാണ് കണ്ടെത്തിയത്. എന്നാല്‍ പാടികയറി അന്വേഷണത്തിന് ആരും വന്നില്ല, റിപ്പോര്‍ട്ട് ചോദിക്കാനും ആരുമുണ്ടായില്ല. ലോക്കല്‍പേജിലെ പത്രവാര്‍ത്തകളില്‍ ഒതുങ്ങിനിന്നു എല്ലാം. കഴിഞ്ഞ ജൂണില്‍ വണ്ടിപെരിയാറിലെ തോട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ രണ്ടു വയസ്സുകാരി മകള്‍ മരണപ്പെട്ടത് സ്ഥിരമായി കീടനാശിനി ശ്വസിച്ചാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിവരം തോട്ടം വിട്ട് പുറത്തേക്ക് പോലും എത്തിയില്ല. ജീവിച്ചു തീര്‍ക്കാനായി, മാരകമായ കീടനാശിനി തളിച്ച തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വിധിക്കപ്പെടുന്ന തോട്ടംതൊഴിലാളികളുടെ ജീവിതത്തിന് സുരക്ഷയുടെ മുന്‍കരുതല്‍ നല്‍കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
ഇലയില്‍ പുഴുക്കുത്തുകള്‍ വരാതിരിക്കാനുള്ള കീടനാശിനിയും തോട്ടങ്ങളിലെ കള നശിപ്പിക്കാനുള്ള കളനാശിനിയും തൊഴിലാളികളുടെ ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കുന്നതാണ്. മാരകമായ മരുന്നുപ്രയോഗം കേരളത്തിന്റെ തേയിലതോട്ടങ്ങളിലെ പതിവാണ്. ക്യാന്‍സറിന് ഉള്‍പ്പെടെ കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ വിഭാഗത്തില്‍പെട്ട ക്വാണ്ടനോഫാണ് തേയിലതോട്ടങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന കീടനാശിനി. പുഴുക്കുത്തേല്‍ക്കാത്ത “മികച്ചയിനം” തേയില ചെടികളുടെ വളര്‍ച്ച മാത്രം ലക്ഷ്യം വെക്കുന്ന മുതലാളികള്‍ തൊഴിലാളിയുടെ ജീവിതത്തെ കുറിച്ച് ആശങ്കപ്പെടുന്നേയില്ല. ശക്തിയേറിയ മോട്ടോര്‍ ഉപയോഗിച്ച് മരുന്നു തെളിക്കുമ്പോള്‍ സമീപപ്രദേശങ്ങളിലുള്ളവരുടെ ആരോഗ്യത്തിന് പോലും ഇത് ഭീഷണിയാകാറുണ്ടെന്നാണ് തോട്ടം മേഖലയിലുള്ളവര്‍ ചൂണ്ടികാണിക്കുന്നത്.
മരുന്നു തളിച്ചാല്‍ ഒരാഴ്ച കഴിഞ്ഞേ തോട്ടത്തില്‍ നിന്ന് തേയിലച്ചപ്പ് നുള്ളാവൂ എന്നാണ് പറയപ്പെടുന്നതെങ്കിലും അടുത്ത ദിവസം തൊട്ടേ മാനേജ്‌മെന്റ് തൊഴിലാളികളെ കൊടുത്ത് നുള്ളാന്‍. പ്രതീക്ഷകള്‍ അസ്തമിച്ച പാടികളില്‍ യാതൊരു വിധ സുരക്ഷിതത്വവുമില്ലാതെയാണ് തൊഴിലാളികള്‍ ജോലിയെടുക്കുന്നത്. എന്‍ഡോസള്‍ഫാന്റെ പുതിയ രൂപമായി തോട്ടങ്ങളിലെത്തിയ കീടനാശിനികള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ ഭീകരമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. മരുന്നുപ്രയോഗത്തിന്റെ ദുരന്തങ്ങള്‍ക്കൊപ്പം പല പാടികളേയും മദ്യമയക്കുമരുന്നു മാഫിയകളും വരിഞ്ഞു മുറുക്കിയിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ഉരുക്കുമുഷ്ടിക്കു മുന്നില്‍ ജോലിയെടുത്തു തളര്‍ന്നവര്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടുന്നുവെന്നാണ് കണ്ടെത്തല്‍. തൊഴിലാളിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പോലും തേയിലതോട്ടങ്ങളില്‍ ലഭിക്കാറില്ല. തൊഴിലാളികള്‍ക്ക് മറ്റു മേഖലകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലെന്നു മാത്രമല്ല, കൂലിപോലും കിട്ടാകനിയാവുന്ന അവസ്ഥ. ചൂട് കൂടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിശ്രമ സമയം എല്ലാ മേഖലകളിലും നടപ്പാക്കിയപ്പോഴും തോട്ടം തൊഴിലാളികള്‍ക്ക് ഇത് ബാധകമാക്കിയിരുന്നില്ല.
നേരത്തെ തോട്ടം തൊഴിലാളികള്‍ക്ക് പേരിന് ചികിത്സയെങ്കിലും നല്‍കാന്‍ മാനേജ്‌മെന്റ് വക സംവിധാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ ആശുപത്രികളെല്ലാം അടച്ചു പൂട്ടി. ഇങ്ങനെ അടച്ചു പൂട്ടിയ ആശുപത്രികളിലെ ജീവനക്കാരും പ്രതിസന്ധിയുടെ നടുക്കടലിലാണിന്ന്. പി എഫ് അടക്കമുള്ള ആനൂകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കുടുങ്ങികിടക്കുന്ന ലയങ്ങളും കേരളത്തിലുണ്ട്. നേരത്തെ നിലവിലുണ്ടായിരുന്ന സ്‌കൂളുകള്‍ അടച്ചു പൂട്ടിയതോടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതാണ് പാടികളിലെ അമ്മമാരുടെ മറ്റൊരു വേദന. കുറഞ്ഞ കൂലിയില്‍ പാടിയില്‍ ജോലിയെടുത്തു തളരുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിന് ബന്ധപ്പെട്ടവരാരും ചെവികൊടുത്തിട്ടില്ല. കനത്ത മഴയില്‍ പോലും വിശ്രമമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ജോലി ആരംഭിക്കേണ്ടതെങ്കിലും അതിനു മുമ്പുതന്നെ തേയിലകൊളുന്ത് നുള്ളാന്‍ തൊഴിലാളികളെ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നത് പതിവാണ്. നേരത്തെ തോട്ടം മേഖലയില്‍ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതായതോടെ ഒരു ആയുസ്സിന്റെ അധ്വാനമത്രയും വിയാര്‍പ്പായി ഒഴുക്കി കുന്നിറങ്ങിയ തൊഴിലാളികള്‍ ആയിരങ്ങളാണ്. ഉറങ്ങാന്‍ കുന്നിന്‍ചെരുവില്‍ കൂരയോ കുടില്‍കെട്ടാന്‍ ഭൂമിയോ ഇല്ലാത്തവര്‍ ഇപ്പോഴും പാടിചെരുവില്‍ സ്വയം പഴിച്ച് കഴിയുകയാണ്. ചികിത്സയും താമസവും ആശ്രിത നിയമനവും മക്കളുടെ വിദ്യാഭ്യാസവും നിഷേധിക്കുന്ന മാനേജ്‌മെന്റുകള്‍ അവസാനം തൊഴിലാളിയുടെ വിയര്‍പ്പിന്റെ ഓഹരികൂടി പറ്റിതുടങ്ങിയിരിക്കുന്നു. നേരത്തെ ഒരു മാസത്തേക്ക് 500 ഗ്രാം തേയില തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഉത്പാദന ചെലവിന്റെ ശതമാന കണക്ക് കൂട്ടി 44 രൂപ 63 പൈസ കൂലിയില്‍ നിന്നും വെട്ടിപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളാണ് അടിയന്തിരമായി നടപ്പിലാകേണ്ടത്. ഒപ്പം തോട്ടംമേഖലയിലേക്ക് സര്‍ക്കാറിന്റെ സഹായവുമെത്തണം. എന്നാലേ പാടികളിലെ ഈ ദുരിതജീവിതങ്ങള്‍ക്ക് ഒരു അറുതിയുണ്ടാവൂ…..

Latest