Connect with us

Editorial

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍

Published

|

Last Updated

ശ്രീലങ്കന്‍ സേനയും എല്‍ ടി ടി ഇയും മൂന്ന് പതിറ്റാണ്ട് കാലം ഏറ്റുമുട്ടിയ യുദ്ധമേഖല(വടക്ക് കിഴക്കന്‍ പ്രവിശ്യ) സന്ദര്‍ശിക്കുന്നതിന് പത്രപ്രവര്‍ത്തകരടക്കമുള്ള മുഴുവന്‍ വിദേശികള്‍ക്കും സൈന്യം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദേശീയ സുരക്ഷ പരിപാലിക്കുകയെന്ന ചുമതല നിറവേറ്റാനും ദേശീയ പ്രക്രിയ ത്വരിതപ്പെടുത്താന്‍വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് നിയന്ത്രണങ്ങളെന്ന് കരസേനാ വക്താവ് ബ്രിഗേഡിയര്‍ റുവാന്‍ വണിഗസൂര്യ പറയുന്നു. വടക്കന്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എപ്പോഴാണ് യാത്ര, യാത്രോദ്ദേശ്യം എന്നിവ വ്യക്തമാക്കി പ്രത്യേക അനുമതി വാങ്ങണം. തമിഴ് ഭൂരിപക്ഷ മേഖലയായ വടക്കന്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തുന്ന വേളയിലാണ് പുതിയ നിയന്ത്രണങ്ങള്‍ എന്നത് നാട്ടുകാരിലും പരദേശികളിലും ഒരു പോലെ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ശ്രീലങ്കക്കകത്ത് തമിഴ് വംശജര്‍ക്ക് പ്രത്യേക രാജ്യമെന്ന ആവശ്യമുയര്‍ത്തി മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തില്‍ തമിഴ് ഈഴം വിമോചന പുലികളെ(എല്‍ ടി ടി ഇ) ശ്രീലങ്കന്‍ സേന അടിയറ പറയിച്ചിട്ട് അഞ്ചുവര്‍ഷമായി. രക്ത രൂക്ഷിതമായ പോരാട്ടത്തില്‍ ലക്ഷക്കണക്കിനാളുകള്‍ (മഹാഭൂരിഭാഗവും തമിഴ് വംശജര്‍) കൊലചെയ്യപ്പെട്ടു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശ്രീലങ്കയിലെ തമിഴ് വംശജരെ ഉന്‍മൂലനം ചെയ്യുകയായിരുന്നു ശ്രീലങ്കന്‍ സേന. എല്‍ ടി ടി ഇയുടെ സര്‍വാധിപതി വേലുപ്പിള്ള പ്രഭാകരനേയും കുടുംബത്തേയും കൈകാര്യം ചെയ്തത് അത്രയും പൈശാചികമായിട്ടായിരുന്നു. ശ്രീലങ്കന്‍ സേനയുടെ പൈശാചിക കൃത്യങ്ങള്‍ക്ക് പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഭരണകൂടം താളം പിടിക്കുകയായിരുന്നു. യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ എല്‍ ടി ടി ഇ തീര്‍ത്തും നിസ്സഹായരായപ്പോള്‍ പോലും ലങ്കന്‍ സേനയുടെ നിഷ്ഠൂരതകള്‍ക്ക് സൈനിക നേതൃത്വവും ഭരണകൂടവും കൂട്ടുനില്‍ക്കുകയായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറ പിടിക്കുകയായിരുന്നു. ഇതിനെതിരെ ലോകമനസ്സാക്ഷി ഉണര്‍ന്നിട്ടും രാജപക്‌സെ സര്‍ക്കാര്‍ ചെവികൊടുത്തില്ല. ഒടുവില്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തന്നെ രംഗത്ത് വന്നു. അവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയില്‍ വിദേശികള്‍ക്ക് യാത്രാവിലക്കും വടക്കന്‍ മേഖലയില്‍ സൈനിക കേന്ദ്രീകരണവും നടക്കുന്നത്. യു എന്‍ കൗണ്‍സില്‍ അതിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ തമിഴ് പ്രജകള്‍ക്കെതിരെ നടന്ന “വംശഹത്യ”യടക്കമുള്ള സേനാ വിളയാട്ടങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എല്‍ ടി ടി ഇക്കെതിരെ സമ്പൂര്‍ണ വിജയം കൈവരിച്ചശേഷം ലോകസമക്ഷം പ്രഖ്യാപിച്ച പുനരധിവാസ, പുനര്‍നിര്‍മാണ പദ്ധതികള്‍ പോലും ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയില്ല.
യു എന്‍ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരും മുമ്പ് തന്റേതായ അജണ്ടകള്‍ നടപ്പാക്കാനാണ് രാജപക്‌സെ ക്ക് താത്പര്യം. തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രസിഡണ്ടാകുകയെന്നത് ഇതില്‍ പ്രധാനമാണ്. 2015 ജനുവരിയിലാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടതെങ്കിലും അത് നേരത്തെയാക്കാനാണ് പരിപാടി. അതിന് ഭൂരിപക്ഷ സിംഹളരില്‍ തീവ്രവാദി വിഭാഗത്തിന്റെ വോട്ട് മാത്രം പോര. തമിഴ് വംശജരുടെ വോട്ടും വേണം. അതിന് തമിഴ് വംശജര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ രാജപക്‌സെ നയിക്കുന്ന ഭരണകക്ഷിയായ യു പി എഫ് എയില്‍ ഘടകകക്ഷിയാണ്. തമിഴ് വംശജരെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ,് കാല്‍ നൂറ്റാണ്ട് കാലമായി മുടങ്ങിക്കിടക്കുകയായിരുന്ന യല്‍ ദേവി എക്‌സ്പ്രസ് ട്രെയിന്‍ കഴിഞ്ഞ വാരം ജാഫ്‌നയിലേക്ക് ഓടിത്തുടങ്ങിയത്. വടക്കന്‍ പ്രവിശ്യാ കൗണ്‍സിലിലേക്ക് 2013ല്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടത്തിയത് തന്റെ സര്‍ക്കാറാണെന്ന് രാജപക്‌സെ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രചാരവേലകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടി വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ മുഖ്യമന്ത്രി വിഗ്നേശ്വരന്‍, രാജപക്‌സയുടെ ജാഫ്‌ന സന്ദര്‍ശന പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇത് പ്രസിഡന്റിനെ ശരിക്കും ഞെട്ടിച്ചു. വടക്കന്‍ പ്രവശ്യയുടെ വികസനത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും പ്രവിശ്യാ ഭരണകൂടം കേന്ദ്രസര്‍ക്കാറുമായി സഹകരിക്കുന്നില്ലെന്ന് മുതലക്കണ്ണീര്‍ പൊഴിക്കുകയായിരുന്നു രാജപക്‌സെ.
എല്‍ ടി ടി ഇയെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടും തമിഴ് ജനതക്ക് വാഗ്ദാനം ചെയ്യപ്പെട്ട പുനരധിവാസ പദ്ധതികള്‍ എവിടെയെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. തലചായ്ക്കാന്‍ കൂരപോലുമില്ല. കുടിവെള്ളം ലഭ്യമല്ല. വെളിച്ചമില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌ക്കൂളുകളില്ല. അന്യാധീനപ്പെട്ട സ്വത്ത് വകകള്‍ തിരിച്ചുകിട്ടിയില്ല. തമിഴ് വംശജരുടെ പരാതികള്‍ ഇങ്ങനെ നീളുമ്പോള്‍ പ്രസിഡന്റ് രാജപക്‌സെക്ക് അധികാരം കൈപ്പിടിയിലൊതുക്കാനുള്ള കരുനീക്കത്തില്‍ മാത്രമാണ് ശ്രദ്ധ. വടക്കന്‍ മേഖലയില്‍ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കാതെ യാത്രാ വിലക്കുകൊണ്ട് എത്രനാള്‍ സത്യം മറച്ചുപിടിക്കാന്‍ കഴിയും?

Latest